ആരുടെയും സൗജന്യത്തിലല്ല ഫൈനലിലെത്തിയത്, കളിച്ച് ജയിച്ചത്: മെസ്സി

ഇംഗ്ലണ്ടിനെതിരായ ഈ ചരിത്രവിജയം ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് സമർപ്പിക്കുന്നതായും മെസ്സി പറഞ്ഞു

Update: 2026-07-16 04:27 GMT

അത്‌ലാന്റ: ലോകകപ്പ് ഫുട്ബോൾ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ അർജന്റീനയ്ക്കെതിരെ ഉയർന്ന റഫറിയിങ് വിവാദങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി നായകൻ ലയണൽ മെസ്സി. ആരും ഒന്നും സൗജന്യമായി തന്നിട്ടല്ല അർജന്റീന ഫൈനലിൽ എത്തിയതെന്നും കളിക്കളത്തിൽ മികച്ച പ്രകടനം നടത്തി തന്നെയാണ് ഈ നേട്ടമെന്നും മെസ്സി തുറന്നടിച്ചു. അർജന്റീനയ്ക്ക് ഫിഫയുടെയും റഫറിമാരുടെയും പ്രത്യേക ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന വിമർശകരുടെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് നായകന്റെ പ്രതികരണം.

Advertising
Advertising

വിമർശനങ്ങൾക്കും സംശയങ്ങൾക്കും നടുവിലാണ് ടീം ഇത്തവണ കളത്തിലിറങ്ങിയതെന്ന് മെസ്സി പറഞ്ഞു. 'ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് പ്രശ്നമില്ല. ആളുകൾക്ക് സൗകര്യമുള്ളതെല്ലാം പറഞ്ഞോട്ടെ. ആരും ഞങ്ങൾക്ക് ഒന്നും സൗജന്യമായി തന്നിട്ടില്ലെന്ന് കളിക്കളത്തിൽ ഞങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. കടുത്ത വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. എന്നാൽ ഈ സംഘത്തിന്റെ കഴിവിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. അവസാന നാലിൽ ഞങ്ങൾ ഇടംപിടിക്കുമെന്ന് ഉറപ്പായിരുന്നു, ഇപ്പോൾ ടോപ് ടുവിൽ എത്തിയതിൽ വലിയ സന്തോഷമുണ്ട്,' അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സിനോട് സംസാരിക്കവെ മെസ്സി വ്യക്തമാക്കി.

കരിയറിൽ ആദ്യമായാണ് മെസ്സി ലോകകപ്പ് വേദിയിൽ ഇംഗ്ലണ്ടിനെ നേരിടുന്നത്. അത്‌ലാന്റയിൽ നടന്ന ആവേശകരമായ സെമി ഫൈനലിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ആറു മിനിറ്റിനിടെ രണ്ട് അസിസ്റ്റുകളിലൂടെ മെസ്സി അർജന്റീനയുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയത്. 'ഇംഗ്ലണ്ടിനോട് ഞങ്ങൾ തോറ്റിരുന്നെങ്കിൽ ആളുകൾ ഞങ്ങളെക്കുറിച്ച് പല അസംബന്ധങ്ങളും പറഞ്ഞുപരത്തുമായിരുന്നു. എന്നാൽ അതിന് ഞങ്ങൾ അവർക്ക് അവസരം നൽകിയില്ല. ചരിത്രപരമായ പ്രാധാന്യമുള്ള ഈ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞത് എല്ലാ അർഥത്തിലും പ്രത്യേകതയുള്ള കാര്യമാണ്. ഫുട്ബോൾ മികവ് വെച്ചുനോക്കിയാൽ ഞങ്ങൾ അവരേക്കാൾ മികച്ചവരായിരുന്നുവെന്ന് ഉറപ്പുണ്ടായിരുന്നു,' മെസ്സി കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ ഈ ചരിത്രവിജയം ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് സമർപ്പിക്കുന്നതായും മെസ്സി പറഞ്ഞു. കൃത്യം 40 വർഷങ്ങൾക്ക് മുൻപാണ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കരസ്പർശമുള്ള’ ഗോളും ‘നൂറ്റാണ്ടിന്റെ ഗോളും’ നേടി മറഡോണ അർജന്റീനയ്ക്ക് 2-1ന്റെ ഐതിഹാസിക വിജയം സമ്മാനിച്ചത്. 'ഒരു സംശയവുമില്ല, സ്വർഗത്തിലിരുന്ന് അദ്ദേഹം ഈ വിജയം പൂർണമായും ആസ്വദിക്കുന്നുണ്ടാകും. ഇന്ന് അദ്ദേഹത്തിനും ഏറെ പ്രത്യേകതയുള്ള ദിവസമാണ്. ഈ സന്തോഷം അദ്ദേഹത്തിന് നൽകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു,' മെസ്സി പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Sports Desk

contributor

Similar News