കത്തിക്കയറി അഭിഷേക്; ഡൽഹിയെ 47 റൺസിന്‌ തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്

Update: 2026-04-21 18:11 GMT
Editor : Harikrishnan S | By : Sports Desk

ഹൈദരാബാദ്: സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനാണ് തകർത്തത്. അഭിഷേക് ശർമയുടെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 243 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹി ക്യാപിറ്റൽസിന്‌ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് മാത്രമേ സ്കോർ ചെയ്യാൻ സാധിച്ചുള്ളൂ. 67 പന്തിൽ 135 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്, അതെ സമയം നാല് വിക്കറ്റുകളുമായി ഇഷാൻ മലിംഗയും നിറഞ്ഞാടി.

കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റലിസിന് പവർ പ്ലെയിൽ തന്നെ ഓപണർ പാത്തും നിസ്സങ്കയെ (6 പന്തിൽ 8) നഷ്ടമായി. ശ്രീലങ്കൻ പേസർ മധുസങ്കയാണ്‌ നിസ്സങ്കയേ പുറത്താക്കിയത്. പുറകെ വന്ന നിതീഷ് റാണയും (30 പന്തിൽ 57) കെ എൽ രാഹുലും (23 പന്തിൽ 37) ചേർന്ന് 85 റൺസിന്റെ കൂട്ടുകെട്ട് പടുതിയർത്തി ഡൽഹിയുടെ സ്കോർ 100 റൺസ് കടത്തി. എന്നാൽ പത്താം ഓവറിൽ കെഎൽ രാഹുലിനെ അഭിഷേക് ശർമയുടെ കയ്യിലെത്തിച്ച് ഷാകിബ് ഹുസെയ്ൻ സൺറൈസേഴ്സിന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ 11ാം ഓവറിൽ ഇഷാൻ മലിംഗ ഇരട്ട വിക്കറ്റുകളുമായി വീണ്ടും ഡൽഹി ബാറ്റിങ് നിരയെ തകർത്തു. പുറകെ വന്ന ട്രിസ്റ്റൻ സ്റ്റബ്ബ്‌സും (16 പന്തിൽ 27) സമീർ റിസ്‌വിയും ചേർന്ന് പൊരുതാൻ ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തനായില്ല. ഇഷാൻ മലിംഗ നാല് വിക്കറ്റുമായി മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്ത്. 20 ഓവർ പൂർത്തിയാകുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസിൽ ഡൽഹിയുടെ പോരാട്ടം അവസാനിച്ചു.

നേരത്തെ, ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സൺറൈസേഴ്‌സ് അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിനെ ബലത്തിൽ കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 68 പന്തിൽ 10 ഫോറും 10 സിക്‌സറും പറത്തി 135 റൺസാണ് അഭിഷേക് അടിച്ച് കൂട്ടിയത്. 26 പന്തിൽ 37 റൺസ് നേടിയ ട്രാവിസ് ഹെഡും, 13 പന്തിൽ 25 റൺസ് നേടിയ നായകൻ ഇഷാൻ കിഷൻ, 13 പന്തിൽ 37 റൺസ് സ്കോർ ചെയ്ത ക്ലാസനും ഒരുപോലെ സൺറൈസേഴ്സിനെ കൂറ്റൻ സ്കോറിലെത്തിക്കാൻ സഹായിച്ചു. 20 ഓവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 242 റൺസാണ് എസ്ആർഎച്ച് ഉയർത്തിയത്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News