ചെന്നൈക്ക് വീണ്ടും തിരിച്ചടി; ആയുഷ് മാത്രേക്ക് പരിക്ക് മൂലം സീസൺ നഷ്ടമാകും
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റർ ആയുഷ് മാത്രേയുടെ പരിക്ക് ഗുരുതരം. ഇടത് കാലിലെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ താരത്തിന് ഐപിഎൽ 2026 സീസൺ നഷ്ടമാകുമെന്ന് സിഎസ്കെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ശനിയാഴ്ച സൺറൈസേഴ്‌സ് ഹൈദെരാബാദുമായി നടന്ന മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. മികച്ച ഫോമിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കെയാണ് മാത്രേക്ക് ഇടതു തുടയിലെ പേശിക്ക് പരിക്കേറ്റത്. മത്സരത്തിനിടെ ടീം ഡോക്ടർ ഫീൽഡിൽ വന്ന് പരിശോധിച്ചെങ്കിലും ആയുഷ് മത്സരത്തിൽ തുടർന്നു എന്നാൽ അധികം വൈകാതെ ഔട്ടാവുകയും ചെയ്തു. പരിക്ക് വകവെക്കാതെ താരത്തെ കളത്തിൽ തുടരാൻ അനുവദിച്ചതിനെതിരെ മത്സരശേഷം സോഷ്യൽ മീടിയയിൽ നിരവധിപേരാണ് രംഗത്തുവന്നത്.
പരിക്ക് ഭേദമാകാൻ ആറ് മുതൽ 12 ആഴ്ച വരെ അനിവാര്യമായതിനാൽ താരത്തിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല എന്നാണ് സിഎസ്‌കെ ഔദ്യോഗികമായി അറിയിച്ചത്. മൂന്നാം നമ്പറിൽ ബാറ്റിങിനിറങ്ങിയിരുന്ന താരം പല മത്സരങ്ങളിലും സിഎസ്കെക്ക് മികച്ച തുടക്കം നൽകാൻ സഹായിച്ചിരുന്നു. നഥാൻ എല്ലിസിനും, ഖലീൽ അഹ്മദിനും പിന്നാലെ പരിക്ക് മൂലം ഐപിഎൽ 2026 സീസൺ നഷ്ടമാകുന്ന മൂന്നാമത്തെ ചെന്നൈ താരമാണ് ആയുഷ്. വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം.