തകർത്തടിച്ച് ഇമ്രാനും ആനന്ദ് കൃഷ്ണനും; ആലപ്പി റിപ്പിൾസിനെ തോൽപിച്ച് തൃശൂർ ടൈറ്റൻസ്
ആലപ്പി റിപ്പിൾസിനായി വിഘ്‌നേഷ് പുത്തൂർ രണ്ട് വിക്കറ്റ് വീഴ്ത്തി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ തോൽപിച്ച് ആദ്യ ജയം സ്വന്തമാക്കി തൃശൂർ ടൈറ്റൻസ്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആലപ്പി ടീം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടി ബാറ്റിങിൽ 16.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി തൃശൂർ ലക്ഷ്യം മറികടന്നു. ആനന്ദ് കൃഷ്ണന്റേയും(39 പന്തിൽ 63), അഹമ്മദ് ഇമ്രാന്റേയും(44 പന്തിൽ 61) അർധസെഞ്ച്വറി മികവിലാണ് തൃശൂർ വിജയം സ്വന്തമാക്കിയത്. ആലപ്പിക്കായി മുംബൈ ഇന്ത്യൻസ് താരം വിഘ്‌നേഷ് പുത്തൂർ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ അർധ സെഞ്ച്വറി(38 പന്തിൽ 56) മികവിലാണ് ആലപ്പി റിപ്പിൾസ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്. തൃശൂരിനായി സിബിൻ ഗിരീഷ് നാല് വിക്കറ്റ് വീഴ്ത്തി. 152 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ടൈറ്റൻസിന് ഓപ്പണിങിൽ ഇമ്രാനും ആനന്ദ് കൃഷ്ണനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങിൽ ഇരുവരും 121 റൺസ് കൂട്ടിചേർത്തു. അമ്രാനെ വീഴ്ത്തി വിഘ്‌നേഷ് പുത്തൂർ ആലപ്പിയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും അധികം പരിക്കേൽക്കാതെ തൃശൂർ ലക്ഷ്യം മറികടന്നു.