സൂര്യകുമാർ യാദവ് ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി റോപ്പ് സ്ഥാനം മാറിയിരുന്നു; പ്രതികരണവുമായി അമ്പാട്ടി റായുഡു
ന്യൂഡൽഹി: കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പ് ഫൈനലിലെ സൂര്യകുമാർ യാദവിന്റെ ബൗണ്ടറിലൈൻ ക്യാച്ച് വിവാദത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്ററും കമന്റേറ്ററുമായ അംബാട്ടി റായുഡു. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഫൈനൽ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് ഡേവിഡ് മില്ലറെ പുറത്താക്കിയ സൂര്യകുമാറിന്റെ ക്യാച്ചായിരുന്നു.
ലോകകപ്പ് ഫൈനലിൽ ഹാർദിക് പാണ്ഡ്യയുടെ അവസാന ഓവറിലെ ആദ്യ പന്തിൽ മില്ലർ അടിച്ച സിക്‌സ് സൂര്യകുമാർ പന്ത് ബൗണ്ടറി ലൈൻ തൊടും മുമ്പ് കൈപിടിയിലൊതുക്കി പിന്നീട് വായുവിലേക്കെറിഞ്ഞ് വീണ്ടും കൈപിടിയിലൊതുക്കുകയായിരുന്നു. ഇതിനു ശേഷം ബൗണ്ടറി റോപ്പ് സ്ഥാനം മാറിയിരുന്നത് വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. താരത്തിന്റെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടിയിരുന്നെന്നും, ബൗണ്ടറി റോപ്പ് യഥാസ്ഥാനത്തായിരുന്നെങ്കിൽ സിക്‌സായിരുന്നേനെ എന്നിങ്ങനെ വിവാദങ്ങൾ ഉയർന്നിരുന്നു.
''ഫൈനൽ വേദിയിൽ വേൾഡ് ഫീഡ് കമന്റേറ്റർമാർ ഉണ്ടായിരുന്നു. ബ്രോഡ്കാസ്റ്റർമാർക്ക് ഗ്രൗണ്ടിൽ എന്താണ് നടക്കുന്നത് എന്നറിയാനായി ബൗണ്ടറി റോപ്പിനു സമീപത്തായി കസേരയിൽ സ്‌ക്രീൻ വെയ്ക്കാറുണ്ട്. ഇതിനായാണ് ബൗണ്ടറി റോപ്പ് പിന്നിലേക്ക് വെച്ചത്. ഇത് പിന്നീട് പുനസ്ഥാപിച്ചതുമില്ല. ഇതിനാലാണ് ബൗണ്ടറിലൈൻ വലുതായത്. ഇത് ഞാനുൾപ്പടെയുള്ള കമന്റേറ്റർമാർക്ക് വ്യക്തമായി കാണാമായിരുന്നു. മില്ലറുടേത് സിക്‌സാണോ അല്ലയോ എന്നൊന്നും ഞാൻ പറയുന്നില്ല. അത് ദൈവത്തിന്റെ പദ്ധതിയായിരുന്നു'' റായുഡു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി.
ഫൈനലിലെ അവസാന ഓവറിൽ 16 റൺസായിരുന്നു ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത്. മില്ലറിന്റെ വിക്കറ്റ് വീണതോടെ കളി ഇന്ത്യയുടെ വരുതിയിലായി.