ഇപ്പോൾ വിരമിക്കുന്നില്ല, അതെപ്പോഴെന്ന് ശരീരം തീരുമാനിക്കും - മനസ്സുതുറന്ന് ധോണി
ചെന്നൈ: മെല്ലെപ്പോക്കിനെതിരെ വിമർശനം ഉയരുന്നതിനിടെ വിരമിക്കലിനെ കുറിച്ച് മനസ്സുതുറന്ന് മഹേന്ദ്ര സിങ് ധോണി. വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും തീരുമാനിക്കേണ്ടത് ശരീരമാണെന്നും ധോണി പ്രതികരിച്ചു.
‘‘ഇപ്പോൾ വിരമിക്കുന്നില്ല. ഞാനിപ്പോഴും ഐപിഎൽ കളിക്കുന്നു. വിരമിക്കൽ ഞാൻ വളരെ സിമ്പിളായാണ് കാണുന്നത്. ഇപ്പോൾ എനിക്ക് 43 വയസ്സായി. ഐപിഎൽ തീരുമ്പോൾ 44 ആകും. കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പത്തുമാസം പിന്നെയും സമയമുണ്ട്. പക്ഷേ ഇത് തീരുമാനിക്കുന്നത് ഞാനല്ല, എന്റെ ശരീരമാണ്. ഒരു വർഷം ഇനിയും ബാക്കിയുണ്ട്. അത് കഴിഞ്ഞ് നമുക്ക് കാണാം’’ -ധോണി പ്രതികരിച്ചു.
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരശേഷം ചെന്നൈ കോച്ച് സ്റ്റീഫൻ െഫ്ലമിങ്ങിനോടും ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ചോദിച്ചിരുന്നു. ‘‘അതിനെക്കുറിച്ച് എനിക്കറിയില്ല. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഞാനിപ്പോഴും ആസ്വദിക്കുന്നു. അദ്ദേഹം ഇപ്പോഴും കരുത്തനാണ്. വിരമിക്കലിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കാൻ പോലും ഞാൻ ഉദ്ദേശിക്കുന്നില്ല’’ -െഫ്ലമിങ് പ്രതികരിച്ചു.
ചെന്നൈയുടെ തുടർച്ചയായ മൂന്നാം തോൽവിക്ക് പിന്നാലെ ധോണിയുടെ പ്രകടനത്തെക്കുറിച്ച് നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. മത്സരത്തിൽ 26 പന്തുകൾ നേരിട്ട ധോണി 30 റൺസ് മാത്രമാണെടുത്തത്. കൂടാതെ ധോണിയുടെ ബാറ്റിങ് ഓർഡറിനെക്കുറിച്ചും വിമർശനം ഉയരുന്നുണ്ട്.