അരങ്ങേറ്റത്തിൽ തിളങ്ങി മാനവ് സുതർ ; അഫ്‌ഗാനെതിരെ ഇന്ത്യയുടെ ജയം ഒരു ഇന്നിങ്സിനും 300 റൺസിനും
ന്യൂഡൽഹി : അഫ്‌ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്‌കോർ ഉയർത്തിയ 565 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്‌ഗാന് രണ്ട് ഇന്നിങ്‌സിലുമായി 264 റൺസ് മാത്രമേ നേടാനായുള്ളൂ. രണ്ട് ഇന്നിങ്‌സിലുമായി 7 വിക്കറ്റ് നേടിയ മാനവ് സുതറാണ് കളിയിലെ താരം.
കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ എന്നിവരുടെ സെഞ്ച്വറി കരുത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 564 റൺസ് നേടിയത്. 165 പന്തിൽ 11 ബൗണ്ടറികളുടെ അകമ്പടിയോടെ രാഹുൽ സെഞ്ച്വറി കുറിച്ചപ്പോൾ 177 പന്തിൽ 15 ഫോറും ഒരു സിക്‌സും അടക്കം 126 റൺസാണ് നായകൻ ഗില്ലിന്റെ സമ്പാദ്യം. 81 റൺസ് വീതം നേടി സായ് സുദർശനും, റിഷബ് പന്തും തിളങ്ങി. വാഷിങ്ട്ടൺ സുന്ദറും ഇന്ത്യൻ നിരയിൽ അർധ സെഞ്ച്വറി കുറിച്ചു. അഫ്‌ഗാനായി പേസർ മുഹമ്മദ് സലിം ആറ് വിക്കറ്റ് നേടിയപ്പോൾ നായകൻ ഹഷ്മത്തുള്ള ശാഹിദി, സിയാഉർ റഹ്‌മാനും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ അഫ്‌ഗാൻ നിര ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് കണ്ടത്. പ്രസിദ് കൃഷ്‍ണയും മാനവ് സുതറും നിറഞ്ഞാടിയപ്പോൾ അഫ്‌ഗാൻ ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറി. റഹ്മത് ഷാ 60 (135) മാത്രമാണ് അഫ്‌ഗാൻ നിരയിൽ ചെറുത്ത് നിൽപ്പ് നടത്തിയത്. ഇന്ത്യക്കായി മാനവ് സുതർ ആറും പ്രസിദ് കൃഷ്ണ മൂന്ന് വിക്കറ്റും നേടി. വാഷിങ്ട്ടൺ സുന്ദർ ഒരു വിക്കറ്റും നേടി. ആദ്യ ഇന്നിങ്സിൽ 152 റൺസിന് പുറത്തായ അഫ്‌ഗാനെതിരെ ഇന്ത്യ ഫോളോ ഓൺ വിളിക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്സിൽ ഓപണർ സെദിക്കുള്ള അത്തൽ ഒഴികെ മറ്റാരും പൊരുതിപോലും നോക്കിയില്ല. 6 അഫ്‌ഗാൻ താരങ്ങളാണ് ഒറ്റയക്കത്തിൽ പുറത്തായത്. വാലറ്റം ചെറുത്ത് നിൽപ്പ് പോലും നടത്താതെ വന്നതോടെ 35.5 ഓവറിൽ അഫ്‌ഗാൻ പോരാട്ടം അവസാനിച്ചു. വാഷിങ്ട്ടൺ സുന്ദർ നാലും കുൽദീപ് യാദവ് മൂന്ന് വിക്കറ്റും നേടി. മുഹമ്മദ് സിറാജ്, മാനവ് സുതർ എന്നിവർ ഓരോ വിക്കറ്റും നേടി.