ഐപിഎൽ ദൗത്യം പൂർണം, ഇനി ലക്ഷ്യം സീനിയർ ടീം; ഇത് വൈഭവ് തകർത്താടിയ സീസൺ

കൂടുതൽ റൺസ് നേടിയവർക്കുള്ള ഓറഞ്ച് ക്യാപിന് പുറമെ നാല് പുരസ്‌കാരങ്ങളാണ് 15 കാരൻ വാരിക്കൂട്ടിയത്.

Update: 2026-06-01 11:16 GMT

    ചില ചിത്രങ്ങൾ കാണുമ്പോൾ അത്ഭുതം തോന്നും... അത് നമ്മുടെ കണ്ണു നിറയ്ക്കും. നെഞ്ചകം അഭിമാനത്തോടെ വീർപ്പുമുട്ടും. അത്തരമൊരു വൈകാരിക നിമിഷത്തിനാണ് ഇന്നലെ അഹമ്മദാബാദ് മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഐപിഎല്ലിന്റെ വലിയ വേദിയിൽ വൈഭവ് സൂര്യവൻഷിയെന്ന 15 കാരൻ പ്രസ്റ്റീജ്യസായ പുരസ്‌കാരങ്ങൾ ഓരോന്നായി ഏറ്റുവാങ്ങുമ്പോൾ, സ്റ്റേഡിയത്തിലെ ഒരുലക്ഷത്തിലേറെ ആരാധകരുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഓരോ തവണയും അവൻ സ്റ്റേജിലേക്ക് പ്രവേശിക്കുമ്പോൾ ആരവങ്ങൾ ഉച്ചത്തിലായി. ആർസിബിയുടെ കിരീടാഘോഷത്തിനിടെയിലും ഉറക്കെകേട്ടത് വൈഭവിന്റെ ചാന്റുകൾ. അവാർഡ് ചടങ്ങിൽ ആ പേര് അനൗൺസ് ചെയ്യുമ്പോൾ ഇനിയെന്തു പറഞ്ഞ് വിശേഷിപ്പിക്കുമെന്ന ധർമസങ്കടത്തിലായിരുന്നു കമന്റേറ്റർ ഹർഷ ബോഗ്ലെ. കാലങ്ങൾക്കിപ്പുറം ഈ രാവ് കോഹ്ലിയുടേയും ആർസിബിയുടേയും പേരിലാണ് അടയാളപ്പെടുത്തുകയെങ്കിലും വൈഭവ് എന്ന പേരും ആ റെക്കോർഡുകളും സുവർണലിപികളിൽ എഴുതിച്ചേർക്കുമെന്ന കാര്യം തീർച്ചയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പുതുയുഗം ഇവിടെത്തുടങ്ങുന്നു. 

Advertising
Advertising

  ഇന്നലെ ആർസിബിയുടെ നക്ഷത്ര രാവിൽ ചില അനർഘ നിമിഷങ്ങൾക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരുന്നു. അതിലൊന്ന് വൈഭവിനെ അഭിനന്ദിക്കുന്ന വിരാടിന്റെ ദൃശ്യങ്ങളായിരുന്നു.നീല ടീഷർട്ട് ധരിച്ച്, പുതിയ ഹെയർ സ്‌റ്റൈലിൽ ഫൈനൽ വേദിയിൽ പ്രത്യക്ഷപ്പെട്ട പയ്യനെ ചേർത്ത്നിർത്തി കോഹ്ലി ചില വാക്കുകൾ പങ്കുവെക്കുന്നത് ക്യാമറകണ്ണുകൾ ഒപ്പിയെടുത്തു. ഇന്ത്യൻ ക്രിക്കറ്റിലെ വിശാലമായ ആകാശത്തേക്ക് ചുവടുവെക്കാനൊരുങ്ങുന്ന ബീഹാറുകാരന് ജീവിതത്തിൽ പകർത്താവുന്ന വലിയ അനുഭവസാക്ഷ്യമായിരിക്കും ആ മനോഹര നിമിഷങ്ങൾ. പോയദിവസം സാക്ഷാൽ സച്ചിൻ ടെണ്ടുക്കറും വൈഭവിന്റെ ബാറ്റിങിനെ ആവോളം പ്രശംസിച്ച് രംഗത്തെത്തുന്നതും നമ്മൾ കണ്ടതാണ്.


  ഒരുപക്ഷെ, ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു സീസണിൽ ഇത്രയും മോഡിമേറ്റ് ചെയ്ത മറ്റൊരു താരമുണ്ടാവില്ല. 16 ഇന്നിങ്സിൽ നിന്നായി 48.50 ബാറ്റിങ് ശരാശരിയിൽ രാജസ്ഥാൻ റോയൽസിനായി വൈഭവ് അടിച്ചെടുത്തത് 776 റൺസാണ്. ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും ആ ബാറ്റിൽ നിന്ന് പിറന്നു. അതിൽ മൂന്നെണ്ണം 90കളിലാണ് അവസാനിച്ചത്. സ്ട്രൈക്ക് റേറ്റ് അമ്പരപ്പിക്കുന്ന 237.30. പ്ലേഓഫിലേക്കുള്ള യാത്രയിൽ ആർആറിനായി നിർണായക റോൾ വഹിച്ചതും ഈ ടീനേജറായിരുന്നു. ഓറഞ്ച് ക്യാപ്പ് റേസിൽ രണ്ടാമത് നിൽക്കുന്ന ശുഭ്മാൻ ഗില്ലിനേക്കാൾ 44 റൺസ് കൂടുതൽ. വ്യക്തിഗത നേട്ടങ്ങൾക്ക് പുറമെ, പതിറ്റാണ്ടിന്റെ റെക്കോർഡുകൾ രാജസ്ഥാൻ ഓപ്പണർ മായ്ച്ചുകളയുന്നതും 19ാം പതിപ്പിന്റെ പ്രത്യേകതയായി.


  സിംഗിൾ എഡിഷൻ ഐപിഎല്ലിൽ കൂടുതൽ സിക്സർ പറത്തുന്ന താരമായാണ് വൈഭവ് പേരെഴുതി ചേർത്തത്. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലിന്റെ 59 എന്ന മാജിക് നമ്പറാണ് തന്റെ രണ്ടാം ഐപിഎൽ സീസണിൽ തന്നെ താരം മറികടന്നത്. സീസൺ അവസാനിക്കുമ്പോൾ 72 സിക്സറുകളുമായി ബഹുദൂരം മുന്നിലാണ് വൈഭവ്.ഐപിഎല്ലിൽ അതിവേഗത്തിൽ 1000 റൺസ് നേടുന്ന ഇന്ത്യക്കാരന്റെ റെക്കോർഡിൽ ഋഷഭ് പന്തിനെ മറികടക്കാനും ഈ സീസണിൽ താരത്തിന് സാധിച്ചു. ഒരേ സീസണിൽ മോസ്റ്റ് വാല്യുബിൾ പ്ലെയർ, എമർജിങ് പ്ലെയർ അവാർഡ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന അപൂർവ്വനേട്ടവും സൂര്യവൻഷി തന്റെ പേരിലാക്കി. 


  'ഈ പുരസ്‌കാരങ്ങൾ ഏറെ സന്തോഷം നൽകുന്നതാണ്. അഭിമാനനിമിഷം. അടുത്ത സീസണിലും പ്രകടനം ആവർത്തിക്കാൻ ശ്രമിക്കും'. അവാർഡുകൾ ഏറ്റുവാങ്ങിയ ശേഷം രവിശാസ്ത്രിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വൈഭവ്. എന്റെ സ്വാഭാവിക ബാറ്റിങ് ശൈലി മാറ്റില്ലെന്ന് പറയുമ്പോഴും, സാഹചര്യത്തിനനുസരിച്ച് കളിക്കാൻ ഈ സീസണിൽ താൻ പഠിച്ചെന്നും ഓപ്പണിങ് ബാറ്റർ വ്യക്തമാക്കി. ഇതോടൊപ്പം ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുമെന്നും, ദീർഘകാല കിരിയറിൽ അതിന്റെ പ്രധാന്യം എത്രത്തോളമാണെന്ന ബോധ്യമുണ്ടെന്നും രവിശാസ്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി വൈഭവ് പറഞ്ഞുവെച്ചു. 

അതി ഗംഭീരമായൊരു ഐപിഎൽ കാമ്പയിന് ശേഷം സീനിയർ ടീമിലേക്കുള്ള വൈഭവിന്റെ എൻട്രിയാണ് ഇനി ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇതിനി ഒട്ടും വൈകിക്കൂടായെന്ന് രാജസ്ഥാൻ പരിശീലകൻ കുമാർ സംഗക്കാരയും മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കറുമടക്കമുള്ളവരെല്ലാം അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഈ മാസം അവസാനം നടക്കുന്ന അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടി20 സീരിസിൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ വൈഭവിന്റെ ഇൻഡ്രൊഡക്ഷന് അധികം കാത്തിരിക്കേണ്ടിവരില്ല. എന്നാൽ പടിപടിയായി താരത്തെ സീനിയർ ടീമിന്റെ ഭാഗമാക്കുകയെന്ന പദ്ധതിയാണ് സെലക്ഷൻ കമ്മിറ്റിക്കും ബിസിസിഐയുടേയും മനസ്സിലെങ്കിൽ കാത്തിരിപ്പ് വീണ്ടും നീളും. എയർലൻഡ്, ഇംഗ്ലണ്ട് സീരിസിനുള്ള ഇന്ത്യ എ ടീമിലേക്ക് മാത്രമാകും താരത്തിന് അവസരമൊരുങ്ങുക.


ഈ വർഷം സെപ്തംബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ 30 അംഗ സാധ്യതാ പട്ടിക കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു. വൈഭവ് സൂര്യവൻഷി ലിസ്റ്റിൽ ഉൾപ്പെട്ടപ്പോൾ, ടി20 നായകൻ സൂര്യകുമാർ യാദവ്, ടെസ്റ്റ്-ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തുടങ്ങിയ പ്രധാന താരങ്ങളെ ഒഴിവാക്കി. ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, തിലക് വർമ എന്നിവരിലൊളാകും ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുകയെന്നും വാർത്തുകളുണ്ട്. 

വൈഭവിനെ സ്വതന്ത്രമാക്കി വിടൂ... അവൻ സവിശേഷമായ പ്രതിഭയാണ്. ഈ സമയം ആവശ്യമായ പിന്തുണ നൽകി ആ ബാറ്റിങ് ആസ്വദിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. അമിത സമ്മർദ്ദം ചെലുത്താതിരിക്കാൻ ശ്രദ്ധിക്കണം. കാലത്തിനൊപ്പം, കളിയുടെ മറ്റ് വെല്ലുവിളികളെ നേരിടാൻ അവൻ പ്രാപ്തനാകും. സീനിയർ ടീമിലേക്ക് അവൻ ശരിയായ സമയത്ത് തന്നെ എത്തിചേരും. ഉത്തവാദിത്തപ്പെട്ടവർ ആ ദൗത്യം നിർവഹിക്കും... സച്ചിൻ ടെണ്ടുൽക്കറിന്റെ വാക്കുകളാണ് സത്യം. കൃത്യമായ സമയത്ത് അവൻ അവതരിക്കും... അതുവരെ ക്ഷമയോടെ കാത്തിരിക്കാം

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - ടി.കെ ഷറഫുദ്ദീന്‍

Senior Web Journalist

Similar News