'വോട്ട് ചോർ ഗഡ്ഡി ഛോഡ്'; ഇടിമുഴക്കമായി രാഹുൽ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര
വോട്ടർ അധികാർ യാത്ര ഇന്നലെ പറ്റ്നയിൽ സമാപിക്കുമ്പോൾ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ ഗതിമാറ്റുന്ന മറ്റൊരു ചരിത്രത്തിനാണ് സാക്ഷിയായത്
ഡൽഹി: കോരിച്ചൊരിയുന്ന മഴയെയും പൊള്ളുന്ന വെയിലിനെയും വകവയ്ക്കാതെ ഓടികൂടിയ പതിനായിരങ്ങൾ.അവരിൽ പലരും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കിൽ മരിച്ചവരായിരുന്നു.ജനാധിപത്യാവകാശം നിഷേധിക്കപ്പെട്ടതിന്‍റെ രോഷം ആ മുഖങ്ങളിൽ വ്യക്തമായിരുന്നു. രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര ബിഹാറിന്‍റെ രാഷ്ട്രീയം മാറ്റിവരക്കുന്നതാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയ്ക്കായുള്ള വലിയ പോരാട്ടമായി രാഹുലിന്‍റെ യാത്ര മാറുമെന്നാണ് വിലയിരുത്തൽ. തട്ടിപ്പറിക്കപ്പെട്ട അവകാശത്തെ വീണ്ടെടുക്കാനുള്ള പ്രയത്നത്തിൽ അണിനിരന്ന പതിനായിരങ്ങളും ഇന്ത്യാ സഖ്യനേതാക്കളും ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ യാത്ര ഇടിമുഴക്കമാക്കുകയായിരുന്നു.
ഇനിയും ഏറെ ദൂരം
1300 കിലോമീറ്റർ, കടന്നുപോയത് 25 ജില്ലകളിലായി 110ലധികം നിയമസഭ മണ്ഡലങ്ങളിലൂടെ... വോട്ടർ അധികാർ യാത്ര ഇന്നലെ പറ്റ്നയിൽ സമാപിക്കുമ്പോൾ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ ഗതിമാറ്റുന്ന മറ്റൊരു ചരിത്രത്തിനാണ് സാക്ഷിയായത്... വോട്ടർ പട്ടിക പരിഷ്‌ക്കരണം വോട്ടുചോരിയുടെ പശ്ചാത്തലത്തിൽ ബിഹാറിന്‍റെ അസ്ഥിരമായ ജാതി പ്രേരിത ഭൂപ്രകൃതിയിൽ രാഷ്ട്രീയ സ്വാധീനം നേടിയിട്ടുണ്ട്.
മുസ്‌ലിം,ദലിതർ, അരികുവൽക്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങൾ എന്നിവർക്ക് ശക്തമായ ഒരു രാഷ്ട്രീയ മുദ്രാവാക്യമായും രാഹുലിന്റെ റാലി മാറി. ബിഹാറിൽ നാന്നി കുറിച്ച യാത്ര ക്രമേണ ദേശീയ തലത്തിൽ വരുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ച് ഇന്ത്യസഖ്യത്തിന്റ പ്രധാന പ്രചാരണ കേന്ദ്രമായി മാറുകയാണ്. . ഭാരത് ജോഡോ യാത്രയിൽ ഉയർത്തിയ വിദ്വേഷത്തിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കട തുറക്കാൻ എന്ന മുദ്രാവാക്യം പോലെ 'വോട്ട് ചോർ ഗഡ്ഡി ഛോഡ്' എന്ന മുദ്രാവാക്യം ജനങ്ങളുടെ മനസ്സിൽ പതിഞ്ഞുകഴിഞ്ഞു....
ഒറ്റക്കെട്ടായ പ്രതിപക്ഷം
പ്രധാന പ്രതിപക്ഷ നേതാക്കളായ ആർജെഡിയുടെ തേജസ്വി യാദവ്, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ, വിഐപിയുടെ മുകേഷ് സഹാനി എന്നിവർ യാത്രയിലുടനീളം പങ്കുചേർന്നു. അഖിലേഷ് യാദവും എം.കെ സ്റ്റാലിനും അടക്കമുള്ള നേതാക്കൾ വിവിധ ദിവസങ്ങളിൽ അതിഥികളായെത്തി. രാഹുൽ ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ജാതി ആധിപത്യത്തെ അവകാശങ്ങളുടെയും ജനാധിപത്യ പങ്കാളിത്തത്തിന്റെയും വിശാലമായ തലത്തിലേക്ക് മാറ്റുകയാണ്.
വോട്ട് ചോർ ഗഡ്ഡി ഛോഡ്' എന്ന രാഹുലിന്റെ മുദ്രാവാക്യം പ്രചാരണത്തിന്റെ വൈകാരിക കേന്ദ്രബിന്ദുവായി ഉയർന്നു. ബിഹാറിൽ വളരെക്കാലമായി അവഗണിക്കപ്പെട്ടിരുന്ന കോൺഗ്രസിന്, യാത്ര വീണ്ടും ഊർജം വീണ്ടെടുക്കാനുള്ള അവസരമാണ്. ആർജെഡിയുടെയും ഇടതുപക്ഷ പാർട്ടികളുടെയും സംഘടനാ ശക്തിയിൽ സഞ്ചരിച്ച്, പ്രാദേശിക പ്രശ്നങ്ങൾക്കായി പോരാടാൻ കഴിയുന്ന ഒരു ദേശീയ പാർട്ടിയായി അത് വീണ്ടും സ്വയം നിലകൊള്ളുകയാണ്.
ഹൈഡ്രജൻ ബോംബ്
ബിഹാറിൽ വൻ ആവേശമുയർത്തി രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചപ്പോൾ വൈകാതെ ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന രാഹുലിന്‍റെ പരാമർശം ചർച്ചയാകുകയാണ്. ബോംബ് പൊട്ടിയാൽ മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ലെന്നായിരുന്നു രാഹുൽ പറഞ്ഞത്. വോട്ട് അവകാശ യാത്രയുടെ സമാപന സമ്മേളനത്തിൽ അവസാന പ്രാസംഗികനായി സംസാരിച്ചാണ് രാഹുൽ ഗാന്ധി വരാനിരിക്കുന്ന ഹൈഡ്രജന്‍ ബോബിനെക്കുറിച്ച് പറഞ്ഞത്.
ആറ്റംബോംബെന്നു കേട്ടിട്ടുണ്ടോ. അതിനേക്കാൾ വലുത് എന്താണ്? ആറ്റംബോംബിനേക്കാൾ വലുത് ഹൈഡ്രജന്‍ ബോംബാണ്. നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു. ബിജെപി നോക്കിയിരുന്നോളൂ, ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്. വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണ് എന്ന് രാഹുൽ പറഞ്ഞതും കാത്തടപ്പിക്കുന്ന കയ്യടിയായിരുന്നു.
എന്താണ് രാഹുൽ പൊട്ടിക്കാൻ വെച്ചിരിക്കുന്ന ഹൈഡ്രജൻ ബോംബ് എന്താണ് എന്നാണ് ഇപ്പോൾ ചർച്ച. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ചൂട് പിടിച്ചു.യാത്ര ബിഹാറിൽ നിന്ന് മറ്റ് ഇടങ്ങളിലേക്ക് കൂടെ പടർത്താനാണ് ഇന്ത്യ ശാഖ്യത്തിന്റെ തീരുമാനം, നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ യാത്ര നടത്തുമെന്നാണ് സൂചന.ആറ്റം ബോംബും ഹൈഡ്രജൻ ബോംബും തെരഞ്ഞെടുപ്പുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ബി ജെ പിയുടെ ചോദ്യം. രാഹുൽ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നുവെന്ന പതിവും ഡയലോഗും ബിജെപി പറയാൻ മറന്നില്ല.