സിൽമാൻ മൻസൂർ: ഓർമയുടെ കാൻവാസുകൾക്ക് വിട

കഴിഞ്ഞ 50 വർഷത്തിലധികമായി ഫലസ്തീൻ പോരാട്ടത്തിന്റെ വീര്യം കാൻവാസിലേക്ക് പകർത്തിക്കൊണ്ടിരിക്കുന്ന മൻസൂർ ഇതാ തൻ്റെ 79 മത്തെ വയസ്സിൽ നമ്മോട് വിട വാങ്ങിയിരിക്കുന്നു. കിഴക്കൻ ജറുസലേമിലെ അൽ-മഖാസിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 24നാണ് അദ്ദേഹം അന്തരിച്ചത്

Update: 2026-08-25 13:37 GMT

"എന്റെ കാര്യത്തിൽ, ചരിത്രത്തിലെ ശരിയായ പക്ഷത്താണ് ഞാൻ നിലകൊള്ളുന്നതെന്ന് ഞാൻ കരുതുന്നു, അത് പ്രകടിപ്പിക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്യുന്നുണ്ട്. കലാകാരന്മാർ എന്താണ് ചെയ്യേണ്ടത് എന്നതിന് കൃത്യമായ ഒരു ഫോർമുല ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ അവർ സ്വന്തം വികാരങ്ങളോട് വിശ്വസ്തരായിരിക്കണം, മറ്റുള്ളവരുടെ വികാരങ്ങളെ അനുഭവിച്ചറിയാൻ കഴിയണം. എനിക്ക് വേണമെങ്കിൽ സ്റ്റുഡിയോയിൽ പോയി മറ്റെല്ലാം മറന്ന് പൂക്കളുടെയും മനോഹരമായ പെൺകുട്ടികളുടെയും ചിത്രങ്ങൾ വരച്ച്, പ്രദർശനങ്ങൾ നടത്തി, അവ വിറ്റ് ജീവിക്കാം. എന്നാൽ എന്റെ വ്യക്തിത്വം അങ്ങനെയൊന്നല്ല. കലാകാരന്മാർ അങ്ങനെ ചെയ്യാനും പാടില്ല. അവർ സ്വന്തം സമൂഹത്തിൽ കൂടുതൽ സജീവമായി ഇടപെടുന്നവരായിരിക്കണം."

Advertising
Advertising

സംഘർഷങ്ങളുടെയോ യുദ്ധത്തിന്റെയോ സമയങ്ങളിൽ ഒരു കലാകാരൻ എന്താണ് ചെയ്യേണ്ടത് എന്ന നിക്ക് ഹിൽഡൻ്റെ ചോദ്യത്തിന് സിൽമാൻ മൻസൂർ നൽകിയ മറുപടിയാണ് മുകളിൽ നിങ്ങൾ വായിച്ചത്. കഴിഞ്ഞ 50 വർഷത്തിലധികമായി ഫലസ്തീൻ പോരാട്ടത്തിന്റെ വീര്യം കാൻവാസിലേക്ക് പകർത്തിക്കൊണ്ടിരിക്കുന്ന മൻസൂർ ഇതാ തൻ്റെ 79 മത്തെ വയസ്സിൽ നമ്മോട് വിട വാങ്ങിയിരിക്കുന്നു. കിഴക്കൻ ജറുസലേമിലെ അൽ-മഖാസിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 24നാണ് അദ്ദേഹം അന്തരിച്ചത്. ക്രിട്ടിക്കൽ സ്റ്റേജിലാണെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ കുടുംബം തന്നെ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വേർപാടിന്റെ വാർത്ത ലോകത്തെ അറിയിച്ചു. "അവസാന അധ്യായം എഴുതിക്കഴിഞ്ഞു" എന്നു തുടങ്ങുന്ന ആ കുറിപ്പിൽ, ലോകത്തിന് അദ്ദേഹം സൗന്ദര്യവും ഓർമ്മകളും നിറഞ്ഞ ഒരു ജീവിതം സമ്മാനിച്ചു എന്നും, എന്നാൽ തങ്ങൾക്ക് നഷ്ടമായത് ഒരു പിതാവിനെയാണ് എന്നും കുടുംബം എഴുതി. മരണകാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

1947ൽ റാമല്ലയ്ക്കടുത്ത് ബിർസീത്തിലാണ് സിൽമാൻ മൻസൂർ ജനിച്ചത്. അഥവാ 1948ലെ നക്ബയ്ക്ക് ഒരു വർഷം മുൻപ്. ബത്‌ലഹേമിലും ജറുസലേമിലുമായി ബാല്യകൗമാരം ചെലവഴിച്ച അദ്ദേഹം, ഫലസ്തീൻ പതാകയും അതിന്റെ നിറങ്ങൾ പോലും അടിച്ചമർത്തപ്പെട്ട ഒരു കാലഘട്ടത്തിലാണ് വളർന്നത്. ജറുസലേമിലെ ബെസലേൽ അക്കാദമി ഓഫ് ആർട്സ് ആൻഡ് ഡിസൈനിൽ നിന്ന് 1970ൽ ചിത്രകലയിൽ ബിരുദം നേടിയ അദ്ദേഹം, തുടർന്നുള്ള അഞ്ചു പതിറ്റാണ്ടിലേറെ ഫലസ്തീൻ കലയുടെ മുൻനിരയിൽ തന്നെ നിലയുറപ്പിക്കുകയുണ്ടായി. ഇസ്രായേൽ അധിനിവേശത്തിന്റെ കാലത്ത് ജയിലിലടയ്ക്കപ്പെടുകയും മർദ്ദനത്തിനിരയാവുകയും ഭീഷണികൾ നേരിടുകയും ചെയ്തിട്ടും അദ്ദേഹം, തൻ്റെ ബ്രഷും ചായങ്ങളും കൈവിടാതെ സ്വന്തം ജനതയുടെ കഥ പറഞ്ഞുകൊണ്ടേയിരുന്നു.

മൻസൂറിന്റെ ഏറ്റവും പ്രശസ്തമായ ചിത്രം "ജമൽ അൽ-മഹാമിൽ" അഥവാ (ഭാരു വഹിക്കുന്ന ഒട്ടകം) ആണ്. 1973ൽ വരച്ച ഈ ചിത്രത്തിൽ, കുനിഞ്ഞ മുതുകുള്ള ഒരു വൃദ്ധൻ, ജറുസലേം നഗരത്തെ മുഴുവൻ ഒരു വലിയ കണ്ണിന്റെ ആകൃതിയിലുള്ള ഭാരമായി പുറത്തു ചുമക്കുന്നു. ആ കണ്ണിനുള്ളിൽ ഡോം ഓഫ് ദ റോക്ക് (ഖുബ്ബത്തുസ്സഖ്റ) തെളിഞ്ഞു കാണാം. ഈ പ്രമേയം മൻസൂർ പിന്നീടും പലതവണ പുനരാവിഷ്കരിച്ചു; 2005ൽ വരച്ച മൂന്നാം പതിപ്പിൽ, നീലയും ചാരനിറവും കലർന്ന ശൂന്യതയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന വൃദ്ധന്റെ കഴുത്തിലെ ചുവന്ന തട്ടം മാത്രം ചിത്രത്തിന്റെ വിഷാദമൂകതയെ ഭേദിക്കുന്ന ഒരു കടും നിറമായി നിലകൊള്ളുന്നു. ഫലസ്തീൻ ജനതയുടെ ചരിത്രപരമായ ഭാരവും സഹനവും അതിജീവനവും ഒറ്റ രൂപത്തിൽ ഒതുക്കിയ ഈ ചിത്രം ഫലസ്തീൻ ദേശീയബോധത്തിന്റെ ഏറ്റവും തിരിച്ചറിയപ്പെടുന്ന ദൃശ്യരൂപകങ്ങളിലൊന്നായി മാറുകയുണ്ടായി. 1990കൾ വരെ ഫലസ്തീനിൽ സ്ഥിരം ഗാലറികളോ കലാകേന്ദ്രങ്ങളോ ഇല്ലാതിരുന്നതിനാൽ, ഈ ചിത്രമടക്കം പല സൃഷ്ടികളും പോസ്റ്ററുകളും പോസ്റ്റ്കാർഡുകളുമായി പുനഃസൃഷ്ടിച്ച് സാധാരണക്കാരിലേക്ക് എത്തിക്കുകയായിരുന്നു അക്കാലത്തെ രീതി. ഇത് കലയെ പ്രതിരോധത്തിന്റെ ഒരു ജനകീയോപാധിയാക്കി മാറ്റി.

ചരിത്രത്തെയും ഓർമ്മയെയും കാൻവാസിലേക്ക് ആവാഹിക്കുന്ന ഒരു ദൃശ്യഭാഷ മൻസൂർ വികസിപ്പിച്ചെടുത്തിരുന്നു. ഗ്രാമീണജീവിതത്തിന്റെ ദൃശ്യങ്ങൾ, ഫലസ്തീൻ പാരമ്പര്യ വസ്ത്രമായ തോബ് ധരിച്ച സ്ത്രീകൾ, കയ്യെഴുത്തു തുന്നൽപ്പണികളുടെ (തത്‌രീസ്) സൂക്ഷ്മാലങ്കാരങ്ങൾ, ഇവയെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ആവർത്തിച്ചു വന്നു. 1948ലെ നക്ബയുടെ ഓർമ്മയ്ക്കായി ഓറഞ്ച് മരവും, 1967ലെ യുദ്ധത്തിന്റെ പ്രതീകമായി ഒലിവ് മരവും അദ്ദേഹം തന്റെ ചിത്രഭാഷയിൽ സ്ഥിരപ്രതീകങ്ങളാക്കി മാറ്റി. 1980കളിൽ ഇസ്രായേൽ അധികൃതർ ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ ഫലസ്തീൻ പതാകയുടെ നിറങ്ങൾ കലയിൽ ഉപയോഗിക്കുന്നത് വിലക്കിയപ്പോൾ, മൻസൂറും സഹപ്രവർത്തകരും ആ വിലക്കിനെ മറികടക്കാൻ തണ്ണിമത്തൻ എന്ന ചിഹ്നം ഉപയോഗിച്ചു തുടങ്ങി - അതിന്റെ ചുവപ്പും പച്ചയും കറുപ്പും വെള്ളയും ഇന്ന് ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ അന്താരാഷ്ട്ര ചിഹ്നമായി മാറിക്കഴിഞ്ഞു. ഭൂമിയോടുള്ള ഫലസ്തീൻ ജനതയുടെ അഭേദ്യമായ ബന്ധവും, അതു സംരക്ഷിക്കാനുള്ള നിശ്ചയദാർഢ്യവുമാണ് തന്റെ കലയിലൂടെ പ്രകടിപ്പിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

1973ൽ ലീഗ് ഓഫ് പലസ്തീനിയൻ ആർട്ടിസ്റ്റ്സ് സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്ത മൻസൂർ, 1986 മുതൽ 1990 വരെ അതിന്റെ തലവനായി പ്രവർത്തിച്ചു. 1987ൽ ഒന്നാം ഇൻതിഫാദയുടെ കാലത്ത് വേറ തമാരി, തയ്സീർ ബറകാത്ത്, നബീൽ അനാനി എന്നീ കലാകാരന്മാർക്കൊപ്പം അദ്ദേഹം "ന്യൂ വിഷൻസ്" എന്ന കൂട്ടായ്മ രൂപീകരിച്ച്, ഇസ്രായേലി കലാസാമഗ്രികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. കാൻവാസും ചായങ്ങളും അടക്കമുള്ള കലാസാമഗ്രികളുടെ വിതരണം ഇസ്രായേൽ അധികൃതർ നിയന്ത്രിച്ചിരുന്ന ആ കാലത്ത്, മൻസൂറും കൂട്ടരും ചെളി, വൈക്കോൽ, മൈലാഞ്ചി, കാപ്പിപ്പൊടി തുടങ്ങിയ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് കലാവിഷ്കാരങ്ങൾ നിർമിച്ചു. മരപ്പലകകളിൽ ചെളി അടുക്കടുക്കായി പൊതിഞ്ഞ് രൂപങ്ങൾ നിർമ്മിക്കുകയും, അത് ഉണങ്ങുമ്പോൾ സ്വാഭാവികമായി വിള്ളൽ വീഴാൻ അനുവദിക്കുകയും ചെയ്യുന്ന രീതിയായിരുന്നു മൻസൂറിന്റേത്. കാലത്തിന്റെയും നൈമിഷികതയുടെയും ഒരു അനുഭവം ആ വിള്ളലുകൾ പ്രേക്ഷകനിലേക്ക് പകർന്നു. വല്യുമ്മ ചെളികൊണ്ട് തേനീച്ചക്കൂടും അടുപ്പും നിർമ്മിക്കുന്നത് കണ്ട ബാല്യകാല ഓർമ്മകളാണ് ഈ സാങ്കേതികതയ്ക്ക് പിന്നിലെന്ന് മൻസൂർ പിന്നീട് പറഞ്ഞിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെ ഈ പരീക്ഷണം തുടർന്ന അദ്ദേഹം ഭൂമിയോടുള്ള ബന്ധത്തെ അക്ഷരാർത്ഥത്തിൽ തന്നെ കലയിലേക്ക് പകർത്തി; അത് ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയായിരുന്നു.

സ്ഥാപനപരമായും മൻസൂർ ഫലസ്തീൻ കലാരംഗത്തിന് വലിയ സംഭാവനകൾ നൽകുകയുണ്ടായി. 1994ൽ കിഴക്കൻ ജറുസലേമിൽ അൽ-വാസിതി ആർട്ട് സെന്റർ സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്ത അദ്ദേഹം, ഫലസ്തീൻ കലയെ സംരക്ഷിക്കാനും, അധിനിവേശ പ്രദേശങ്ങളിലും പ്രവാസത്തിലും ജീവിക്കുന്ന കലാകാരന്മാരെ പരസ്പരം ബന്ധിപ്പിക്കാനും ലക്ഷ്യമിട്ടു. പിന്നീട് റാമല്ലയിലെ ഇന്റർനാഷണൽ അക്കാദമി ഓഫ് ആർട്ട് പലസ്തീന്റെ സ്ഥാപകസമിതി അംഗവുമായി അദ്ദേഹം.

മൻസൂറിന്റെ കൃതികൾ ഇന്ന് ലോകമെമ്പാടുമുള്ള പ്രധാന മ്യൂസിയങ്ങളിലും ശേഖരങ്ങളിലുമുണ്ട് - അബുദാബിയിലെ ഗുഗ്ഗൻഹൈം മ്യൂസിയം, ദോഹയിലെ മത്താഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ദു മോൺഡ് അറബ്, അമ്മാനിലെ ജോർദാൻ നാഷണൽ മ്യൂസിയം, ബെയ്റൂത്തിലെ ദാർ അൽ-നിമർ, ബിർസൈത്തിലെ പലസ്തീൻ മ്യൂസിയം എന്നിവയുൾപ്പെടെ. ചിത്രകലയ്ക്കപ്പുറം എഴുത്തുകാരൻ, ശില്പി, കാർട്ടൂണിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു; ഫലസ്തീൻ പരമ്പരാഗത വസ്ത്രധാരണത്തെയും തുന്നൽപ്പണിയെയും കുറിച്ച് അദ്ദേഹം രണ്ട് ഗ്രന്ഥങ്ങളും രചിക്കുകയുണ്ടായി.

ഫലസ്തീൻ ജനതയുടെ അസ്തിത്വത്തെ നിഷേധിക്കാൻ ശ്രമിക്കുന്ന ഒരു ആഖ്യാനത്തിനെതിരെ, ശ്വസിക്കുന്നതും ചിന്തിക്കുന്നതും ജീവിക്കുന്നതും തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറുന്നു എന്ന് മൻസൂർ വിശ്വസിച്ചിരുന്നു. "സുമൂദ്" എന്ന ഫലസ്തീൻ സങ്കൽപ്പം, അതായത് സ്ഥൈര്യം, ചെറുത്ത്നിൽപ്പ് എന്നിവയെ തന്റെ കലയുടെ കാതലായി അദ്ദേഹം കണ്ടു. അക്രമത്തിലൂടെയല്ല, മറിച്ച് നിലനിൽപ്പിലൂടെയാണ് ആ ചെറുത്തുനിൽപ്പ് പ്രകടിപ്പിക്കപ്പെടേണ്ടതെന്ന് അദ്ദേഹം കരുതിയിരുന്നു. ദശകങ്ങളായി തുടരുന്ന അധിനിവേശത്തിന്റെയും സംഘർഷത്തിന്റെയും നടുവിൽ, തന്റെ ജനതയെ വീണ്ടും മനുഷ്യരായി അംഗീകരിക്കപ്പെടാൻ പ്രാപ്തരാക്കുകയാണ് തന്റെ പോരാട്ടം എന്ന് 2024ൽ നിക്ക് ഹിൽഡുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കല അലങ്കാരവസ്തുവല്ല, മറിച്ച് ഒരു സാമൂഹിക ഉപകരണമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സ്വന്തം സ്റ്റുഡിയോയിലേക്ക് ദിവസവും പോകാനും അവിടെ എന്തെങ്കിലും ചെയ്യാനും ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. 2021ൽ ഒരു സ്ട്രോക്ക് ബാധിച്ചിട്ടും, വാർദ്ധക്യത്തിലും ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ബ്രഷ് താഴെ വയ്ക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ജറുസലേമും ഗസ്സയും ഉൾപ്പെടെ ഫലസ്തീൻ മണ്ണിൽ തുടർന്നുകൊണ്ടേയിരിക്കുന്ന സംഘർഷത്തിന്റെയും നഷ്ടത്തിന്റെയും നടുവിലും, തന്റെ ജനതയുടെ പ്രതീക്ഷയും ചെറുത്തുനിൽപ്പും ചിത്രീകരിക്കാൻ അദ്ദേഹം അവസാനം വരെ ശ്രമിച്ചു.

ആറു പതിറ്റാണ്ടോളം നീണ്ട തന്റെ കലാജീവിതത്തിലൂടെ, ഫലസ്തീൻ സ്വത്വത്തിന് ഒരു ദൃശ്യഭാഷ സൃഷ്ടിച്ചെടുത്ത കലാകാരനാണ് സിൽമാൻ മൻസൂർ. ഒട്ടകപ്പുറത്തെ ഭാരവാഹിയായ വൃദ്ധനും, ഒലിവുമരവും, ഓറഞ്ചു മരവും, തോബ് അണിഞ്ഞ സ്ത്രീകളും, തണ്ണിമത്തന്റെ നിറങ്ങളും - ഇവയെല്ലാം ഇന്ന് ഫലസ്തീൻ കലയുടെ അടയാളങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ജനതയുടെ ചരിത്രത്തെയും വേദനയെയും അതിജീവനത്തെയും ഒരേസമയം ഉൾക്കൊള്ളുന്ന ആ ദൃശ്യരൂപകങ്ങൾ ലോകമെമ്പാടുമുള്ള കലാസ്നേഹികളുടെ മനസ്സിൽ ഇനിയും ജീവിക്കും. ചരിത്രം മറന്നു പോകാതിരിക്കാൻ, ഒരു ജനതയുടെ ഓർമ്മ കാൻവാസിൽ കാത്തുസൂക്ഷിച്ച ഒരു കലാകാരന്റെ വിടവാങ്ങൽ കൂടിയാണ് അത്തരിൽ സിൽമാൻ മൻസൂറിൻ്റെ വേർപാട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - ഹാമിദ് ടി.പി

Writer

Similar News