കാണ്ഡമാല്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ തേടി...

2008 ആഗസ്റ്റ് 25നാണ് കാണ്ഡമാൽ വംശഹത്യ നടന്നത്

Update: 2026-08-24 10:06 GMT

2014ലെ ഒരു കോഴിക്കോടന്‍ സായാഹനത്തില്‍ യാദൃശ്ചികമായാണ് സംവിധായകനായ കെ.പി ശശിയേട്ടനെ കാണുന്നത്. പുതിയ വര്‍ക്കേതാണെന്ന് ചോദിച്ചപ്പോള്‍ കാണ്ഡമാല്‍ ഇരകളുടെ ജീവിതത്തെ പറ്റിയാണെന്ന് പറഞ്ഞു. വംശഹത്യ നടന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷവും അത്തരമൊരു ഡോക്യുമെന്ററിയുടെ പ്രസക്തി അന്വേഷിച്ചപ്പോഴാണ് ശശിയേട്ടന്‍ കാണ്ഡമാലിലെ രാഷ്ട്രീയ സാഹചര്യം പറയുന്നത്. വേണ്ടത്ര പൊതുശ്രദ്ധയും പിന്തുണയും കിട്ടാത്തതിനാല്‍ കേസുകള്‍ പോലും മുന്നോട്ട് പോയില്ല. പുനരധിവാസം പൂര്‍ത്തിയായില്ല. പലരും സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയിട്ട് പോലുമില്ല. ഡോക്യുമെന്ററിയുടെ അവസാന ഘട്ട പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ശശിയേട്ടന്‍ കൂടുതല്‍ സമയവും ഒഡീഷയിലുണ്ട്. പിന്നീട് അദ്ദേഹം മുഖേന ഹ്യൂമണ്‍ റൈറ്റ്സ് അലര്‍ട്ട് പ്രവര്‍ത്തകരെയും ജനവികാസ് എന്ന സന്നദ്ധസംഘടനയെയും ഉപയോഗിച്ച് കാണ്ഡമാല്‍ സന്ദര്‍ശിക്കാന്‍ പുറപ്പെടുകയായിരുന്നു.

Advertising
Advertising

കാണ്ഡമാല്‍ വംശഹത്യയെക്കുറിച്ചുള്ള കെ.പി ശശിയേട്ടന്റെ ഡോക്യുമെന്ററി സംവിധാനം അവസാനത്തിലായികൊണ്ടിരിക്കെയാണ് ഞങ്ങള്‍ ഒഡീഷയിലെത്തുന്നത്. കണ്ടപാടെ പുറത്ത് ഒരടി തന്ന് ഒറ്റ ചോദ്യം. 'സമര ടൂറിസത്തിന്റെ ടീമെത്തിയല്ലോ'

സത്യത്തില്‍, തമാശ കലര്‍ന്നാണ് ശശിയേട്ടന്‍ ചോദിച്ചതെങ്കിലും മനസ്സിനകത്ത് തറച്ച പ്രയോഗമായിരുന്നു അത്. നര്‍മദ സമരഭൂമി സന്ദര്‍ശിച്ചാണ് യാത്ര തുടങ്ങിയത്. പിന്നീട് പ്ലാച്ചിമട മുതല്‍ നന്ദിഗ്രാം വരെയുള്ള ഡസന്‍ കണക്കിന് സമരഭൂമിയിലേക്ക് യാത്ര പുറപ്പെട്ട പതിറ്റാണ്ടിനിടയിലാണ് അദ്ദേഹത്തിന്റെ ചോദ്യം. എന്റെ മുഖം മങ്ങിയത് കണ്ടപ്പോള്‍ അദ്ദേഹം നിന്നെ ഉദ്ധേശിച്ചല്ല എന്ന് പറഞ്ഞ് വിഷയം മാറ്റി എന്നെ സമാധാനിപ്പിച്ചു. പിന്നീട്, പോസ്‌കോ വിരുദ്ധ സമരഭൂമിയും കാണ്ഡമാല്‍ വംശഹത്യ പ്രദേശങ്ങളും കാണാനുള്ള സൗകര്യങ്ങളൊരുക്കി തന്നതും അദ്ദേഹം തന്നെയാണ്. ഫാദര്‍ അജയ് കുമാറും ഫാദര്‍ മനോജും നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയുടെ ഭുവനനേശ്വറിലെ ആസ്ഥാനത്ത് താമസ സൗകര്യമൊരുക്കി തന്നതും അദ്ദേഹം തന്നെയാണ്.

ഒഡീഷയിലെ പടിഞ്ഞാറന്‍ മേഖലയിലെ മലയോര ജില്ലയാണ് കാണ്ഡമാല്‍. ആദിവാസി-ദലിത് പ്രാതിനിധ്യം ധാരാളമുള്ള കാണ്ഡമാലില്‍ 2008 ആഗസ്റ്റ് 25-ന് നടന്ന ദാരുണമായ വംശഹത്യ വ്യത്യസ്ത വിചാരങ്ങളാല്‍ വിലയിരുത്തപ്പെടേണ്ടതാണ്. കാണ്ഡമാല്‍ കേന്ദ്രീകരിച്ച് 1970 മുതല്‍ ആശ്രമം നടത്തുന്ന ഹിന്ദു സന്യാസിയാണ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി. 2008 ആഗസ്റ്റ് 23-ന് 81കാരനായ സ്വാമി കൊലചെയ്യപ്പെട്ടു. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ ലഹള എന്ന രൂപത്തിലാണ് 2008 ആഗസ്റ്റ് 25-ന്റെ വംശഹത്യയെ സംഘ്പരിവാര്‍ ചിത്രീകരിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ നടന്ന ആസൂത്രിത കൈയേറ്റങ്ങളെ സ്വാമിയുടെ കൊലപാതകത്തില്‍ ചേര്‍ത്ത് പറയുന്നത് പൂര്‍ണമായും വിശ്വസിക്കാനാവില്ല. പരിവര്‍ത്തിത ദളിത്-ആദിവാസി ക്രിസ്ത്യന്‍ സമൂഹത്തെ 'ഘര്‍വാപസി' നടത്തി ഹിന്ദുമതത്തിലേക്ക് എത്തിക്കാന്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. കാണ്ഡമാലിലെ മിഷിനറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഫണ്ടിങ് ആരോപണങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങളും അവര്‍ ഉന്നയിച്ച് കൊണ്ടേയിരുന്നു.

ഒരുപക്ഷേ, കാണ്ഡമാല്‍ വംശഹത്യയെ മതേതര ലോകം അര്‍ഹിച്ച അളവില്‍ ചര്‍ച്ച ചെയ്യാതെ പോയത് സംഘ്പരിവാറിന്റെ മിഷിനറി ആരോപണങ്ങള്‍ കൊണ്ട് തന്നെയാവണം. മുമ്പ് കോഴിക്കോട് ജില്ലയിലെ ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം അഴിച്ച് വിട്ടപ്പോള്‍ കേരളത്തിലെ മതേതര സമൂഹം തിരിച്ച് ചോദിച്ചതും ഇങ്ങനെ തന്നെയായിരുന്നു. മതപരിവര്‍ത്തനത്തിന് വേഷവും കെട്ടിയിറങ്ങിയതുകൊണ്ടല്ലേ തല്ല് കിട്ടിയതെന്ന്. കാണ്ഡമാലിലെ ആദിവാസിയും ദലിതനും എന്തുകൊണ്ട് പരിവര്‍ത്തിക്കപ്പെട്ടു എന്നന്വേഷിക്കാതെ സവര്‍ണ മേല്‍ക്കോയ്മയിലേക്ക് ഘര്‍വാപസി നടത്താന്‍ ഹിന്ദുത്വ പരിവാരം വ്യഗ്രത കാണിക്കുന്നതിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടട്ടെ.

സ്വാമിയെ സംഘ്പരിവാര്‍ തന്നെ കൊന്നതാണെന്ന നിരീക്ഷണവും പല കോണില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. ഗോദ്രയില്‍ തീ ഉരച്ചവരും കര്‍ക്കരെയെ കൊന്നവരും വ്യാജ ഏറ്റുമുട്ടലും സ്ഫോടനവും നടത്തിയവരും സ്വാമിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ടാല്‍ ചരിത്രം അതിനെ നിഷേധിക്കില്ല.

'സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്' എന്ന ചോദ്യമുന്നയിച്ച് ദല്‍ഹിയിലെ സീനിയര്‍ ജേണലിസ്റ്റും മലയാളിയുമായ ആന്റോ അക്കരെ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. കാണ്ഡമാല്‍ വംശീയ ഉന്മൂലനത്തിന്റെ പിന്നാമ്പുറങ്ങള്‍ തിരയുന്ന പുസ്തകം നിരവധി പ്രതിവിചാരങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

കേവലമൊരു ലഹളയോ കലാപമോ അല്ല; ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് നടത്തിയ വംശഹത്യയായിരുന്നു അത്. അനൗദ്യോഗിക കണക്കനുസരിച്ച് നൂറോളം പേര്‍ കൊല്ലപ്പെട്ടു. 300ഓളം ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. 6,500 ഭവനങ്ങള്‍ നശിപ്പിക്കപ്പെട്ടു. കന്യാസ്ത്രീകളടക്കം നാല്‍പതോളം പേര്‍ മാനഭംഗത്തിനിരയായി. ക്രിസ്ത്യന്‍ വീടുകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. 56,000 പേര്‍ ഭവനരഹിതരായി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഒരു മാസത്തോളം നീണ്ടുനിന്ന അക്രമങ്ങള്‍ക്കിടെ ഏകദേശം 40 പേര്‍ കൊല്ലപ്പെടുകയും 4,800-ലധികം വീടുകള്‍ നശിക്കുകയും 200-ലധികം മതസ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇത്ര ഭീകരമായി ഒരു സമൂഹം കൈയേറ്റം ചെയ്യപ്പെട്ടിട്ടും മതേതര സമൂഹം മൗനം വെടിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം.

ശശിയേട്ടന്റെ ശിപാര്‍ശ പ്രകാരം കാണ്ഡമാലിലെ പുനരധിവാസങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 'ജനവികാസ്' എന്ന സന്നദ്ധ സംഘടനയുടെ ആസ്ഥാനത്തേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. ഫാദര്‍ അജയ് കുമാര്‍ സിങ്, ഫാദര്‍ മനോജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഞങ്ങളെ അവര്‍ സ്വീകരിച്ചു. വംശഹത്യയില്‍ വധശ്രമത്തിന് വിധേയമായ ഫാദര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും തന്നെ ആ നാളുകളെ പറ്റി ഞങ്ങളെ കേള്‍പ്പിച്ചു. അയല്‍വാസിയും നാട്ടുകാരുമടങ്ങുന്ന കലാപകാരികള്‍ ചെയ്ത ക്രൂരതകള്‍ അവര്‍ ഓര്‍ത്തുപറയുമ്പോള്‍ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. 362 കേസുകളാണ് വംശഹത്യയുമായി ബന്ധപ്പെട്ടുള്ളത്. ആറ് വര്‍ഷം പിന്നിടുമ്പോഴും 78 കേസുകളുടെ വാദം മാത്രമാണ് പൂര്‍ത്തിയായത്. കാര്യമായ നഷ്ടപരിഹാരങ്ങളോ പുനരധിവാസ പദ്ധതികളോ ഞങ്ങളുടെ സന്ദര്‍ശന സമയത്ത് വരെ ലഭ്യമായിരുന്നില്ല. 2016-ല്‍ നഷ്ടപരിഹാരത്തിനുള്ള സുപ്രീംകോടതി വിധി വന്നിരുന്നു. രാത്രി പുലരുവോളം ജനവികാസ് പ്രവര്‍ത്തകരോട് സംസാരിച്ചു. 'വോയ്സ് ഓഫ് ദി റുയിന്‍സ്' എന്ന ഡോക്യുമെന്ററിക്ക് വേണ്ടിയെടുത്ത അഭിമുഖങ്ങളും ദൃശ്യങ്ങളും ശശിയേട്ടന്‍ കാണിച്ചു തന്നു. ഇവരോട് ഇനി നിങ്ങളും അന്നത്തെ കാര്യങ്ങള്‍ ചോദിച്ച് വിഷമിപ്പിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. അത്രമാത്രം വൈകാരികമായാണ് അവര്‍ കാമറക്ക് മുന്നില്‍ അനുഭവങ്ങള്‍ പറഞ്ഞത്. ഒന്നര മണിക്കൂര്‍ ഡോക്യുമെന്ററിക്ക് വേണ്ടി 80 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി വെച്ചിട്ടുണ്ട് അദ്ദേഹം.

ജനവികാസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭുവനേശ്വറില്‍ നിന്ന് കാണ്ഡമാലിലേക്ക് യാത്ര പുറപ്പെടുകയാണ്. ഏഴ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര. മലയോരവും കാട്ടുപാതകളും ഉള്‍ക്കൊള്ളുന്ന രാത്രി യാത്ര. പുലര്‍ച്ചെ കാണ്ഡമാലില്‍ എത്തി. അവിടത്തെ ജനവികാസിന്റെ കേന്ദ്രത്തില്‍ വിശ്രമം ഒരുക്കിയിട്ടുണ്ട്. ചെറുപ്പക്കാരും സ്ത്രീകളും മുതിര്‍ന്നവരും ഉള്‍ക്കൊള്ളുന്ന വലിയ വൃത്തം വളണ്ടിയര്‍മാര്‍ ആസ്ഥാനത്തുണ്ട്. വിവിധ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ട്രെയിനിങ് സെന്റര്‍ ചുമതലയുള്ളവരും ട്യൂഷന്‍ നടത്തുന്നവരുമൊക്കെയുണ്ട് കൂട്ടത്തില്‍. അപ്പോഴാണ് ഓഫീസിലുള്ള ചിത്രം ശ്രദ്ധിക്കുന്നത്. ബാബാ സാഹബ് അംബേദ്കര്‍ ചുവരില്‍ പ്രധാന്യത്തില്‍ തന്നെ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭുവനേശ്വറിലെ അവരുടെ ആസ്ഥാനത്തും അംബേദ്കര്‍ ഉണ്ട്. ചുവരില്‍ മാത്രമല്ല വാക്കിലും സമീപനങ്ങളിലും ദര്‍ശനങ്ങളിലും അംബേദ്കര്‍ രാഷ്ട്രീയം തെളിഞ്ഞ് നിന്നിരുന്നു.

സംഘ്പരിവാര്‍ താണ്ഡവമാടിയ ചില ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രദേശവാസികളായ രണ്ട് ചെറുപ്പക്കാര്‍ക്കൊപ്പം പുറപ്പെട്ടു. ഒരു കുന്നിന്റെ മുകളില്‍ ഒറ്റപ്പെട്ട ഗ്രാമത്തിലേക്കാണ് ആദ്യ യാത്ര. റോഡില്‍ നിന്ന് ഒരു മണിക്കൂര്‍ നടന്നാണ് മലമുകളിലുള്ള ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ തന്നെ ക്രിസ്ത്യന്‍ ദേവാലയവും ഒരു പ്രൈമറി സ്‌കൂളുമുണ്ട്. ദേവാലയത്തില്‍ ജനലുകളും വാതിലുകളും കരിഞ്ഞ ശേഷിപ്പുമാണുള്ളത്. ഫര്‍ണീച്ചറുകള്‍ ഒന്നും ബാക്കിയില്ല. ചുവരുകളില്‍ കമ്പിപ്പാര കയറിയതിന്റെ അടയാളങ്ങള്‍ പതിഞ്ഞിരിക്കുന്നു. മേല്‍ക്കൂര പാതിയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആറ് വര്‍ഷം കഴിഞ്ഞിട്ടും അവര്‍ക്കത് പുനര്‍ നിര്‍മിക്കാനായില്ല. മുന്നൂറോളം വരുന്ന ദേവാലയങ്ങള്‍ പുനര്‍നിര്‍മിക്കുക എളുപ്പമല്ലല്ലോ എന്ന് ഗ്രാമമുഖ്യന്‍ പറഞ്ഞു. മാത്രമല്ല, വീട് നഷ്ടപ്പെട്ടവരും പഠനം മുടങ്ങിയവരും പട്ടിണി തിന്നുന്നവരും മുന്നിലുള്ളപ്പോള്‍ അവര്‍ക്ക് ദേവാലയം പുതുക്കി പണിയാന്‍ കഴിയില്ലല്ലോ. ഗ്രാമത്തിലെ ചില കുടിലുകള്‍ ഒഴിഞ്ഞ് കിടപ്പുണ്ട്. അന്നത്തെ ഭീതിയില്‍ സമീപത്തെ കാട്ടിലേക്ക് പാലായനം ചെയ്തതരുടെ വീടുകളാണത്. ദൂരെയുള്ള കാട് ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. കലാപം നടക്കുമ്പോള്‍ ഞങ്ങള്‍ ഓടി ആ കാട്ടില്‍ കയറി. ദേവാലയങ്ങളും വീടുകളും നഷ്ടപ്പെട്ടുവെന്നല്ലാതെ ജീവഹാനി സംഭവിക്കാതെ ഞങ്ങള്‍ രക്ഷപ്പെട്ടു. പക്ഷേ, മൂന്ന് ദിവസം മുതല്‍ രണ്ടാഴ്ച വരെ കാട്ടില്‍ ഒളിച്ച് കഴിഞ്ഞവരുണ്ട് ആ കൂട്ടത്തില്‍. ചിലര്‍ അന്ന് നാട് വിട്ട് പോയതാണ്, തിരികെ വന്നിട്ടില്ല.

മല ഇറങ്ങി ഞങ്ങള്‍ അടുത്ത ഗ്രാമത്തിലെത്തി. ഇവിടെയും പൂര്‍ണമായും തകര്‍ന്ന ദേവാലയമുണ്ട്. പക്ഷേ, നാട്ടുകാര്‍ ഞങ്ങള്‍ക്ക് മുന്നില്‍ വന്നില്ല. ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഭീതിയോടെ അവര്‍ കതകടച്ചു. അപ്പോഴാണ് കൂടെ വന്ന സുഭാഷ് കാര്യം വിശദീകരിച്ചത്. വംശഹത്യയെ തുടര്‍ന്ന് നിരവധി പേരെ ഭീഷണിപ്പെടുത്തി ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചിട്ടുണ്ട്. അത്തരത്തില്‍ പരിവര്‍ത്തനത്തിന് വിധേയമായ ക്രിസ്ത്യന്‍ ഗ്രാമമാണിത്. കൂടുതല്‍ സമയം അവിടെ നില്‍ക്കാന്‍ സുഭാഷിന് ധൈര്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഇനി കാണുന്നത് ജനസാന്ദ്രതയേറിയ മറ്റൊരു ഗ്രാമമാണ്. വണ്ടി ഇറങ്ങിയപ്പോള്‍ തന്നെ കാവിക്കൊടിയും ആര്‍എസ്എസ് എന്ന എഴുത്തുമൊക്കെ കാണാം. സംഘ്പരിവാര്‍ സാന്നിധ്യമുള്ള ഗ്രാമം. വംശഹത്യയുടെ കാലത്ത് കൊലപാതകവും അക്രമവും മാനഭംഗവും അരങ്ങ് വാണ ഗ്രാമം. ജനവികാസ് വളണ്ടിയര്‍മാര്‍ നിശബ്ദമായി നടക്കാനാവശ്യപ്പെട്ടു. ചെറിയ ഊടുവഴികളിലൂടെ നീങ്ങി ഒരു വീട്ടിലെത്തി. സ്ത്രീകള്‍ മാത്രമുള്ള ചെറിയ വീട്. മാന്യമായി അവര്‍ ഞങ്ങളെ സ്വീകരിച്ചു. വായയും മൂക്കും തുണികൊണ്ട് മറച്ച് വിതുമ്പിക്കൊണ്ട് എന്തൊക്കെയോ പറഞ്ഞു. പിന്നെ പൊട്ടിക്കരഞ്ഞു. അവസാനം ഞങ്ങള്‍ക്ക് മുന്നില്‍നിന്ന് മാറി റൂമില്‍ കയറി വാതിലടച്ചു. ഭര്‍ത്താവ് നഷ്ടപ്പെട്ട വിധവയായിരുന്നു അവര്‍. കണ്‍മുന്നില്‍ വെച്ച് പ്രിയതമനെ വെട്ടിനുറുക്കിയതിനെക്കുറിച്ചാണ് പ്രാദേശിക ഭാഷയില്‍ അവര്‍ പറഞ്ഞത്. കൂടെ നിന്ന സ്ത്രീകള്‍ തലങ്ങും വിലങ്ങും സംസാരിക്കാന്‍ തുടങ്ങി. ഗൈഡായി വന്ന വളണ്ടിയര്‍മാര്‍ ഓരോന്നും പരിഭാഷപ്പെടുത്തി. ഭീതിയാണ് സ്വരം, നിലവിളിയാണ് താളം. കൂടുതല്‍ നേരം കേട്ടിരിക്കാന്‍ മാത്രം മനസിന് കട്ടിയില്ലാത്തതുകൊണ്ട് വീട്ടില്‍നിന്ന് ഇറങ്ങി. തൊട്ടടുത്തുള്ള വീടുകളിലും സമാന അനുഭവങ്ങളുണ്ട്. ഏഴുപേര്‍ വ്യത്യസ്ത വീടുകളില്‍നിന്ന് വധിക്കപ്പെട്ടിട്ടുണ്ട്. കൊന്നതും അക്രമിച്ചതും നാട്ടിലെ സംഘ്പരിവാറില്‍ പെട്ടവരാണ്. ചുരുക്കം ചില അപരിചിതരുമുണ്ട്. വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയാണ് പലരെയും വെട്ടിയത്. ഫാദര്‍ മനോജിനെ ഭീഷണിപ്പെടുത്തിയവരിലും നാട്ടുകാര്‍ തന്നെയാണ് മുന്നിലെന്ന് അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു.

2008ലെ വംശഹത്യയെ തുടര്‍ന്ന്, അന്നത്തെ ബിജെഡി-ബിജെപി സഖ്യസര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും തുടര്‍ന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ശരത് ചന്ദ്ര മൊഹാപത്രയുടെ നേതൃത്വത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ 2012ല്‍ ജഡ്ജി ശരത് ചന്ദ്ര അന്തരിച്ചു. ശേഷം ജസ്റ്റിസ് എ.എസ് നായിഡുവിന് അന്വേഷണ ചുമതല നല്‍കി.

2015 ഡിസംബറില്‍ ജസ്റ്റിസ് നായിഡു ഏകദേശം 2,000 പേജുകളുള്ള രണ്ട് വാല്യങ്ങളുള്ള അന്വേഷണ റിപ്പോര്‍ട്ട് ഒഡീഷ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും, റിപ്പോര്‍ട്ട് ഇതുവരെ പുറം ലോകം കണ്ടിട്ടില്ല. അക്രമങ്ങളില്‍ വീടും ആരാധനാലയങ്ങളും നഷ്ടപ്പെട്ട കാണ്ഡമാലിലെ ദലിത്-ആദിവാസി ക്രിസ്ത്യന്‍ ഇരകളുടെ യഥാര്‍ത്ഥ മൊഴികള്‍ പൂര്‍ണമായി രേഖപ്പെടുത്താനോ ഗൗരവത്തിലെടുക്കാനോ കമ്മീഷന്‍ തയ്യാറായില്ല എന്നും ജസ്റ്റിസ് എ.എസ് നായിഡു കമ്മീഷന്‍ പക്ഷപാതപരമാണെന്നും നീതി ലഭ്യമാക്കുന്നതില്‍ പരാജയമാണെന്നും ഇരകളും മനുഷ്യാവകാശ സംഘടനകളും അന് തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

യഥാര്‍ത്ഥ കുറ്റവാളികളെയും ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരെയും കണ്ടെത്തുന്നതില്‍ അന്വേഷണം പരാജയപ്പെട്ടുവെന്നും ഭരണകൂടത്തിന്റെയും പൊലീസിന്റെയും വീഴ്ചകള്‍ മൂടിവെക്കാനാണ് കമ്മീഷന്‍ ശ്രമിച്ചതെന്ന് ഇരകള്‍ ആരോപിക്കുന്നും ഇരകള്‍ ആരോപിച്ചിരുന്നു.

അതിനിടയില്‍ ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന ജസ്റ്റിസ് നായിഡു കമ്മീഷന്‍ റിപ്പോര്‍ട്ട് കാണാനില്ലെന്ന് കണ്ടെത്തി. 2024 ജൂണില്‍ വാര്‍ത്ത വന്നു. ഇത് കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. മതംമാറ്റം, നക്‌സല്‍ ഇടപെടല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് വലതുപക്ഷം കരുതപ്പെടുന്നു. ഭരണപരമായ വീഴ്ചകള്‍ മറച്ചുവെക്കാന്‍ മുന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ബോധപൂര്‍വ്വം മാറ്റിയതാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍, ഇത്രയും കാലം ഇത് ഉന്നയിക്കാതിരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എതിര്‍പക്ഷവും വാദിക്കുന്നു. ഇരകള്‍ നല്‍കിയ കേസുകളൊന്നും കാര്യമായി മുന്നോട്ട് പോയില്ല എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.

കാണ്ഡമാല്‍ എന്തുകൊണ്ട് കേരളത്തിലെ മുഖ്യധാര ക്രിസ്ത്യാനികളെ പോലും അലട്ടിയില്ല. എന്തുകൊണ്ട് ബിഷപ്പുമാര്‍ പ്രസ്താവനകളുമായി ഇറങ്ങിയില്ല. രാഷ്ടീയക്കാര്‍ എന്തുകൊണ്ട് മൗനം ദീക്ഷിച്ചു. ഒറ്റ ഉത്തരമേയുള്ളു പിന്തിരിപ്പന്‍ പ്രാദേശികതയും അളിഞ്ഞ ജാതിബോധവും.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ സ്വാഭാവിക പ്രതികരണമെന്ന ടാഗ് വെച്ച് മൗനം പാലിക്കാന്‍ ജനാധിപത്യ ഇന്ത്യക്ക് ലൈസന്‍സ് നല്‍കിയ തേര്‍വാഴ്ചകളില്‍ തന്നെയാണ് കാണ്ഡമാലിനെയും കുറിപ്പുകാരന്‍ ഉള്‍പ്പെടുത്തുക. മുന്നൂറ് ചര്‍ച്ചുകള്‍ നശിപ്പിക്കപ്പെട്ടിട്ടും മുഖ്യധാര ക്രിസ്ത്യന്‍ സമൂഹം പോലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിന് പിന്നിലെ കാരണവും വിലയിരുത്തപ്പെടണം. ദലിതനും ആദിവാസിയും പരിവര്‍ത്തിക്കപ്പെട്ടാലും മുഖ്യധാരക്ക് അവരെ മനുഷ്യനായി കാണാന്‍ കഴിയാത്തതിന്റെ രാഷ്ട്രീയമാണ് ഭീതിപ്പെടുത്തുന്നത്. ഗുജറാത്തില്‍ അവര്‍ മുസ് ലിംകളെ തേടിവന്നു, ഒഡീഷയില്‍ അവര്‍ ക്രിസ്ത്യാനിയെ തേടിവന്നു, സംഘ്പരിവാര്‍ കാലത്ത് അവര്‍ ദലിതനെ തേടിവന്നു, ആദിവാസിയും അതിര്‍ത്തിയിലെ പൗരന്മാരും കര്‍ഷകനും അവരുടെ കളത്തിനും കോളത്തിനും പുറത്തായി.

ഫാഷിസത്തിന്റെ ഇരകളുടെ ജീവല്‍ പ്രശ്നത്തെ അഭിമുഖീകരിക്കാതെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് എത്രകാലം മുന്നോട്ട് പോകാനാവുമെന്നാണ് കാണ്ഡമാല്‍ നമ്മോട് ചോദിക്കുന്നത്. മനുഷ്യനെയല്ല ഫാഷിസം കൊന്നുതള്ളുന്നത്. ക്രിസ്ത്യാനിയെയും മുസ് ലിമിനെയും ദലിതനെയും ആദിവാസിയെയുമൊക്കെയാണെന്ന് കൃത്യപ്പെടുത്താതെ പ്രതിരോധം സാധ്യമാവില്ല.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Farmees PBM

contributor

Similar News