ജാതി അവസാനിച്ചുവെന്ന് ഇന്ത്യ പലപ്പോഴും സ്വയം വിശ്വസിപ്പിക്കാറുണ്ട്. ഭരണഘടന അയിത്തം നിരോധിച്ചു. നിയമങ്ങൾ വന്നു. പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് നിരവധി പേർ അധികാരത്തിന്റെ ഉയർന്ന സ്ഥാനങ്ങളിലെത്തി. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. എന്നാൽ ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം പ്രതിനിധിത്വം ഇപ്പോഴും വളരെ പരിമിതമാണ്. അധികാരത്തിന്റെ ചില വാതിലുകൾ തുറന്നുവെന്നത് സാമൂഹിക തുല്യത പൂർണമായി കൈവരിച്ചുവെന്നതിന് തെളിവല്ല. മറിച്ച്, നിയമപരമായ മുന്നേറ്റവും സാമൂഹിക യാഥാർഥ്യവും തമ്മിലുള്ള അകലം ഇപ്പോഴും എത്ര വലുതാണെന്ന് നോക്കേണ്ടതുണ്ട്.
അത്തരമൊരു സാഹചര്യത്തിലാണ് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവം ശ്രദ്ധേയമാകുന്നത്. ആഗസ്റ്റ് എട്ടിന് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാംലീല മൈതാനത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്തു. രണ്ട് ദിവസത്തിന് ശേഷം, ആഗസ്റ്റ് 10-ന്, ശ്രീരാം സേന ധർമാർഥ് സേവാന്യാസ് പ്രവർത്തകർ അതേ സ്ഥലത്ത് 'ശുദ്ധീകരണ ഹവനം' നടത്തി. ഒരു രാഷ്ട്രീയ നേതാവ് പ്രസംഗിച്ചുപോയ സ്ഥലത്ത് പിന്നീട് ശുദ്ധീകരണം നടത്തേണ്ടിവന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം അവിടെത്തന്നെ ഉയരുന്നു.
ഇത് വെറുമൊരു മതചടങ്ങായി കാണാൻ കഴിയാത്തത് ഖാർഗെയുടെ സാമൂഹിക പശ്ചാത്തലം കൊണ്ടാണ്. ഇന്ത്യയുടെ ജാതി ചരിത്രത്തിൽ 'ശുദ്ധി', 'അശുദ്ധി' എന്നിവ കേവലം മതപരമായ ആശയങ്ങളായിരുന്നില്ല. ആരെ തൊടാം, ആരോടൊപ്പം ഇരിക്കാം, ആരുടെ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാം എന്നതുപോലും ജന്മത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ചിരുന്ന സാമൂഹിക അധികാരത്തിന്റെ ഭാഷയായിരുന്നു അത്.
അതുകൊണ്ട് ഹൽദ്വാനിയിലെ പ്രധാന ചോദ്യം ഹവനം നടന്നോ എന്നതല്ല. ആരുടെ സാന്നിധ്യത്തിന് ശേഷമാണ് ഒരു പൊതുസ്ഥലം ശുദ്ധീകരിക്കേണ്ടതായി തോന്നിയത്? എന്നതാണ്. രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തിലെ ഉയർന്ന സ്ഥാനത്ത് ഒരു നേതാവ് എത്തിയിട്ടും അദ്ദേഹത്തിന്റെ ജന്മം ചിലരുടെ കാഴ്ചയിൽ ഇപ്പോഴും 'ശുദ്ധീകരണം' ആവശ്യപ്പെടുന്ന ഒന്നായി മാറുന്നുവെങ്കിൽ മറ്റ് ജനവിഭാഗങ്ങളുടെ അവസ്ഥ എന്താവും, ജാതി നിയമത്തിൽ നിന്ന് മാത്രം ഇല്ലാതാകില്ലെന്ന് വ്യക്തമാണ്.
ഇന്ത്യയുടെ ചരിത്രത്തിൽ ഇത്തരം മനോഭാവങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് നീണ്ട പാരമ്പര്യമുണ്ട്. മഹാദ് സത്യാഗ്രഹം അതിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നാണ്. പൊതു ജലാശയത്തിൽ നിന്ന് വെള്ളം കുടിക്കാനുള്ള അവകാശത്തിനായി അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന ആ സമരം വെള്ളത്തിനായുള്ള പോരാട്ടം മാത്രമായിരുന്നില്ല. പൊതുസമൂഹത്തിൽ മറ്റുള്ളവരെപ്പോലെ തുല്യ അവകാശത്തോടെ ജീവിക്കാനുള്ള അവകാശത്തിനായുള്ള പ്രഖ്യാപനമായിരുന്നു.
ആ സമരത്തിന്റെ പശ്ചാത്തലത്തിലാണ് 1927 ഡിസംബർ 25-ന് അംബേദ്കറും അനുയായികളും മനുസ്മൃതി ദഹിപ്പിച്ചത്. അത് ഒരു ഗ്രന്ഥത്തോടുള്ള വൈകാരിക പ്രതിഷേധമല്ലായിരുന്നു. ജാതിവ്യവസ്ഥയ്ക്ക് സാമൂഹികവും മതപരവുമായ ന്യായീകരണം നൽകുന്ന ആശയലോകത്തോടുള്ള രാഷ്ട്രീയ വെല്ലുവിളിയായിരുന്നു. മനുഷ്യന്റെ ജന്മം അവന്റെ സാമൂഹിക സ്ഥാനവും മാന്യതയും നിർണ്ണയിക്കണം എന്ന ചിന്തയെയാണ് അംബേദ്കർ ചോദ്യം ചെയ്തത്.
ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷം മനുസ്മൃതി വീണ്ടും രാഷ്ട്രീയ തെരുവിലേക്ക് വരുന്നത് അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്. ഹൽദ്വാനി സംഭവത്തിനെതിരെ രാഹുൽ ഗാന്ധി പ്രതികരിക്കുകയും ശുദ്ധീകരണച്ചടങ്ങിനെ അയിത്തത്തിന്റെ മറ്റൊരു രൂപമായി വിശേഷിപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിനെതിരെ പരാതി നൽകുകയും BNS 196 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി FIR രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ മനുസ്മൃതി കത്തിക്കുകയും 'മനുസ്മൃതി വേണ്ട, ഭരണഘടന മതി' എന്ന മുദ്രാവാക്യം ഉയരുകയും ചെയ്തു.
ഇവിടെ പാർട്ടി രാഷ്ട്രീയത്തിനപ്പുറം ഒരു ചോദ്യം ഉയരുന്നു: ഭരണഘടനയെ അംഗീകരിച്ച ഇന്ത്യ അതിന്റെ സാമൂഹിക മൂല്യങ്ങളെയും യഥാർത്ഥത്തിൽ സ്വീകരിച്ചിട്ടുണ്ടോ? ആർട്ടിക്കിൾ 17 അയിത്തം നിരോധിക്കുന്നു. തുല്യതയും മാന്യതയും ഭരണഘടന ഉറപ്പുനൽകുന്നു. പക്ഷേ ഭരണഘടനയിൽ ഒരു അവകാശം എഴുതിവെച്ചതുകൊണ്ട് മാത്രം അത് സമൂഹത്തിൽ യാഥാർഥ്യമാകില്ല. ജാതിയുടെ പേരിലുള്ള അതിക്രമങ്ങളും സാമൂഹിക ബഹിഷ്കരണങ്ങളും അന്തർജാതി വിവാഹങ്ങൾക്കെതിരായ ആക്രമണങ്ങളും ഇന്നും വാർത്തയാകുന്നു. നിയമം മുന്നോട്ട് പോയിട്ടും സമൂഹത്തിന്റെ ചില ഭാഗങ്ങൾ പഴയ സാമൂഹിക ധാരണകളെ ഇപ്പോഴും വഹിക്കുന്നു.
ഇവിടെയാണ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ചുള്ള ചോദ്യം വരുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ആ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഭരണകൂടത്തിന്റെ പ്രതികരണം തന്നെ പലപ്പോഴും രാഷ്ട്രീയ ചർച്ചയാകുന്നു. ഒരു വശത്ത് ഭരണഘടന സമത്വം വാഗ്ദാനം ചെയ്യുന്നു; മറുവശത്ത് ആ സമത്വം ഉറപ്പാക്കേണ്ട സംവിധാനങ്ങൾ തന്നെ വിവാദങ്ങളുടെ ഭാഗമാകുന്നു. ഇതാണ് ഈ സംഭവത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യം.
അംബേദ്കർ മനുസ്മൃതി കത്തിച്ചപ്പോൾ ചോദ്യം ചെയ്തത് ഒരു പുസ്തകത്തെയല്ല; ജന്മത്തിന്റെ പേരിൽ മനുഷ്യരെ അളക്കുന്ന ഒരു സാമൂഹിക ക്രമത്തെയായിരുന്നു. ഹൽദ്വാനിയിലെ 'ശുദ്ധീകരണം' ആ പഴയ ചിന്തയുടെ മറ്റൊരു രൂപത്തെക്കുറിച്ച് ചോദിക്കാൻ നമ്മെ നിർബന്ധിക്കുന്നു.
ഭരണഘടന ഇന്ത്യയുടെ നിയമങ്ങളെ മാറ്റി. എന്നാൽ സമൂഹത്തിന്റെ മനസ്സിനെ അതേ വേഗത്തിൽ മാറ്റാൻ കഴിഞ്ഞിട്ടില്ല. അതാണ് യഥാർത്ഥ വെല്ലുവിളി. ജാതിക്കെതിരായ പോരാട്ടം ഇനി നിയമത്തിൽ മാത്രം നടക്കേണ്ടതല്ല. അധികാരത്തിന്റെ ഇടനാഴികളിലും പൊതുസ്ഥലങ്ങളിലും മനുഷ്യരുടെ ദൈനംദിന പെരുമാറ്റത്തിലും നടക്കേണ്ടതാണ്.