നവോത്ഥാനന്തര കേരളത്തിൽ ദലിത് ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യ, സാംസ്കാരിക ,രാഷ്ടീയ മുന്നേറ്റങ്ങൾക്ക് ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ ദിശാബോധം നൽകി ദലിത് വിമോചന മുന്നേറ്റം എന്ന സമസ്യക്ക് കേരളത്തിൻ്റെ പശ്ചാത്തലത്തിൽ നവഭാവുകത്വം നൽകിയ പ്രതിഭാധനരായ നേതാക്കളായിരുന്നെങ്കിലും വിസ്മൃതിയുടെ ചുഴികളിലകപ്പെട്ടുപോയ ചരിത്ര ശില്പികളാണ് കല്ലറ സുകുമാരനും പോൾ ചിറക്കരോടും.
മർദിതരുടെ വിമോചനം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി അവരുടെ വേദനകളും യാതനകളും സ്വയം ഏറ്റുവാങ്ങിയ അവർ പ്രതിബന്ധങ്ങളുടെ ഒഴുക്കിനെതിരെ നീന്തിയാണ് കേരളത്തിലെ ദലിത്- ആദിവാസി വിഭാഗങ്ങളെ സംഘബോധത്തിലേയ്ക്കും അവകാശ പോരാട്ടങ്ങളിലേയ്ക്കും നയിച്ചത്. മർദിതരുടെ അവഗണനയ്ക്കും അവകാശ നിഷേധങ്ങൾക്കും ജാതീയമായ അതിക്രമങ്ങൾക്കുമെതിരെ എഴുത്തിലൂടെയും വാഗ്‌ധോരണിയിലൂടെയും സംഘാടന മികവിലൂടെയും കേരളത്തിലെ അടിസ്ഥാന ജനതയെ വിമോചനത്തിൻ്റെ യഥാർഥ പാതയിലേക്ക് നയിച്ച ഈ നവോത്ഥാന നായകരുടെ സ്മരണകൾ തീഷ്ണവും ദീപ്തവും അതിലേറെ ഭാവസാന്ദ്രവുമാണ്.
ഒരേതൂവൽ പക്ഷികളെപ്പോലെ സംഘാടനത്തിൻ്റെയും എഴുത്തിൻ്റെയും ചിന്തയുടെയും വ്യതിരിക്ത വഴികളിലൂടെ അതിസാഹസികമായി സഞ്ചരിച്ച്, ജാതീയമായും മതപരമായും ചിതറിപ്പോയിരുന്ന കേരളത്തിലെ അടിസ്ഥാന ജനതയെ ജാതി-മത, രാഷ്ട്രീയ ഉൾപ്പിരിവുകൾക്കതീതമായി സംഘബോധത്തിലേയ്ക്കും അവകാശ പോരാട്ടങ്ങളിലേക്കും നയിച്ച ഈ മഹാരഥന്മാരുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളിലൂടെയാണ് ആധുനിക കേരളത്തിൽ ദലിതർ ഒരു ജനതയും സംസ്കാരവും ചരിത്രവുമാണെന്ന നവോത്ഥാന ചിന്തയിലേയ്ക്കും തദ്വാര സ്വത്വ നിർമ്മിതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള സംഘടിത മുന്നേറ്റങ്ങളിലേയ്ക്കും നയിക്കപ്പെടുന്നത്.
ആധുനിക കേരളത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ ദലിതരുടെ ഉയർത്തെഴുന്നേൽപ്പുകൾ തികച്ചും അസാധ്യമായിരുന്ന അഥവാ അത്തരം ശ്രമങ്ങളെ ബോധപൂർവം തമസ്കരിച്ചിരുന്ന, ഉയർത്തെഴുന്നേൽപ്പിൻ്റെ എല്ലാ വഴികളും അടയ്ക്കപ്പെട്ടിരുന്ന 1950കളുടെ അവസാനത്തിലായിരുന്നു ധിഷണാശാലികളായ കല്ലറ സുകുമാരനും പോൾ ചിറക്കരോടും ജാതി- മത വർഗ്ഗ രാഷ്ട്രീയ ഭേദ ചിന്തകൾക്കതീതമായി ദലിതരെ സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവുമായി സംഘടിപ്പിക്കുക എന്ന ഏറ്റവും സാഹസികമായ ചരിത്ര ദൗത്യത്തിലേർപ്പെടുന്നത്.
ജനാധിപത്യ കേരളവും ഇടതു-വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവഗണിച്ച ദലിത് - ആദിവാസി വിഭാഗങ്ങളെ ആധുനികതയ്ക്കൊപ്പം കൈപിടിച്ചുയർത്തുക എന്നത് അവരുടെ സ്വപ്നവും ദൗത്യമായിരുന്നു. നവോത്ഥാനന്തരം 1956ൽ കേരള സംസ്ഥാനം രൂപപ്പെടുന്നതിന് വളരെ മുൻപ് തന്നെ കേരളത്തിലെ പ്രബല സമുദായങ്ങളൊക്കെയും രാഷ്ടീയവത്ക്കരണത്തിലൂടെ ജനാധിപത്യത്തിൻ്റെ സാധ്യമായ അധികാരഘടനയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചെടുക്കുന്നതിൽ വിജയിച്ചപ്പോൾ ദലിത്- ആദിവാസി വിഭാഗങ്ങൾ പാടെ അരാഷ്ട്രീയവത്കരിച്ച് പിന്തള്ളപ്പെട്ടു പോവുകയായിരുന്നു. അതിൻ്റെ ദുരന്തങ്ങൾ ഇപ്പോഴും ഈ ജനതയെ വിട്ടൊഴിഞ്ഞു പോയിട്ടില്ല.
1957ലെ ഭൂപരിഷ്കരണം പോലും അവരുടെ രക്ഷക്കെത്തിയില്ല. കുടിയേറ്റക്കാരുടെ അധിനിവേശത്താൽ ഭൂമി നഷ്ടപ്പെട്ട ആദിവാസികളുടെ അതിജീവനം അനിർവചനീയമാം വിധം ദുഷ്കരമായിരുന്നു. ഭരണഘടന വിഭാവനം ചെയ്ത സംവരണ പരിരക്ഷകൾ പോലും പ്രാബല്യത്തിൽ കൊണ്ടുവരാൻ ഭരണകൂടങ്ങൾ വിമുഖത കാട്ടി. മാത്രമല്ല ദലിത്-ആദിവാസി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും ക്രമാതീതമായി വർധിച്ചുകൊണ്ടിരുന്നു. അവഗണനയുടെയും അനാഥത്വത്തിൻ്റെയും ഇരുൾമൂടിയ ഈയൊരു പശ്ചാത്തലത്തിലാണ് പ്രതിസന്ധികളെ നേരിട്ട്, കല്ലറയും പോളും നവോത്ഥാന മുന്നേറ്റങ്ങളുടെ തുടർച്ചയെന്നോണം കേരളത്തിലെ മർദിത വിഭാഗങ്ങളെ സംഘടിപ്പിക്കാനും അവരുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്താനും ശ്രമം ആരംഭിക്കുന്നത്.
ദലിത്-ആദിവാസി ,പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പെട്ട മർദിതരുടെ ഉയർത്തെഴുന്നേൽപ്പിൽ കൂടി മാത്രമെ അഥവാ അധികാരഘടനയുടെ സമസ്ത മേഖലകളിലും അവരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ മാത്രമെ ജനാധിപത്യം സാർഥകമാവൂ എന്നും മർദിതരുടെ വിമോചനം അവരിലൂടെ യാഥാർഥ്യമാകേണ്ട ഒന്നാണെന്നുമുള്ള ഉത്തമ ബോധ്യമായിരുന്നു ഇതിൻ്റെ പിന്നിലെ ചാലക ശക്തി. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രാഹ്മണിസത്തിനും ജാതിക്കുമെതിരെ വിപ്ളവത്തിൻ്റെ കലാപ കൊടിയർത്തിയ മഹാത്മ ഫൂലെ മുതൽ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന രൂപകല്പന ചെയ്ത രാഷ്ട്രശില്പി ഡോ.അംബേദ്കർ വരെയുള്ള സാമൂഹ്യ വിപ്ളവകാരികളുടെ നവോത്ഥാന ചിന്തകളിൽ നിന്നായിരുന്നു ഇരുവരും തങ്ങൾ ആസൂത്രണം ചെയ്ത സാമൂഹിക- രാഷ്ട്രീയ മുന്നേറ്റങ്ങളുടെ പ്രത്യയശാസ്ത്രപരമായ അടിത്തറ ഉറപ്പിച്ചെടുത്തത്.
മറ്റൊരർഥത്തിൽ ഇവരുടെ ധൈഷണികമായ ഇടപെടലുകളിലൂടെയും സംഘാടനത്തിലൂടെയുമാണ് സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും നീതിക്കും വേണ്ടി വാദിക്കുന്ന അംബേദ്കർ ചിന്തകളുടെ അലയൊലികൾ ആദ്യമായി കേരളക്കരയിൽ പ്രസരണം ചെയ്യപ്പെടുന്നത്. ജീവിതത്തിലുടനീളം ഇരുവരും ഡോ.അംബേദ്കർ ചിന്തകളുടെ പ്രാധാന്യത്തെപ്പറ്റി നിരന്തരം എഴുതിയതും പ്രസംഗിച്ചതും സ്മരണീയമാണ്. കല്ലറയും പോളും രൂപം നൽകിയ സാമൂഹിക ,രാഷ്ടീയ മുന്നേറ്റങ്ങളൊക്കെയും അടിസ്ഥാന ജനതയുടെ പിൽക്കാല സാമൂഹ്യ , രാഷ്ടീയ മുന്നേറ്റങ്ങൾക്ക് പ്രചോദനവും ദിശാബോധവും നൽകുന്നതിൽ ചെലുത്തിയ സ്വാധീനം നിർണായകമായിരുന്നു എന്നു കാണാൻ കഴിയും.
നിയതാർഥത്തിൽ മഹാത്മ അയ്യൻകാളിയും പൊയ്കയിൽ അപ്പച്ചനും എസ്.കെ. രാഘവനും ശേഷം കേരളത്തിലെ ആധുനിക ദലിത്- ആദിവാസി മുന്നേറ്റങ്ങളുടെ ചരിത്രം കല്ലറയുടെയും പോൾ ചിറക്കരോടിൻ്റെയും കടന്നുവരവോടെയാണ് ആരംഭിക്കുകയും വികസിക്കുകയും ചെയ്യുന്നതൊന്നു കാണാം.
വിപ്ലവത്തിൻ്റെ കല്ലറ
സാമൂഹ്യ പരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിച്ചതിൻ്റെ പേരിൽ പില്ക്കാലത്ത് കറുത്ത മുത്ത് എന്നും പാവങ്ങളുടെ പടനായകൻ എന്നും വിശേഷിപ്പിക്കപ്പെട്ട കല്ലറ സുകുമാരൻ്റെ സാമൂഹ്യ ,രാഷ്ടീയ ഇടപെടലുകളെപ്പറ്റിയും അധികാരി വർഗ്ഗത്തോട് അദ്ദേഹം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയും കേരളീയ സമൂഹം, പ്രത്യേകിച്ചും ദലിത് സമൂഹം ഇനിയും വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്നത് സംശയമാണ്. കേരളത്തിൻ്റെ ദലിത് മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായൊരു ഏടായി അദ്ദേഹത്തിൻ്റെ പൊതുജീവിതവും പ്രവർത്തനങ്ങളും അവശേഷിക്കുകയാണ്.
കേരളത്തിലെ ദലിത് പ്രസ്ഥാനങ്ങൾക്ക് ധൈഷണികവും രാഷ്ടീയവുമായ അടിത്തറ സൃഷ്ടിക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ കല്ലറ സുകുമാരൻ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളോടും ഭരണകൂടത്തോടും ക്ലാവുപിടിച്ചു തേഞ്ഞുപഴകിയ ജാതി മൂല്യങ്ങളോടും സന്ധി ചെയ്യാതെ നിരന്തരം ഏറ്റുമുട്ടി കൊണ്ടായിരുന്നു മർദിതരുടെ വിമോചന മുന്നേറ്റങ്ങളുടെ അമരക്കാരനായി നിലകൊണ്ടത്. തികഞ്ഞ വാഗ്മിയും എഴുത്തുകാരനും സംഘാടകനുമായിരുന്ന അദ്ദേഹം മനുഷ്യാവകാശങ്ങളുടെ വീണ്ടെടുപ്പിനും ദലിത്-പിന്നോക്ക ,മത ന്യൂനപക്ഷങ്ങളുടെ ഐക്യത്തിനും ദലിതരുടെ ഏകോപനത്തിനും ദലിത് സാഹിത്യത്തിൻ്റെ വളർച്ചയ്ക്കും നൽകിയ സംഭാവനകളും അവിസ്മരണീയമാണ്.
ജനാധിപത്യത്തിനു നേരെയുള്ള ബ്രാഹ്മണസത്തിൻ്റെ വെല്ലുവിളികളെ ദീർഘവീക്ഷണം ചെയ്ത അദ്ദേഹം ദലിത്- പിന്നോക്ക - മതന്യൂനപക്ഷ ഐക്യത്തിലൂടെ രാഷ്ടീയ ഹിന്ദുത്വത്തിൻ്റെ ഭീകരതയെ നേരിടാൻ ആഹ്വാനം ചെയ്ത മാനവികതയുടെ രാഷ്ട്രീയ സാരഥി കൂടിയായിരുന്നു.
1939 ആഗസ്റ്റ് 4ന് കോട്ടയം ജില്ലയിലെ കല്ലറ പഞ്ചായത്തിലെ കൊതവറക്കുന്നിൽ ജനിച്ച കല്ലറ സുകുമാരൻ മാതാപിതാക്കൾക്കൊപ്പം 1942ൽ ഇടുക്കി ജില്ലയിലേയ്ക്ക് കുടിയേറുകയും വിദ്യാഭ്യാസാനന്തരം 1957ൽ പീരുമേട് താലൂക്ക് ഹരിജൻ ഫെഡറേഷൻ എന്ന പ്രാദേശിക സംഘടന രൂപീകരിക്കുകയും ചെയ്യുന്നതോടുകൂടിയായിരുന്നു തൻ്റെ പൊതുജീവിതം ആരംഭിക്കുന്നത്. ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽ പണിയെടുത്തിരുന്ന ദലിത് തൊഴിലാളികളുടെ തൊഴിൽ പ്രശ്‌നങ്ങൾക്കും അവർ നേരിട്ടുകൊണ്ടിരുന്ന ചൂഷണങ്ങൾക്കും വിവേചങ്ങൾക്കും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഈ സംഘടനയാണ് പില്ക്കാലത്ത് കേരള ഹരിജൻ ഫെഡറേഷൻ(1972) ,സിഡിഒ (1979), ഇന്ത്യൻ ദലിത് ഫെഡറേഷൻ (1986) ,സികെടിയു (1983 ), ഇന്ത്യൻ ലേബർ പാർട്ടി (1983), ബഹുജൻ സമാജ് പാർട്ടി (1989) തുടങ്ങിയ മർദിതരുടെ ആത്മാഭിമാന പ്രതീകങ്ങളായ സാമൂഹിക ,രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ വിത്തുപാകിയത്.
സാമൂഹിക വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ സംഘടിച്ച് രാഷ്ട്രീയ അധികാരം നേടിയെടുക്കുക എന്നതായിരുന്നു കല്ലറ സുകുമാരൻ്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ പൊരുൾ .
ആധുനിക കേരളത്തിൻ്റെ സാമൂഹിക, രാഷ്ടീയ ചരിത്രത്തിൽ ഐതിഹാസികമായ നിരവധി പ്രക്ഷോഭങ്ങൾക്കും മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകിയ നേതാവായിരുന്നു കല്ലറ സുകുമാരൻ .പൊതു ജീവിതത്തിൻ്റെ ആരംഭം മുതൽ തോട്ടം തൊഴിലാളികളുടെ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രക്ഷോഭത്തിലേർപ്പെട്ട അദ്ദേഹം 1972- ൻ്റെ തുടക്കം മുതൽ ജാതീയമായ അടിച്ചമർത്തലുകൾക്കും വിവേചനങ്ങൾക്കുമെതിരെ ശബ്ദമുയർത്തി.നവോത്ഥാനന്തര കേരളത്തിൽ ജാതിയും ജാതീയമായ വിവേചനങ്ങളും ആഴത്തിൽ വേരുറച്ചു നിലനിൽക്കുന്നുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ അദ്ദേഹം ജാതി നശിപ്പിക്കാതെ സമൂഹ്യ പുരോഗതി ആർജ്ജിക്കാനാവില്ലെന്ന് മുന്നറിയിപ്പ് നൽകി. ഹരിജന മർദ്ദനം അവസാനിപ്പിക്കുക, ആദിവാസി ഭൂനിയമം നടപ്പിലാക്കുക തുടങ്ങിയ കാതലായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ 1975-ൽ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ ശ്രദ്ധേയമായിരുന്നു.
1975ലെ ആദിവാസി ഭൂ നിയമം നടപ്പിലാക്കി ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവർക്കു തന്നെ തിരികെ നൽകുക എന്നു ആവശ്യപ്പെട്ടുകൊണ്ട നടന്ന കേരളത്തിലെ ആദ്യത്തെ പ്രക്ഷോഭമായിരുന്നു ഇത്.എസ് .ഐ.സോമൻ കൊല ചെയ്യപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ 1980ൽ സംഘടിപ്പിച്ച ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭമായിരുന്നു കല്ലറ സുകുമാരൻ്റെ നേതൃത്വത്തിൽ നടന്ന ശ്രദ്ധേയമായ മറ്റൊരു പ്രക്ഷോഭം .
ഗുരുവായൂരിൽ ബ്രാഹ്മണർക്കു മാത്രമായി നടത്തിയിരുന്ന നമസ്കാര സദ്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നടത്തിയ അയിത്താചരണ വിരുദ്ധ തീർഥാടന പദയാത്ര (1983) ,ക്രൈസ്തവ സഭകളിൽ നിലനിൽക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടു നടത്തിയ ദലിത്-ക്രൈസ്തവ സമരം (1984) , ജാതി നശിപ്പിക്കൂ ,സമൂഹം ഒന്നിക്കുക എന്ന മുദ്രാവാക്യവുമായി ജാതി ചിന്തയും ജാതിവിവേചനവും അവസാനിപ്പിക്കുക എന്ന ആഹ്വാനവുമായി നടത്തിയ ജാതിവിരുദ്ധ സമരം (1988), ആദിവാസികളുടെ മണ്ണും മാനവും രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി നടത്തിയ ആദിവാസി മാർച്ച് (1989) തുടങ്ങി കല്ലറ സുകുമാരൻ നേതൃത്വം നൽകിയ പ്രക്ഷോഭങ്ങളൊക്കെയും കേരളത്തിൻ്റെ ദലിത് മുന്നേറ്റ ചരിത്രത്തിലെ സുപ്രധാന ഏടുകളും നമ്മുടെ സാമൂഹിക ,രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ ആഴത്തിലുള്ള അനുരണങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തവുമായ സാമൂഹ്യ മുന്നേറ്റങ്ങളായിരുന്നു.
1931ലെ ഗുരുവായൂർ സത്യാഗ്രഹത്തിന് ശേഷം കേരളം സാക്ഷ്യം വഹിച്ച, അയിത്താചരണത്തിനെതിരെ നടന്ന ചരിത്രപ്രസിദ്ധമായ പ്രക്ഷോഭമായിരുന്നു 1983 ഫെബ്രുവരി 1ന് തിരുവനന്തപുരത്ത് നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് അദ്ദേഹം സംഘടിപ്പിച്ച അയിത്താചരണ വിരുദ്ധ തീർത്ഥാടന പദയാത്ര .1982 നവംബർ 2- ന്, ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണർക്കു മാത്രമായി നടത്തിയിരുന്ന നമസ്കാര സദ്യയിൽ പൂണൂൽ ധരിക്കാതെ പങ്കെടുത്തതിന് സാമൂഹ്യ പരിഷ്കർത്താവായ സ്വാമി ആനന്ദതീർഥരെ ദേവസ്വം ബോർഡ് ജീവനക്കാരും പൊലീസും ചേർന്ന് മർദിച്ചവശനാക്കിയ സാഹചര്യത്തിലാണ് കല്ലറ സുകുമാരൻ്റെ നേതൃത്വത്തിൽ 1983 ഫെബ്രുവരി 1-ന് തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേയ്ക്ക് ജാതി നശിപ്പിക്കുക, ബ്രാഹ്മണർക്കു മാത്രമായി നടത്തുന്ന നമസ്കാര സദ്യ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി ഗുരുവായൂർ പദയാത്ര സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 13 - ന് അവസാനിച്ച പദയാത്രയുടെ പരിണത ഫലമായായാണ് 1983 ഡിസംബർ 31-ന് ബ്രാഹ്മണസദ്യ നിർത്തലാക്കി കൊണ്ടുള്ള കോടതി വിധി ഉണ്ടായത്.
മികവുറ്റ സംഘാടകനും വാഗ്മിയുമായിരുന്ന കല്ലറ സുകുമാരൻ എഴുത്തുകാരൻ എന്ന നിലയിൽ മലയാള സാഹിത്യത്തിന് ,വിശിഷ്യാ ദലിത് സാഹിത്യത്തിൻ്റെ വികാസ പരിണാമങ്ങൾക്ക് നൽകിയ സംഭാവനകളും അവിസ്മരണീയമാണ്. മലയാളത്തിൽ ദലിത് സാഹിത്യം അത്ര ശക്തമല്ലാതിരുന്ന അഥവാ അവഗണന നേരിട്ടിരുന്ന കാലഘട്ടത്തിലാണ് അംബേദ്കർ ദർശനങ്ങളുടെ പിൻബലത്തിൽ കല്ലറ സുകുമാരൻ എഴുതിത്തുടങ്ങുന്നത്. ദലിത് വിമോചന മുന്നേറ്റത്തിൻ്റെ പൊളിറ്റിക്കൽ മാനിഫെസ്റ്റോ എന്നു വിശേഷിപ്പിക്കാവുന്ന "വിമോചനത്തിൻ്റെ അർഥശാസ്ത്രം " മർദിതരുടെ ഉയർത്തെഴുന്നേൽപ്പിൻ്റെ അനിവാര്യതെ സൈദ്ധാന്തികതയെ വിശകലനം ചെയ്യുന്ന കൃതിയാണ്.''
ഇന്ധനപ്പുര " എന്ന ദീർഘകാവ്യം അത്യന്തം ദയനീയമായ ദലിതരുടെ വർത്തമാനകാല സാമൂഹിക ,രാഷ്ട്രീയ സാഹചര്യങ്ങളെ സർഗാത്മകമായി അനാവരണം ചെയ്യുന്നു. "കേരള ഹരിജൻ ഫെഡറേഷൻ എന്ത്? എന്തിന്? ", "ബ്രാഹ്മണിസം ഡോ.അംബേദ്ക്കറുടെ വീക്ഷണത്തിൽ " , "ജാതി ഒരു അഭിശാപം" ,"വൈക്കം സത്യാഗ്രഹം സത്യവും മിഥ്യയും " , "പൂനാപാക്ടും ദലിത് പ്രത്യയശാസ്ത്രവും'', "ഒളിവിലെ ഓർമ്മകൾ " ,"ദരിദ്രവർഗ്ഗവും രാഷ്ട്രീയവും" , " അയിത്തോച്ചാടനം അന്നും ഇന്നും " ,"ഹരിജൻ വിഷയങ്ങളിൽ ഒരു അഭിവീക്ഷണം" ,"ഡോ.അംബേദ്കർ " , ,"മർദിതരുടെ വിമോചനം ഇന്ത്യയിൽ " ,"മാവോ സെതുങ് " തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ മറ്റു രചനകൾ .
അദ്ദേഹത്തിൻ്റെ പത്രാധിപത്യത്തിൽ ദീർഘകാലം പ്രസിദ്ധീകരിച്ചിരുന്ന മാസികയായിരുന്നു "ജ്വലനം" . ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണിസത്തിനും ഉച്ചനീചത്വങ്ങൾക്കുമെതിരെ തുറന്ന യുദ്ധപ്രഖ്യാപനം നടത്തുന്ന കല്ലറ സുകുമാരൻ്റെ രചനകൾ ജനാധിപത്യ മൂല്യങ്ങൾക്കു വേണ്ടി സന്ധി ചെയ്യാതെ വാദിക്കുകയും ബ്രാഹ്മണസത്തിൻ്റെ ദുരന്തങ്ങളെ തുറന്നു കാട്ടുന്നവയും മാനവികതയ്ക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്നവയാണ്. ജീവിതാന്ത്യം വരെ നീതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും ദലിത്- ബഹുജൻ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും വേണ്ടി പ്രയത്നിച്ച കല്ലറ സുകുമാരൻ എക്കാലവും മർദിതരുടെ അനിഷേധ്യനായ വിമോചന പോരാളിയും മാർഗദർശിയാണെന്നതിൽ സംശയമില്ല.
അവഗണിക്കപ്പെട്ടവരുടെ ഇതിഹാസകാരൻ
നവോത്ഥാനന്തര കേരളത്തിൽ പല കാരണങ്ങളാൽ ജാതികളും ഉപജാതികളുമായി ചിന്നിച്ചിതറിപ്പോയ ദലിതരുടെ അതിജീവന സമസ്യകൾക്ക് ലിഖിത ഭാഷ്യം നൽകിയ സാഹിത്യകാരന്മാരിൽ പ്രമുഖനായിരുന്നു പോൾ ചിറക്കരോട്. 1957കൾ മുതൽ കല്ലറ സുകുമാരൻ്റെ നേതൃത്വത്തിൽ വികസിച്ചു വന്ന വിവിധങ്ങളായ സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മുന്നേറ്റങ്ങൾക്കുമൊപ്പം തോളോടുതോൾ ചേർന്ന് സഞ്ചിരിച്ച പോൾ ചിറക്കരോട് അക്ഷരങ്ങളുടെ മായിക പ്രപഞ്ചത്തിലൂടെ സാമൂഹിക വിപ്ളവത്തിൻ്റെ അഗ്നിപടർത്തിയ സാഹിത്യോപാസകനായിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് ആധുനിക ദലിത് സാഹിത്യ പ്രസ്ഥാനം ഉരുവം കൊള്ളുന്നതിനും ഒരു പതിറ്റാണ്ട് മുൻപ് മലയാളത്തിൽ ഉറവപൊട്ടിയ ദലിത് സാഹിത്യ പ്രസ്ഥാനത്തിന് ഊടും പാവും നൽകിയവരിൽ അഗ്രഗാമിയായിരുന്നു പോൾ ചിറക്കരോട്.
ജാതിയുടെയും മതത്തിൻ്റെയും പേരിൽ പൊതു സമൂഹം ഓരങ്ങളിലേയ്ക്ക് തള്ളിമാറ്റിയ അശരണരും നിരാലംബരുമായ മർദിത ജനവിഭാഗങ്ങൾക്കിടയിൽ ജനിച്ച് അവരുടെ ഹൃദയസ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിച്ച് അവരുടെ വികാരവിചാരങ്ങൾക്ക് ലിഖിത ഭാഷ്യം ചമയ്ക്കുന്നതിലൂടെയാണ് പോൾ ചിറക്കരോട് മലയാള സാഹിത്യ ചക്രവാളത്തിൽ സ്വന്തമായൊരു സിംഹാസം സൃഷ്ടിച്ചെടുക്കുന്നത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത് ,സാഹിത്യ നിരൂപകൻ, ജീവചരിത്രകാരൻ ,പത്രപ്രവർത്തകൻ ,വിവർത്തകൻ ,പ്രഭാഷകൻ ,അധ്യാപകൻ ,മനുഷ്യാവകാശ പ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പോൾ ചിറക്കരോട് മലയാളത്തിൽ ദലിത് സാഹിത്യത്തിന് വേണ്ടത്ര പരിഗണന ലഭിക്കാതിരുന്ന കാലഘട്ടത്തിലാണ് ഒന്നിനൊന്നു മെച്ചപ്പെട്ട അറുപതിലധികം കൃതികളിലൂടെ മലയാള സാഹിത്യ ലോകത്ത് ദലിത് സാഹിത്യത്തിന് ശക്തമായ അടിത്തറ പണിതുയർത്തുന്നത്.
1962-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിൻ്റെ പുലയത്തറ എന്ന നോവൽ ദലിത് സാഹിത്യത്തിലെ ക്ലാസ്സിക് രചനകളിൽ ഒന്നായി ഇപ്പോഴും നിലകൊള്ളുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇടതുപക്ഷ സഹയാത്രികനായി പൊതുപ്രവർത്തന രംഗത്ത് പാദമുദ്രകൾ പതിപ്പിച്ചു തുടങ്ങിയ അദ്ദേഹം പിന്നീട് ദലിത് മുന്നേറ്റത്തിൻ്റെ ചരിത്രപരമായ അനിവാര്യത തിരിച്ചറിഞ്ഞ് അത്തരം മുന്നേറ്റങ്ങൾക്കൊപ്പം അതിൻ്റെ ഭാഗമായി ഇഴുകിച്ചേർന്ന് സാഹിത്യ രചനകളിൽ വ്യാപൃതനാവുകയായിരുന്നു.
ജാതിയെ ആത്മനിശ്വാസമായി ഉൾക്കൊള്ളുന്ന ഹിന്ദുമതത്തിനുള്ളിലും ജാതിവിവേചനത്തിൻ്റെ കെടുതികൾ പേറുന്ന ക്രിസ്തുമതത്തിനുള്ളിലും ജാതിയുടെ പേരിൽ ദലിതർ നേരിടുന്ന അനിർവചനീയമായ വിവേചനത്തെയും അവഗണനയെയും നിശിതമായി വിമർശിച്ച എഴുത്തുകാരനായിരുന്നു പോൾ ചിറക്കരോട്. നിയതാർഥത്തിൽ എഴുത്ത് എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാമൂഹിക വിപ്ളവത്തിൻ്റെ ഏറ്റവും ഉദാത്തമായ ഉപാധിയും ആയുധവുമായിരുന്നു. യഥാതഥ വ്യാഖ്യാനങ്ങൾക്കപ്പുറം പ്രതിഷേധത്തിൻ്റെയും പ്രതിരോധത്തിൻ്റെയും വിപ്ളവത്തിൻ്റെയും സാഹിത്യമാണ് ദലിത് സാഹിത്യം എന്ന് പോൾ ചിറക്കരോട് തന്നെ എഴുതിയിട്ടുണ്ട്.
1957ൽ എഴുതിയ "അലിഞ്ഞു തീർന്ന ആത്മാവാണ് " അദ്ദേഹത്തിൻ്റെ ആദ്യ രചന ; പടവുകൾ മാസികയുടെ പ്രവർത്തിക്കവെ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ച അലൻ പേറ്റൻ്റെ "കേഴുക പ്രിയ നാടെ " (Cry My Beloved Country) അവസാനത്തേതും. ജാതിക്കും മതത്തിനും കീഴിൽ ദലിതർ അനുഭവിക്കുന്ന ക്രൂരമായ വിവേചനവും മണ്ണിനും അതിജീവനത്തിനും വേണ്ടി അവർ ഉയർത്തുന്ന വിലാപങ്ങളും മുന്നേറ്റങ്ങളും വ്യത്യസ്തവും ഹൃദയസ്പർശിയായ ആഖ്യാനശൈലിയിലൂടെ പോൾ ചിറക്കരോട് എഴുതിയപ്പോൾ സാഹിത്യ ലോകത്ത് അതൊരു വേറിട്ട അനുഭവമായി മാറി.
ദലിതരുടെ അനാഥത്വവും അവർ നേരിടുന്ന വിവേചനവും പോൾ ചിറക്കരോടിൻ്റെ മിക്ക രചനകളിലും ഉറഞ്ഞുകിടക്കുന്നത് കാണാം. ക്രിസ്തീയ സഭകളിൽ രൂഢമൂലമായിരുന്ന ജാതീയമായ വിവേചനങ്ങൾക്കെതിരെ 1980 കളിൽ ദലിത് ദൈവശാസ്ത്രം എന്ന ആത്മീയ പ്രത്യയശാസ്ത്ര മുന്നേറ്റം യാഥാർഥ്യമായപ്പോൾ പോൾ ചിറക്കരോട് ആ പ്രസ്ഥാനത്തിൻ്റെ ശക്തനായ വക്താവായി നിലകൊണ്ടു.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ദലിതരോട് അനുവർത്തിച്ച അവഗണനയെയും അദ്ദേഹം തൻ്റെ എഴുത്തുകളിലൂടെ തുറന്നു വിമർശിച്ചു. ഡോ.അംബേദ്ക്കറുടെ ആശയ പ്രപഞ്ചത്തെ മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ പോൾ ചിറക്കരോട് വഹിച്ച പങ്കും നിസ്തുലമാണ്. ഒരു ദാർശനികൻ എന്ന നിലയിൽ ഡോ.അംബേദ്ക്കറുടെ ധൈഷണിക സംഭാവനകളെ അടയാളപ്പെടുത്തുന്ന അദ്ദേഹത്തിൻ്റെ അസാധാരണ രചനയാണ് "അംബേദ്കർ :ബൗദ്ധിക വിക്ഷോഭത്തിൻ്റെ തീജ്വാല ". "റസ്സൽ: മാനവരാശിയുടെ മനസാക്ഷി", "രവീന്ദ്രനാഥ ടാഗോർ " ,"ഡേവിഡ് ലിവിങ്സ്റ്റൺ " എന്നിവ പോൾ ചിറക്കരോടിൻ്റെ ജീവചരിത്ര പഠനങ്ങളിൽ വ്യതിരിക്തത പുലർത്തുന്ന കൃതികളാണ്. മർദിതരുടെ വിമോചന മുന്നേറ്റങ്ങളെ ആഗോളതലത്തിൽ വിശകലനം ചെയ്യുന്ന "കറുത്ത വിപ്ളവ "വും ദലിത് ക്രൈസ്തവരുടെ സാമൂഹ്യ ചരിത്രം അടയാളപ്പെടുത്തുന്ന "ദലിത് ക്രൈസ്തവർ കേരളത്തിൽ " എന്ന കൃതിയും ആഖ്യാനശൈലിയാലും അവതരണ സവിശേഷതയാലും വേറിട്ടുനിൽക്കുന്നു.
വ്യത്യസ്തമായ രണ്ടു വാല്യങ്ങളിലൂടെ ആദ്യമായി ദലിത് സാഹിത്യത്തെ മലയാളത്തിൽ പഠനവിധേയമാക്കിയതും പോൾ ചിറക്കരോടായിരുന്നു. അദ്ദേഹം ഇംഗ്ലീഷിൽ രചന നിർവഹിച്ച Dalits and the left, The subaltern uprising എന്നിവയും ദലിത് സാഹിത്യത്തിന് ഈടുവയ്പ് നൽകുന്ന രചനകൾ തന്നെ. വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച സമാഹരിക്കപ്പെടാത്ത ചെറുകഥകളും ലേഖനങ്ങളും നിരവധിയാണ്. ദലിതരുടെ അതിജീവന സമസ്യകളെ പ്രമേയമാക്കി അദ്ദേഹം എഴുതിയ ചെറുകഥകളുടെ പട്ടികയും ദൈർഘ്യമേറിയ താണ്. ഭൂരഹിതരും കർഷക തൊഴിലാളികളുമായ ദലിതരുടെ ജീവിത യാഥാർഥ്യങ്ങൾ ,മണ്ണിനു വേണ്ടിയുള്ള അവരുടെ വിലാപങ്ങൾ ,അതിജീവന സംബന്ധിയായ അവരുടെ ആകുലതകൾ തുടങ്ങി മണ്ണുമായി സമരസപ്പെട്ടു ജീവിച്ച മനുഷ്യരുടെ വികാരവിചാരങ്ങളൊക്കെയും ദീപ്തവും അതിലേറെ ഭാവസാന്ദ്രവുമായി ഈ കൃതികളിലൂടെ ഇദംപ്രഥമായി പോൾ ചിറക്കരോട് മലയാളികളെ പരിചയപ്പെടുത്തി. ചേറിലും ചെളിയിലും ജീവിതം തള്ളിനീക്കുന്ന മനുഷ്യർക്കും ജീവിതമുണ്ടെന്നും അവർക്കും പ്രണയവും നൊമ്പരങ്ങളുമുണ്ടെന്നും അതോടെ മലയാളികൾ തിരിച്ചറിഞ്ഞു.
ചുരുക്കത്തിൽ ജാതിയും മതത്തിനും രാഷ്ട്രീയത്തിനും അടിമപ്പെട്ട് സ്വത്വവും ജീവിതവും സ്വപ്നങ്ങളും നഷ്ടപ്പെട്ട മർദിതരുടെ ആത്മരോദനങ്ങൾ അക്ഷരങ്ങളിലൂടെ ആലേഖനം ചെയ്തുകൊണ്ടാണ് പോൾ ചിറക്കരോട് എന്ന അനുഗൃഹീത സാഹിത്യകാരൻ അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹിക ,രാഷ്ട്രീയ മുന്നേറ്റങ്ങളിൽ കല്ലറ സുകുമാരനൊപ്പം അമരക്കാരനായി മാറിയത്. ജാതീയവും മതപരവുമായി വിഭജിക്കപ്പെട്ടു പോയ ദലിത്- ആദിവാസി ,പിന്നോക്ക വിഭാഗങ്ങളെ ഐക്യപ്പെടുത്തി രാഷ്ട്രീയ പോരാട്ടത്തിൻ്റെ പാതയിലേയ്ക്ക് നയിക്കുക എന്നത് ഇരുവരുടെയും ലക്ഷ്യവും ദൗത്യവുമായിരുന്നു.
അതുകൊണ്ടു തന്നെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുമായോ ഭരണവർഗവുമായോ സന്ധി ചെയ്യാനും അധികാരത്തിൻ്റെ ഉച്ഛിഷ്ടങ്ങൾക്കു വേണ്ടി യാചിക്കാനും അവർ തയ്യാറായിരുന്നില്ല. മണ്ണും അധികാരവും ദലിതർക്ക് അനിവാര്യമാണെന്നു വാദിച്ച അവർ ഭൂ പരിഷ്കരണം വലിയ തട്ടിപ്പാണെന്നു വിളിച്ചു പറയുകയും ഭൂമിയുടെ രാഷ്ട്രീയത്തിന് ഊന്നൽ നൽകുകയും പാർശ്വവൽകൃതരുടെ ബദൽ രാഷ്ട്രീയത്തിന് (ബഹുജൻ രാഷ്ട്രിയം ) വിത്തുപാകുകയും ചെയ്തു. എല്ലാ സാമൂഹിക പുരോഗതിയുടെയും താക്കോൽ രാഷ്ട്രീയ അധികാരമാണെന്നു ഉറച്ചു വിശ്വസിച്ചിരുന്നവരായിരുന്നു കല്ലറയും പോൾ ചിറക്കരോടും .ബ്രാഹ്മണിക ഹിന്ദുയിസത്തിനെതിരെ അവർ വികസിപ്പിച്ചെടുത്ത രാഷ്ട്രീയ ചിന്തകളുടെ സമകാലിക പ്രസക്തി അവരുടെ എഴുത്തുകളിലും പ്രവർത്തനങ്ങളിൽ നിന്നും പുതുതലമുറയ്ക്ക് വായിച്ചെടുക്കാനാവും. അത്യന്തം തീഷ്ണവും അതിലേറെ ഭാവ സാന്ദ്രവുമായ ആ ചിന്താധാരയിൽ നിന്നായിരിക്കാം ഒരു പക്ഷേ ഭാവിയിൽ ബദൽ രാഷ്ട്രീയ മുന്നേറ്റത്തിൻ്റെ വിത്തുകൾ മുളപൊട്ടുക.
(കുറിപ്പ്: ആഗസ്റ്റ് 4 കല്ലറ സുകുമാരൻ്റെ ജന്മദിനവും പോൾ ചിറക്കരോടിൻ്റെ സ്മൃതി ദിനവുമാണ് .)