സർക്കാരിന് മനസ്സില്ല, കോടതിക്ക് സമയമില്ല, മാധ്യമങ്ങൾക്ക് വയ്യേവയ്യ; ലോകകപ്പിൽ നിന്ന് മൂന്ന് വാചാല ചിത്രങ്ങൾ

ജുഡീഷ്യറിയെ സമീപിച്ചാലോ, മെട്രോസ്റ്റേഷൻ തുറക്കാത്തത് നോക്കാൻ നേരമുണ്ടായാലും പൗരന്മാരുടെ ജീവനും അന്തസ്സും ആപത്തിലായത് ശ്രദ്ധിക്കാൻ അവർക്ക് നേരമില്ല

Update: 2026-07-30 09:26 GMT

സർക്കാരിന് മനസ്സില്ല, കോടതിക്ക് സമയമില്ല, മാധ്യമങ്ങൾക്ക് വയ്യേവയ്യ

സർക്കാരിന് മനസ്സില്ല. ജുഡീഷ്യറിക്ക് നേരമില്ല. വിധേയമാധ്യമങ്ങൾക്ക് ധൈര്യം കിട്ടുന്നില്ല. ഇന്ത്യയിൽ ജനാധിപത്യ പ്രക്ഷോഭം പാറ്റകൾ ഏറ്റെടുത്തത് അങ്ങനെയാണ്. പാർലമെന്‍റ് ഫലപ്രദമല്ലാതായിട്ട് കുറച്ചായി. ജുഡീഷ്യറിയെ സമീപിച്ചാലോ, മെട്രോസ്റ്റേഷൻ തുറക്കാത്തത് നോക്കാൻ നേരമുണ്ടായാലും പൗരന്മാരുടെ ജീവനും അന്തസ്സും ആപത്തിലായത് ശ്രദ്ധിക്കാൻ അവർക്ക് നേരമില്ല.

അനേകം വിദ്യാർത്ഥികളുടെ ആത്മഹത്യക്ക് കാരണമായ, വിദ്യാഭ്യാസ സംവിധാനത്തെ തകർത്ത അഴിമതിയും കെടുകാര്യസ്ഥതയും രാജ്യത്തിന്‍റെ ഭാവി നശിപ്പിക്കുന്നു. ജനാധിപത്യപരമായി സമരം ചെയ്തവരെ തല്ലിച്ചതക്കുന്നു. അക്കാര്യം ഉന്നയിക്കുമ്പോൾ നീതിപീഠം പറയുന്നു, കാണാനും കേൾക്കാനും സമയമില്ലെന്ന്. കോടതിക്ക് നേരമില്ല. മാധ്യമങ്ങൾക്കോ? ഗോദി മീഡിയ ഏതായാലും സമരം പൊളിച്ച് സർക്കാരിനെ സഹായിക്കാൻ എപ്പോഴും തയ്യാർ.

Advertising
Advertising

സർക്കാരിന്റെ പരാജയം ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുമ്പോൾ, അതെങ്ങനെ മറച്ചു പിടിക്കാം എന്ന് നോക്കുകയാണ് ഗോദി ചാനലുകൾ. ഈ മുഖ്യധാരാ മാധ്യമങ്ങൾ, വസ്തുതകളെ വളച്ചൊടിക്കാൻ കൂട്ടുനിൽക്കുക മാത്രമല്ല, മുന്നിട്ടിറങ്ങുക തന്നെ ചെയ്തു. സർക്കാരിന് മനസ്സില്ല; കോടതിക്ക് നേരമില്ല; ഗോദി മാധ്യമങ്ങൾക്ക് നട്ടെല്ലുമില്ല. ഇല്ലായ്മകളുടെ നടുവിലായി ഇന്ത്യ. ഈ ഇല്ലായ്മകൾക്കിടക്കാണ് കോക്‌റോച്ച് ജനത പാർട്ടി നിർണായക വിജയം നേടിയത്. 

Full View

ലോകകപ്പിൽ നിന്ന് മൂന്ന് വാചാല ചിത്രങ്ങൾ

ചില ചിത്രങ്ങൾ ചരിത്രത്തിലേക്കുള്ളതാണ്; ചരിത്രത്തിന്‍റെ ഭാഗമാണ്. ഫിഫ ലോകകപ്പ് അവസാനിച്ചപ്പോൾ ബാക്കിയായായത് കുറെ ഉജ്ജ്വല നിമിഷങ്ങളും, അന്യായത്തിന്‍റെ സന്ദർഭങ്ങളും, പിന്നെ, കഥ പറയുന്ന ഫോട്ടോകളും. പത്തൊമ്പതു വർഷം മുമ്പ്, തൊട്ടുമുൻവർഷത്തിലെ ലോകകപ്പ് കളിയിലൂടെ ശ്രദ്ധ നേടിയ ലയണൽ മെസ്സി എന്ന പത്തൊമ്പതുകാരൻ, സ്പെയിനിലെ ലമീൻ യമാൽ എന്ന് പേരുള്ള ഒരു കുഞ്ഞിനെ കുളിപ്പിക്കുന്ന ചിത്രമാണ് ഒന്ന്.

ഈ 19 വർഷങ്ങൾക്കിടയിൽ മെസ്സി ഒരു തവണ ലോകകപ്പ് നേടി. കാൽപ്പന്തിലെ ലോകജേതാവായി. സ്പെയിനിലെ ലമീൻ യമാൽ എന്ന ആ ശിശു ഇക്കൊല്ലം, പത്തൊമ്പതാം വയസ്സിൽ, ലോകകപ്പ് കളിക്കാനെത്തി. ദരിദ്രകുടുംബത്തിൽ ജനനം. കഷ്ടപ്പാടിൽ വളർന്ന്, മെസ്സിയെയും മറ്റും മാതൃകയാക്കി, ക്ലബ്ബുകളിലൂടെ ഉയർന്നു. യൂറോപ്യൻ കപ്പ് നേടി. ലമീൻ സ്പെയിനിന്‍റെ ലോകകപ്പ് ടീമിലെത്തി.

രണ്ടാമത്തെ ഫോട്ടോ, ആഘോഷത്തിന്‍റെ ചിത്രമാണ്. ഒപ്പം, അമേരിക്കൻ ഭരണാധികാരിയുടെ വിവരക്കേടിന്‍റെയും. സ്റ്റേഡിയത്തിലാകട്ടെ, ട്രംപിന്‍റെ പേര് അനൗൺസ് ചെയ്യുമ്പോഴും അദ്ദേഹത്തിന്‍റെ മുഖം സ്ക്രീനിൽ വരുമ്പോഴും കൂവലായിരുന്നു. സമൂഹമാധ്യമങ്ങളിൽ പിന്നീട് മീമുകളുടെ പെയ്ത്തായിരുന്നു.  ആ ഫോട്ടോക്ക് ആഗോള ശ്രദ്ധ നേടിക്കൊടുത്തത് അതിന് ഗാഡിയൻ പത്രം നൽകിയ രസികൻ അടിക്കുറിപ്പാണ്.

ഇനി, മൂന്നാമത്തെ ഫുട്ബോൾ ഫോട്ടോ. മെസ്സി, ബേബി ലമീനെ കുളിപ്പിക്കുന്ന ഫോട്ടോ എഐ നിർമ്മിത കൃത്രിമ ഫോട്ടോ ആണെന്ന് കരുതിയവരുണ്ട്. പക്ഷേ അത് യഥാർത്ഥമാണ്. മറിച്ച്, യഥാർത്ഥ ഫോട്ടോ തന്നെയോ എന്ന് സംശയമേ തോന്നാത്ത ഒരു കൃത്രിമ ദൃശ്യം കാണുക. ബ്രസീലിന്‍റെ പെലെയാണ് ഇതിലെ താരം. പെലെയുടെ കുടുംബവും ഗൂഗിൾ സാങ്കേതികവിദ്യയും ചേർന്ന് ഇപ്പോഴിതാ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു. ആ വിസ്മയ ഗോൾ, നിർമ്മിതബുദ്ധിവിദ്യ വഴി, അന്ന് നടന്ന പോലെ പുനർ നിർമ്മിച്ചിരിക്കുന്നു.

ഇത് ഒട്ടും എളുപ്പമായിരുന്നില്ല. നല്ല ഗവേഷണം വേണ്ടിവന്നു. ഫുട്ബോൾ ചരിത്രത്തിന്‍റെ പഴയ ഏടുകൾ പഠിച്ചു. അന്ന് ആ ഗോൾ നേരിട്ട് കണ്ടവർ, പെലെയുടെ കുടുംബക്കാർ, മാധ്യമപ്രവർത്തകർ, മറ്റു കളിക്കാർ എന്നിവരെ യൊക്കെ കണ്ട് വിശദമായി വിവരം ശേഖരിച്ചു. ഗോൾ ദാ റുവാ ജവേരി എന്നാണ് ആ ഗോൾ അറിയപ്പെടുന്നത്. റുവാ ജവേരി സ്റ്റേഡിയത്തിലെ ഗോൾ എന്ന്.. 2000 രേഖകളും ആൽബങ്ങളും പഠിച്ച ശേഷം ഗൂഗിൾ ഡീപ്പ് മൈൻഡ് എന്ന വിദ്യ ഉപയോഗിച്ചാണ് അത് പുനർനിർമ്മിച്ചത്.

പന്ത് നിലംതൊടാനനുവദിക്കാതെ പെലെ, മെയ് വഴക്കം കൊണ്ട് മാന്ത്രിക നീക്കങ്ങൾ നടത്തി, ഒന്നിനുപിറകെ ഒന്നായി മൂന്ന് എതിരാളികളുടെ തലക്ക് മുകളിലൂടെ സോംബ്റേറോ തട്ടുതട്ടി, ഒടുവിലൊരു കൃത്യമായ ഹെഡർ. ഫുട്ബോളിലെ എക്കാലത്തെയും സുന്ദരമായ ഗോളുകളിലൊന്ന്.

Full View


ഫലസ്തീൻ ജയിച്ചു, ഇസ്രായേൽ തോറ്റു

യുദ്ധം, അധിനിവേശം, വംശഹത്യ, അനീതി—ലോകത്തൊട്ടാകെ പലതരം അന്യായങ്ങൾ വാർത്തയാകുമ്പോഴാണ്, അവയുടെ കണ്ണാടിയെന്നോണം ഫിഫ ലോകകപ്പ് നടക്കുന്നത്. ഇതിന് സമാന്തരമായി മറ്റൊരു പോരാട്ടം കളിക്കളത്തിനുള്ളിലും പുറത്തുമായി നടന്നു: വിവേചനത്തിനും വംശീയതക്കുമെതിരായ ചെറുത്തുനിൽപ്പ്. അർജന്‍റിനയും സ്പെയിനും തമ്മിലുള്ള മത്സരം ഇസ്രായേലും ഫലസ്തീനും തമ്മിലുള്ളതായി കണ്ടവർ അനേകം. അർജന്‍റിന കളിയിലും പുറത്തും പരുക്കൻ കളി കളിച്ചതും, സ്പെയിൻ മനോഹരമായ ഒത്തൊരുമ കാണിച്ചതും ഒരു കാരണമാകാം. പക്ഷേ അത് മാത്രമല്ല.

ലാറ്റിനമേരിക്കൻ നാടുകളിലെ വംശീയത ഈ ലോകകപ്പിൽ വലിയ വിഷയമായി. ഒരുവശത്ത് വംശീയതയും വിവേചനവും തുടരുമ്പോൾ മറുവശത്ത് അതിനെതിരെ ശബ്ദമുയരുന്നുമുണ്ട്. കയ്യൂക്കും അധികാരവും കാൽപ്പന്തുകളിയെ പോലും വല്ലാതെ ബാധിച്ചു എന്ന്, ഇപ്പോൾക്കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ തെളിയിച്ചു. ഒപ്പം, വിവേചനങ്ങൾക്കെതിരെ പൊരുതുന്ന ധാർമിക വീര്യം ചോർന്നു പോയിട്ടില്ലെന്നും.

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News