‘ഒരുപാട് ഫാത്തിമമാർക്ക് ഇടയിൽ വച്ചാണ് ഫെമിനിച്ചി ഫാത്തിമ ഷൂട്ട് ചെയ്തത്’ സംവിധായകൻ ഫാസിൽ മുഹമ്മദ്
നമ്മൾ ഒരു സിസ്റ്റത്തെ വിമർശിക്കാൻ പാടില്ല എന്നില്ലല്ലോ, സമൂഹത്തിലും കമ്മ്യൂണിറ്റിയിലും കാണുന്ന തെറ്റായ സംഗതികൾ, അത് വിമർശിക്കപ്പെടുക തന്നെ ചെയ്യണം. വിമർശനങ്ങളെ ഇസ്‍ലാമോഫോബിയ എന്ന് പറയുന്നതിൽ അർത്ഥമില്ല. ഞാൻ എന്റെ സിനിമയിലൂടെ വിമർശിച്ചത് ആ കമ്മ്യൂണിറ്റിക്കകത്തുള്ള വിഷയങ്ങളെയാണ്. ഈ സിനിമ ഷൂട്ട് ചെയ്തത് പൊന്നാനിയിൽ വച്ചാണ്. ഒരുപാട് ഫാത്തിമമാർക്ക് ഇടയിൽ വച്ചാണ് ഷൂട്ട് ചെയ്തത് ഫാസിൽ മുഹമ്മദ് സംസാരിക്കുന്നു
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മൂന്ന് പുരസ്കാരമാണ് മുഹമ്മദ് ഫാസിൽ സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയെ തേടി വന്നത്. മികച്ച നടിയായി സിനിമയിലെ നായികയായ ഷംല ഹംസയും മികച്ച രണ്ടാമത്തെ സിനിമയ്ക്കൊപ്പം മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും ഫെമിനിച്ചി ഫാത്തിമയെ തേടിയെത്തി. സംവിധായകൻ മുഹമ്മദ് ഫാസിൽ സംസാരിക്കുന്നു
? സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു. അതിൽ മൂന്നെണ്ണം ഫാസിലിന്റെ സിനിമയ്ക്കാണ്
വളരെ സന്തോഷം. ആദ്യത്തെ സിനിമയാണ്, എന്‍റെ നാട്ടുകാരുടെ കൂടെ ചെയ്ത സിനിമയാണ്. അങ്ങനെ ചെയ്ത സിനിമ എല്ലാതരത്തിലും അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്, അഭിമാനമുണ്ട്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നു, സംസ്ഥാന അവാർഡ് ലഭിച്ചു, അതിൽ തന്നെ മൂന്ന് അവാർഡുകൾ ലഭിച്ചു.
? സിനിമയുടെ പ്രമേയം വലിയ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. അതിനുള്ള ഒരു അംഗീകാരം ആയിട്ട് ഈ അവാർഡിനെ കാണാമോ
തീർച്ചയായിട്ടും. ജനങ്ങൾ അത് ആക്സെപ്റ്റ് ചെയ്തിട്ടുണ്ട്. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചപ്പോഴും തിയേറ്ററിൽ കാണിച്ചപ്പോഴും ഉള്ള പ്രേക്ഷകരുടെ റിയാക്ഷൻ അവർ എത്രത്തോളം ഏറ്റെടുത്തു എന്ന് കാണിക്കുന്നുണ്ട്. അതും ഒരു അവാർഡ് ആയിട്ട് ഞാൻ കാണുന്നത്.
? ഈ സിനിമയിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാണ്. പൊന്നാനിയിലാണ് താമസിക്കുന്നത് പൊന്നാനി ഒരു സാംസ്കാരിക നഗരം കൂടിയാണ് ചെറുപ്പംമുതലേ ഇവിടെ തന്നെയാണ് താമസിക്കുന്നത് ഒരു സിനിമ ഉണ്ടാക്കാനുള്ള പശ്ചാത്തലം എന്തായിരുന്നു?
എന്റെ പെങ്ങൾ പറഞ്ഞ ഒരു ഡയലോഗിൽ നിന്നാണ് ഈ സിനിമ തുടങ്ങുന്നത്. അവളുടെ വീട്ടിൽ ഒരു ദിവസം ഞാൻ വിരുന്നിനു പോയി. രാവിലെ എണീക്കുമ്പോൾ മക്കളോട് ദേഷ്യപ്പെടുന്ന ശബ്ദമാണ് കേട്ടത്. ബെഡിൽ മൂത്രമൊഴിച്ച മക്കളെ ശകാരിക്കുകയായിരുന്നു അവൾ. അപ്പോൾ സഹോദരി പറഞ്ഞ ഒരു വാക്ക് എനിക്ക് പെട്ടെന്ന് സ്ട്രൈക്ക് ആയി. “മൂത്രം തട്ടിക്കാണ്ടെ കൊണ്ടടക്കണ ബെഡേനി.. ഇഞ്ഞ്പ്പത് പോകൂല്ല. ” ഇതായിരുന്നു ആ ഡയലോഗ്. ആ ഡയലോഗ് എനിക്ക് ഭയങ്കരമായി സ്ട്രൈക്കായി. അവൾ എത്രത്തോളം ആ ബെഡുമായി കണക്ട് ആണ് എന്ന് എനിക്ക് മനസ്സിലായി. അതാണ് സിനിമയുടെ തുടക്കം. ഞാൻ കണ്ട കാഴ്ചകളും കേട്ട അറിവുകളും എല്ലാം വെച്ചിട്ടാണ് സിനിമ തുടങ്ങിയത്. തിരുത്തണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ പലതും സമൂഹത്തിൽ കണ്ടപ്പോൾ, ആ കാര്യങ്ങളാണ് ഞാൻ സിനിമയിലൂടെ പറഞ്ഞത്. ചുറ്റുപാടിനോടും കലഹിക്കുന്ന യാഥാസ്തികതയോട് പൊരുതുന്ന ഒരു സ്ത്രീ. അതാണ് ഫെമിനിച്ചി ഫാത്തിമ.
? ആ ബെഡ് ആണ് ആ സിനിമയെ മാറ്റിമറിക്കുന്നത്. ബെഡ് മാറ്റിവെച്ചാൽ തികച്ചും സാധാരണമായ ഒരു പ്ലോട്ട് ആയിട്ട് നമുക്ക് അതിനെ കാണാനാകും അല്ലേ.
തീർച്ചയായിട്ടും, ആ ബെഡ് ആണ് ഫാത്തിമയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. അതുവരെ ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി ഇതാണ് ജീവിതം എന്ന് വിചാരിച്ചിരുന്ന ആളാണ് ഫാത്തിമ. ആ ബെഡ് അവിടെ വന്നതുകൊണ്ട് മാത്രമാണ് ഫാത്തിമ പല കാര്യങ്ങളും മനസ്സിലാക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവുമാണ് സ്ത്രീകൾക്ക് വേണ്ടതെന്ന് അവിടെയാണ് ഫാത്തിമ തിരിച്ചറിയുന്നത്.
? ഫാസിൽ എങ്ങനെയാണ് സിനിമയിലേക്ക് വന്നത്
ചെറുപ്പംമുതലേ കഥകൾ എഴുതുമായിരുന്നു. എവിടെ വെച്ചോ സിനിമയെന്ന ആഗ്രഹം മനസ്സിൽ കൂടി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യത്തെ ഷോർട്ട് ഫിലിം പുറത്തിറക്കി. കോളേജിൽ പഠിക്കുന്ന സമയത്താണ് സിനിമയെ സീരിയസ് ആയിട്ട് കാണുന്നത്. എക്സ്പീരിയൻസുകൾ വർധിപ്പിക്കാൻ ഷോർട്ട് ഫിലിമുകൾ ചെയ്തു. ആ സമയത്താണ് സിനിമ സംവിധായകൻ ആകണം എന്ന ആഴത്തിലുള്ള ചിന്ത വരുന്നത്. സോഷ്യൽ വർക്കിലാണ് ഡിഗ്രി ചെയ്തത്. ആ കോളേജിൽ പഠിച്ച എല്ലാവരെയും പോലെ തന്നെ ഏതെങ്കിലും ഒരു ഡിഗ്രി കിട്ടണം എന്ന് തന്നെയായിരുന്നു എന്റെയും മനസ്സ്. അതിനുശേഷം എഡിറ്റിങ് പഠിക്കുകയും കുറച്ചു സിനിമകളിൽ സ്പോട്ട് എഡിറ്റർ ആയിട്ട് വർക്ക് ചെയ്യുകയും ചെയ്തു. ഇത്രയും സമയം ഞാനെന്ന സിനിമക്കാരന് കുറച്ചെങ്കിലും പരുവപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 'ഖബർ' എന്ന ഷോർട്ട് ഫിലിം ചെയ്തു. ഈ ഷോർട്ട് ഫിലിം കണ്ട് ഏതെങ്കിലും പ്രൊഡ്യൂസർമാർ തന്നെ സമീപിക്കുമെന്നും അല്ലെങ്കിൽ ഇത് എന്റെ വർക്കാണ് എന്ന് പറഞ്ഞ് സിനിമ പ്രവർത്തകർ കാണിച്ചു കൊടുക്കാമെന്നും ഞാൻ കണക്കുകൂട്ടി. ആ ഒരു പ്രതീക്ഷയിലാണ് ഈ ഷോർട്ട് ഫിലിം ചെയ്തത്. ഈ ഹ്രസ്വചിത്രം ദുബായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പോലെയുള്ള നിരവധി ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും അവാർഡുകൾ വാങ്ങുകയും ചെയ്തു. എന്നിരുന്നാലും സിനിമയെന്ന് ആഗ്രഹം അവിടെ സമ്പൂർണ്ണമായിരുന്നില്ല. കുറച്ചുകൂടി ജനകീയമാക്കാൻ ആണ് ട്യൂഷൻ വീട് എന്ന സീരിയസ് ചെയ്തത്. ഞാനും എന്റെ പരിസരത്തുമുള്ള ആളുകളും അവിടെയുള്ള വിഭവങ്ങളും ഉപയോഗിച്ചാണ് ട്യൂഷൻ വീട് പൂർത്തീകരിച്ചത്. അത് ആളുകൾ സ്വീകരിച്ചു. വൈറലായി. പക്ഷേ ഇത് കണ്ടിട്ട് ഒന്നും ഒരു സിനിമ പ്രവർത്തകരും തന്നെ സമീപിച്ചില്ല. അവിടെനിന്നാണ് ആരെയും ആശ്രയിക്കാതെ സ്വന്തമായി സിനിമ ചെയ്യാം എന്നൊരു തീരുമാനത്തിലേക്ക് എത്തുന്നത്. ചുറ്റുപാടുമുള്ള റിസോഴ്സുകൾ ഉപയോഗിച്ച് സിനിമ ചെയ്യാം എന്നായിരുന്നു തീരുമാനം. ഉടനെ തന്നെ ചെയ്യണം എന്നായിരുന്നു ആഗ്രഹം. സമയം പോകും തോറും വീട്ടിലും ജോലിക്കാര്യത്തിൽ സംസാരം വന്നിരുന്നു. ഞാൻ ‘ഗൾഫിൽ പോയി വന്ന് പെട്ടി പൊട്ടുക്കുമെന്നായിരുന്നു ഉമ്മയുടെ ആഗ്രഹം’. പൊന്നാനിയിൽ വെച്ച് യാദൃശ്ചികമായി ലഭിച്ച ആ ഒരു ത്രഡ് ഉപയോഗിച്ച് ഞാൻ ഒരു കഥ തയ്യാറാക്കി. അതാണ് ഫെമിനിച്ചി ഫാത്തിമ.
? എന്തുകൊണ്ടാണ് ‘ഫെമിനിച്ചി”
പലപ്പോഴും സമൂഹത്തിൽ പിന്നോട്ട് നിൽക്കുന്ന അല്ലെങ്കിൽ മുന്നോട്ട് വരാൻ കഴിയാതെ നിൽക്കുന്ന സ്ത്രീകൾ, അവർ അത്തരത്തിലുള്ള കെട്ടുകള് പൊട്ടിച്ചുകൊണ്ട് മുന്നോട്ടു വരുമ്പോൾ സമൂഹത്തിൽ ഉയർന്നു വരുമ്പോൾ അവരെയാണ് സമൂഹം ഫെമിനിച്ചി എന്ന് വിളിക്കാറ്. സ്ത്രീകൾ അവരുടേതായ തീരുമാനങ്ങൾ എടുക്കുമ്പോഴും ശബ്ദമുയർത്തുമ്പോഴും അത്തരം വിളികൾ ഉയരാറുണ്ട്. എന്നാൽ ഇങ്ങനെയൊന്നും മുന്നോട്ടു വരാതെ വീടുകളിൽ ഒതുങ്ങി ഇരിക്കുന്ന സ്ത്രീകളെ ആരും ഫെമിനിച്ചി എന്ന് വിളിക്കാറുമില്ല. അത്തരം ചിന്തകളെ തിരുത്തണം എന്നായിരുന്നു തോന്നൽ. പിന്നെ ആ ഫെമിനിച്ചി എന്ന വിളി പോലും കളിയാക്കലിന് പകരം അംഗീകരമായിട്ടാണ് ഞാൻ എന്റെ സിനിമയിലൂടെ പറയുന്നത്. ധൈര്യത്തിനും തന്റേടത്തിനുമുള്ള അംഗീകാരം.
? ഇസ്ലാമോഫോബിയ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ അതെങ്ങനെയാണ് ആശങ്ക ഇല്ലാതെ ചിത്രീകരിച്ചത് ?
നമ്മൾ ഒരു സിസ്റ്റത്തെ വിമർശിക്കാൻ പാടില്ല എന്നില്ലല്ലോ, സമൂഹത്തിലും കമ്മ്യൂണിറ്റിയിലും കാണുന്ന തെറ്റായ സംഗതികൾ, അത് വിമർശിക്കപ്പെടുക തന്നെ ചെയ്യണം. വിമർശനങ്ങളെ ഇസ്‍ലാമോഫോബിയ എന്ന് പറയുന്നതിൽ അർത്ഥമില്ല. ഞാൻ എന്റെ സിനിമയിലൂടെ വിമർശിച്ചത് ആ കമ്മ്യൂണിറ്റിക്കകത്തുള്ള വിഷയങ്ങളെയാണ്. ഈ സിനിമ ഷൂട്ട് ചെയ്തത് പൊന്നാനിയിൽ വച്ചാണ്. ഒരുപാട് ഫാത്തിമമാർക്ക് ഇടയിൽ വച്ചാണ് ഷൂട്ട് ചെയ്തത്. ഒരു സീനും ഷൂട്ട് ചെയ്യുമ്പോൾ ഞാൻ ആദ്യം അവരുടെ മുഖത്തേക്കാണ് നോക്കുക. ആ നാട്ടിലെ സ്ത്രീകൾ ഒക്കെ ഷൂട്ടിംഗ് കാണാൻ വന്നിരുന്നു. ഉസ്താദ് പണം വാങ്ങി മന്ത്രിച്ചൂന്ന സീനുകൾക്ക് ഷൂട്ട് ചെയ്യുമ്പോൾ പല സ്ത്രീകളും ചിരിക്കുന്നുണ്ട്. ഇതൊക്കെ തങ്ങൾക്കും പറ്റിയ അമളിയാണല്ലോ എന്ന് ആലോചിച്ചിട്ടായിരുന്നു അത്. അപ്പോൾ ഞാൻ ഫെമിനിച്ചി ഫാത്തിമയിൽ പറഞ്ഞിട്ടുള്ള വിമർശനങ്ങൾ, ഷൂട്ടിംഗ് കണ്ട ആളുകൾക്ക് ആക്സെപ്റ്റബിൾ ആണ്. ഇത്തരം വിഷയങ്ങൾ തിരുത്തപ്പെടേണ്ടതാണ് എന്ന് എനിക്ക് എന്തായാലും ബോധ്യമുണ്ട്. അത്തരം വിമർശനങ്ങളെ ഇസ്‍ലാമോഫോബിയ എന്ന് വിളിക്കുന്നതിൽ എനിക്ക് വിയോജിപ്പുണ്ട്. എന്റെ സിനിമയിലൂടെ വിമർശിച്ച കാര്യങ്ങൾ ആളുകൾ ഒരു തിരിച്ചറിവായിട്ട് എടുക്കണം എന്നാണ് ഞാൻ ചിന്തിച്ചത്.
? അടുത്ത പ്രോജക്ടുകൾ എന്തൊക്കെയാണ്
നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുകയാണ്.