കുഴിച്ചുമൂടപ്പെടുന്ന ചരിത്രരേഖകളെ തുറന്നുകാട്ടുന്നു ഡോക്യുമെന്ററി സിനിമകള്‍ - ഡോ. ശ്രീദേവി പി. അരവിന്ദ്

അഭിമുഖം: ഡോ. ശ്രീദേവി പി. അരവിന്ദ്/ഫിത നൂര്‍

Update: 2024-10-04 14:22 GMT

തീക്ഷ്ണമായ മാനുഷിക പ്രശ്‌നങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ചരിത്രരേഖകളെ പകര്‍ത്തിയ സിനിമകളെ ചികഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കുന്ന വേദിയാണ് സൈന്‍സ് ഫിലിം ഫെസ്റ്റിവല്‍. കാണികള്‍ ഏറ്റെടുത്ത സൈന്‍സ് മേളയിലെ ഓര്‍മകളും മാറ്റങ്ങളും പങ്കുവെക്കുന്നു മലയാള സര്‍വകലാശാലയിലെ ചലച്ചിത്ര പഠന സ്‌കൂള്‍ ഡയറക്ടറും ഡോക്യുമെന്ററി സംവിധായികയുമായ ഡോ. ശ്രീദേവി പി. അരവിന്ദ്.

സ്വതന്ത്ര സംവിധായകര്‍ എടുക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കിയ ആദ്യത്തെ മേളയാണ് സൈന്‍സ് ഫിലിം ഫെസ്റ്റിവല്‍. സിനിമയുടെ ഭാഷയില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും, സമാന്തര, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന സിനിമകള്‍ക്കും ഇടം നല്‍കാന്‍ സൈന്‍സിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഫെസ്റ്റിവലിനെ അക്കാദമിക്ക് അന്തരീക്ഷത്തില്‍ എത്തിക്കാന്‍ എഫ്എഫ്എസ്‌ഐയുടേയും മലയാള സര്‍വകലാശയുടെയും ഏകോപനം കൊണ്ട് സാധിച്ചിട്ടുണ്ട്.

Advertising
Advertising

കുഴിച്ചുമൂടപ്പെട്ട ചരിത്രരേഖകളെ തുറന്നുകാണിക്കാനും മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ക്കു നേരെ വിരല്‍ ചൂണ്ടുന്ന ദൃശ്യങ്ങളെ പ്രദര്‍ശിപ്പിക്കാനും ധൈര്യമുള്ള വേദിയാണ് സൈന്‍സ് മേള. അത്തരത്തിലുള്ളൊരു സിനിമയായിരുന്നു രാകേഷ് ശര്‍മയുടെ 'ഫൈനല്‍ സൊലൂഷന്‍'. ചിത്രം മേളയില്‍ നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയും കാഴ്ചക്കാരില്‍ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. ഫൈനല്‍ സൊലൂഷന്‍ എന്ന ചിത്രം സംവിധായകനോടൊപ്പം ഒന്നിച്ച് ഒരേവേദിയില്‍ ഒരേവികാരത്തോടെ കാണുമ്പോള്‍ ചരിത്രത്തിലേക്കുള്ള ഒരു ആഴ്ന്നിറങ്ങലായാണ് അനുഭവപ്പെടുന്നത്.

അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ പ്രശ്‌നങ്ങള്‍, മനുഷ്യാവകാശങ്ങള്‍, മതവും, മതേതര രൂപവും, സോഷ്യലിസം, സാംസ്‌കാരികവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ബഹുസ്വരതയുടെ ആവിഷ്‌കാരം എന്നിവയുടെയൊക്കെ ശേഖരണമാണ് സൈന്‍സ് ഫെസ്റ്റിവല്‍. ഇത്തരത്തിലുള്ള ബഹുസ്വരതയെ ഇല്ലാതാക്കി ഏകോന്മുകമായ ഒരു ഭാഷയിലേക്ക്, സംസ്‌കാരത്തിലേക്ക് നയിക്കുന്ന പ്രവണതയാണ് ഇക്കാലത്ത് ഭരണകൂടങ്ങള്‍ ചെയ്യുന്നത്. എന്നാല്‍, ബഹുസ്വരതയെ കൂട്ടുപിടിക്കാനും നാനാത്വത്തിലേക്ക് വേരുകള്‍ ഊന്നാനും അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമാവാനുമാണ് സൈന്‍സ് ശ്രമിക്കുന്നത്. വിദ്യാര്‍ഥികളുടെ വലിയ തോതിലുള്ള പങ്കാളിത്തം ഫെസ്റ്റിവലിന് വലിയം ഊര്‍ജം സമ്മാനിച്ചിട്ടുണ്ട്.  


യുവ തലമുറയുടെ അഭിരുചിക്കനുസരിച്ച് സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ വിവര്‍ത്തനം ചെയ്യുകയും എന്നാല്‍ ക്ലാസിക് ചിത്രങ്ങളെ അങ്ങനെതന്നെ നിലനിര്‍ത്താനും സാധിക്കണം. എവിടെയാണോ വിദ്യാര്‍ഥികള്‍ അവിടേക്ക് ഇറങ്ങി ചെല്ലുകയും സ്വയം നേടിയ ഊര്‍ജം പത്താളുകല്‍ക്ക് പകര്‍ന്ന് നല്‍കാനും ഇത്തരം ഫെസ്റ്റുവലുകളിലൂടെ കഴിയണം.

റീല്‍സിന്റെയും ഷോര്‍ട്‌സുകളുടെയും കാലത്ത് രാകേഷ് ശര്‍മയെ പോലുള്ള സംവിധായകരുടെ സിനിമകള്‍ യുവ തലമുറയില്‍ സ്പന്ദനം ചെലുത്തണമെങ്കില്‍ ഒരായിരം ചെറിയ വീഡിയോകളായി, ബാഗ്രൗണ്ട് മ്യൂസിക്കും ചേര്‍ത്ത് അവതരിപ്പിച്ചാല്‍ മതിയാകും. ഒരുപക്ഷെ അതിനൊരുപാട് അല്‍ഗോരിതങ്ങള്‍ ഉണ്ടായേക്കാം. എന്നിരുന്നാല്‍പോലും സൈന്‍സ് ഫെസ്റ്റിലെ വിദ്യാര്‍ഥി പങ്കാളിത്തവും കാണികളുടെ ആവേശവും തിരക്കും കാണുമ്പോള്‍ മേല്‍ പറഞ്ഞ പ്രസ്താവന പ്രസക്തമല്ലെന്നും തോന്നിപോകുന്നുണ്ട്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഫിത നൂര്‍

Media Person

Similar News