ഒരു സമൂഹത്തിന്റെ അലിഖിത നിയമനിർമ്മാതാക്കളാണ് കലാകാരന്മാർ എന്ന ഷെല്ലിയുടെ പ്രശസ്തമായ നിരീക്ഷണം കലയുടെ രാഷ്ട്രീയ ദൗത്യത്തെക്കുറിച്ചുള്ള വലിയൊരു ഓർമ്മപ്പെടുത്തലാണ്. മനുഷ്യനെ അവൻ ജീവിക്കുന്ന വ്യവസ്ഥയുടെയും സ്വന്തം ആന്തരിക വിരോധാഭാസങ്ങളുടെയും ഉള്ളിൽ നിന്നുതന്നെ തിരഞ്ഞുപിടിക്കുകയും, അതിലൂടെ അവനെ സ്വയം വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്യുമ്പോഴാണ് ഒരു കലാസൃഷ്ടി യഥാർത്ഥത്തിൽ അർത്ഥപൂർണ്ണമാകുന്നത്.
ജാതിയും വംശീയതയും അപരവിദ്വേഷവും കേന്ദ്ര പ്രമേയമാകുന്ന സിനിമകൾക്ക് എളുപ്പത്തിൽ കേവലമായ മുദ്രാവാക്യ സ്വഭാവത്തിലേക്ക് വഴുതിവീഴാൻ സാധ്യതകളേറെയാണ്. എന്നാൽ അത്തരം ലളിതവൽക്കരണങ്ങളെ പൂർണ്ണമായും റദ്ദാക്കിക്കൊണ്ട്, സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളിലൂടെ സാംസ്കാരിക രാഷ്ട്രീയത്തിന്റെ വിചാരണ നടത്തുകയാണ് സഹോദരൻ അയ്യപ്പൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് ഈഴവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഒരു ജാതി പിള്ളേരിഷ്ടാ' എന്ന ചിത്രം.
സാമ്പത്തിക സംവരണം (EWS) എന്ന ഭംഗിവാക്കിൽ നടപ്പിലാക്കപ്പെട്ട ജാതീയമായ അനീതികളെയും അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങളെയും തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ പ്രശ്നവൽക്കരിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. പത്താം ക്ലാസ്സ് പഠനത്തിന് ശേഷം പോളിടെക്നിക് കോളേജ് പ്രവേശനത്തിനായി കാത്തിരിക്കുന്ന നാല് കൗമാരക്കാരായ കൂട്ടുകാരുടെ കഥയിലൂടെയാണ് സിനിമ അതിന്റെ പ്രമേയ ലോകം തുറക്കുന്നത്. പട്ടികജാതി, പിന്നാക്ക, മുസ്‌ലിം, സവർണ്ണ ഹിന്ദു വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഈ നാലുപേരിൽ, പഠനത്തിൽ വളരെ പിന്നാക്കമുള്ളവനും കുറഞ്ഞ റാങ്കുകാരനുമായ സവർണ്ണ വിദ്യാർത്ഥിക്ക് മാത്രം അഡ്മിഷൻ ലഭിക്കുന്നതും മറ്റുള്ളവർ പുറത്താക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇതൊരു ഭാവനാസൃഷ്ടി മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല; മറിച്ച്, ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും സാമ്പത്തിക സംവരണത്തിന്റെ മറവിൽ നടക്കുന്ന യഥാർത്ഥ്യങ്ങളുടെ ആഴമേറിയ പ്രതിഫലനമാണ്. ജനാധിപത്യപരമായ പ്രാതിനിധ്യത്തിന്റെയും സാമൂഹ്യനീതിയുടെയും തത്വങ്ങളെ നിശബ്ദമായി അട്ടിമറിച്ചുകൊണ്ട് ഒരു വ്യവസ്ഥിതി എങ്ങനെയാണ് അനീതിയെ സ്വാഭാവികവൽക്കരിക്കുന്നത് എന്ന് ഈ ചിത്രം തുറന്നുകാട്ടുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, സവർണ്ണ തറവാടിത്തത്തിന്റെ പോയകാല പ്രതാപങ്ങളെ ഗൃഹാതുരത്വത്തോടെ വാഴ്ത്തുകയും സാമുദായിക സംവരണത്തെ 'അനർഹർക്കുള്ള ആനുകൂല്യം' എന്ന രീതിയിൽ വികലമായി ചിത്രീകരിക്കുകയും ചെയ്ത ഒരു നീണ്ട പാരമ്പര്യം കാണാം. വരേണ്യ ദാരിദ്ര്യത്തെ വലിപ്പിച്ചു കാണിച്ചുകൊണ്ട് സംവരണം മൂലം അർഹതപ്പെട്ട അവസരങ്ങൾ നഷ്ടപ്പെടുന്നു എന്ന തെറ്റായ ബോധമാണ് ജനപ്രിയ സിനിമകൾ ദശകങ്ങളായി പൊതുബോധത്തിലേക്ക് ഒളിച്ചുകടത്തിയത്. ഇത്തരം വരേണ്യ അബോധങ്ങളെയും സിനിമാറ്റിക് നിർമ്മിതികളെയും തകിടം മറിക്കുകയാണ് 'ഒരു ജാതി പിള്ളേരിഷ്ടാ'. ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ നേരിടുന്ന വ്യവസ്ഥാപിത തടസ്സങ്ങളെയും,
സംവരണത്തിന്റെ പേരിൽ നടക്കുന്ന പുതിയ കാലത്തെ ഒളിവാക്കലുകളെയും വൈകാരികമായ നാടകീയതകളില്ലാതെ, യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഥാപാത്രനിർമ്മിതിയിൽ സംവിധായകൻ പുലർത്തുന്ന തന്മയത്വമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. മനുഷ്യരെ കറുപ്പും വെളുപ്പുമായി വിഭജിക്കുന്നതിന് പകരം, അവരിൽ കുടികൊള്ളുന്ന ജാതിബോധവും അപരവിദ്വേഷവും എങ്ങനെയാണ് വ്യക്തിബന്ധങ്ങളിലും സാമൂഹ്യജീവിതത്തിലും പ്രവർത്തിക്കുന്നത് എന്ന് ചിത്രം സൂക്ഷ്മമായി പരിശോധിക്കുന്നു. ഒരു വശത്ത് ദളിത് സ്വത്വമുള്ളപ്പോഴും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആശയങ്ങളിൽ സ്വാധീനിക്കപ്പെടുന്ന വിദ്യാർത്ഥിയെയും, മറു വശത്ത് തന്റെ ജാതിവാൽ സമ്മാനിക്കുന്ന ആധുനിക കാലത്തെ സങ്കീർണ്ണതകൾക്കുള്ളിൽ അകപ്പെട്ടുപോകുന്ന സവർണ്ണ വിദ്യാർത്ഥിയുടെ നിഷ്കളങ്കതയെയും ചിത്രം സമാന്തരമായി അവതരിപ്പിക്കുന്നു.
'നമ്പൂതിരി മുതൽ നായാടി വരെ' ഒന്നാണെന്ന വ്യാജ ഐക്യം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും എന്നാൽ പെരുമാറ്റത്തിൽ ആഴത്തിലുള്ള ജാതീയത പുലർത്തുകയും ചെയ്യുന്ന ഓൺലൈൻ ആക്ടിവിസ്റ്റുകളുടെ കാപട്യത്തെയും ചിത്രം കൃത്യമായി വിചാരണ ചെയ്യുന്നുണ്ട്. കുടുംബങ്ങൾക്കുള്ളിലെയും പൊതുസമൂഹത്തിലെയും വിരോധാഭാസങ്ങളെ വളരെ കൃത്യതയോടെ സിനിമയിൽ വരച്ചുകാട്ടുന്നു. സ്വന്തം മകന് ദളിത് കൂട്ടുകാരനുള്ളതിനേക്കാൾ വലിയ ഭയവും സംശയവും അവൻ ഒരു മുസ്ലിം കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുമ്പോഴുണ്ടാകുന്ന സവർണ്ണ മാതാപിതാക്കളുടെ അപരവിദ്വേഷം ഇതിനൊരു ഉദാഹരണമാണ്. അതേസമയം തന്നെ, സവർണ്ണ പശ്ചാത്തലത്തിൽ ജീവിക്കുമ്പോഴും തികഞ്ഞ രാഷ്ട്രീയ ബോധ്യത്തോടെ കാര്യങ്ങളെ സമീപിക്കുന്ന മനുഷ്യരെയും സിനിമ മാറ്റിനിർത്തുന്നില്ല.
ഇതോടൊപ്പം, സാമ്പത്തിക സംവരണം മൂലം ദളിതനായ സ്വന്തം മകന് അഡ്മിഷൻ നഷ്ടപ്പെടുമ്പോഴും, പ്രവേശനം ലഭിച്ചത് സവർണ്ണനായ 'സ്വന്തം ആൾക്കാരാണല്ലോ' എന്ന് ആശ്വസിക്കുകയും മുസ്ലിം കുട്ടിക്കു കിട്ടാത്തതിൽ ആഹ്ലാദിക്കുകയും ചെയ്യുന്ന വിധത്തിൽ വിദ്വേഷ രാഷ്ട്രീയത്താൽ അന്ധരാക്കപ്പെട്ട പിന്നാക്ക മാതാപിതാക്കളുടെ അവസ്ഥയും ചിത്രം കാണിച്ചുതരുന്നു. സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധ്യമില്ലാതെ, വ്യാജ ഐക്യങ്ങളിൽ മയങ്ങിപ്പോകുന്ന ഈ മനുഷ്യരുടെ ദയനീയ ചിത്രം വർത്തമാനകാല സമൂഹത്തിന്റെ ഒരു നേർസാക്ഷ്യമാണ്.
ചിത്രത്തിന്റെ സൗന്ദര്യശാസ്ത്രപരമായ വശങ്ങളും രാഷ്ട്രീയ ഉള്ളടക്കത്തോട് പൂർണ്ണമായി നീതി പുലർത്തുന്നവയാണ്. ആബിദ് അടിവാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ആസ്പദമാക്കി പ്രശാന്ത് ഈഴവൻ ഒരുക്കിയ തിരക്കഥയ്ക്ക് നിഥിൻ കെ. രാജിന്റെ ഛായാഗ്രഹണവും കളറിംഗും റിയലിസ്റ്റിക് അനുഭവമേകുന്നു. ഹരിമുരളി ഉണ്ണികൃഷ്ണൻ ഈണം നൽകിയ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയുടെ അന്തരീക്ഷത്തെ കൂടുതൽ ദൃഢമാക്കുമ്പോൾ, സാഗർ ദാസിന്റെ മൂർച്ചയുള്ള എഡിറ്റിംഗും പ്രിൻസ് അൻസെൽമിന്റെ ശബ്ദരൂപകൽപ്പനയും പ്രമേയത്തിന്റെ ഗൗരവം ചോർന്നുപോകാതെ കാഴ്ചക്കാരനെ ചേർത്തുനിർത്തുന്നു. വലിയ സാമ്പത്തിക സജ്ജീകരണങ്ങളില്ലാതെ, ലളിതമായ സാങ്കേതിക മികവോടെയും ജനകീയ പങ്കാളിത്തത്തോടെയും നിർമ്മിക്കപ്പെട്ട ഈ ചിത്രം, സിനിമ എന്ന മാധ്യമത്തെ എങ്ങനെ ഒരു രാഷ്ട്രീയ പ്രഖ്യാപനമാക്കി മാറ്റാം എന്നതിന് മികച്ച ഉദാഹരണമാണ്.
ചുരുക്കത്തിൽ, 'ഒരു ജാതി പിള്ളേരിഷ്ടാ' എന്നത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനെതിരെ മാത്രം ഉന്നയിക്കപ്പെട്ട വിമർശനമല്ല. മറിച്ച്, ഒരു സാമൂഹിക പ്രശ്നത്തെ കേന്ദ്രത്തിൽ നിർത്തിക്കൊണ്ട്, സവർണ്ണരെന്നോ അവർണ്ണരെന്നോ വേർതിരിവില്ലാതെ, ഈ വ്യവസ്ഥിതി മുഴുവൻ എങ്ങനെയാണ് ഒരു സാമൂഹ്യ വിപത്തിന്റെ ഇരകളായി മാറുന്നത് എന്ന് തുറന്നുകാട്ടുകയാണ് പ്രശാന്ത് ഈഴവൻ ചെയ്യുന്നത്. ഭരണഘടനാപരമായ സമത്വവും പ്രാതിനിധ്യവും അട്ടിമറിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സാംസ്കാരിക ദുരന്തത്തെയാണ് ചിത്രം ചോദ്യം ചെയ്യുന്നത്. വ്യവസ്ഥാപിത അനീതികൾക്കെതിരെ സംസാരിക്കാനും അടിച്ചമർത്തപ്പെട്ട മനുഷ്യരിൽ അവകാശബോധവും രാഷ്ട്രീയ ജാഗ്രതയും ഉണർത്താനുമുള്ള ശക്തമായ സാംസ്കാരിക പ്രതിരോധമായി ഈ ചിത്രം മലയാള ചലച്ചിത്ര ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും.