'ഇന്ത്യൻ ജാതിവ്യവസ്ഥയെ തകർക്കാൻ ദേശീയതക്ക് കഴിഞ്ഞിട്ടില്ല. ജാതിയെ നിലനിർത്തുന്നത് ഒരു സംഘബോധമാണ്. അതിൻ്റെ ആധിപത്യം അനുവദിക്കാത്ത, അതിൻ്റെ സാമൂഹ്യ പരിഗണനകൾ നഷ്‌ടപ്പെടുന്ന, ഒരു ബ്രഹത് സ്വത്വത്തിലേക്ക് അലിഞ്ഞുചേരാൻ അത് വിസമ്മതിക്കും. ജാതിയുടെ ഉന്മൂലനം നടത്താതെ ഒരു രാഷ്ട്രം ആവിഷ്കരിക്കുവാൻ സാധ്യമല്ല.' പ്രശസ്‌ത എഴുത്തുകാരിയും വിവർത്തകയും ദലിത് - സ്ത്രീപക്ഷ ആക്ടിവിസ്റ്റുമായ മീന കന്തസാമി ജാതിയെക്കുറിച്ച് വിശദീകരിച്ചതിങ്ങനെയാണ്.
ഇന്നും ജാതിയെ മറികടക്കാൻ നമ്മുടെ ദേശീയ പ്രസ്ഥാനങ്ങൾക്കുപോലും കഴിഞ്ഞിട്ടില്ലായെന്നുള്ളത് ഒരു സത്യമാണ്. അവരുടെ പരിഗണന പട്ടികയിൽ ഒന്നാമതായിത്തന്നെ സ്വാഭാവികതപോലെ ജാതി കടന്നുകൂടുന്നുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ തുടക്കം മുതലിങ്ങോട്ട് നോക്കിയാൽ എക്കാലത്തുമത് സാമ്പ്രദായിക സവർണ്ണതയുടെ അപ്രമാദിത്വങ്ങൾക്കനുസരിച്ച് സഞ്ചരിച്ച പാർട്ടിയായിത്തന്നെയാണ് ചരിത്രത്തിൽ ഇടം പിടിച്ചിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ ഹിന്ദുത്വ രാഷ്ട്രീയം ദേശീയമായി ശക്തിപ്പെട്ടതോടുകൂടി മുന്നോക്ക ഹിന്ദുവിഭാഗങ്ങൾ ജാതിമേൽക്കോയ്മയുടെ ഉലയാത്ത ആ കൂടാരത്തിലേക്ക് വഴിമാറി നടന്നതോടെയാണ് കോൺഗ്രസ് ജാതിയെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചും ചിന്തിച്ചുതുടങ്ങിയത്. വർത്തമാനകാലത്ത് സംവരണം, പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളിൽ നീതിപക്ഷ നിലപാട് എടുക്കാൻ കോൺഗ്രസ് നിർബന്ധിതമായി. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമാണ് കോൺഗ്രസിന്റെ ദേശീയ നയത്തിൽ മാറ്റം വരുത്തി ഏറെക്കുറെ പിന്നോക്ക - ദലിത് വിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളുന്ന തരത്തിലാക്കി ജനാധിപത്യത്തിൻ്റെ പുത്തൻതുറവികൾക്കായി വഴിതുറന്നത്. പക്ഷെ ഈ നീതിപക്ഷ രാഷ്ട്രീയത്തെ അത്രയ്ക്കൊന്നും ഉൾക്കൊള്ളാത്ത തരത്തിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. കേരളത്തിൽ ഇന്നുവരെ ദലിത് - ആദിവാസി വിഭാഗങ്ങളിൽ നിന്നും ഒരാളെപ്പോലും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി അവരോധിച്ചിട്ടില്ല. സണ്ണി ജോസഫ് മന്ത്രി ആയതിനുശേഷം പിസിസി പ്രസിഡൻറ് പദവിയിലേക്ക് പുതിയ ആളെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ സജീവമായി ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. ആ പദവിയിലേക്ക് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കണമെന്ന ചർച്ചകളും ഉയർന്നു വരുന്നുണ്ട്. എട്ട് പ്രാവശ്യം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആളാണ് അദ്ദേഹം. സമാനമായി മറ്റൊരാളില്ലെന്നതും ഓർക്കണം. ദേശീയതലത്തിലും സംഘടന പ്രവർത്തനം ഏകോപിപ്പിച്ച അനുഭവ സമ്പത്തുമുള്ളയാൾ. അത്തരമൊരാളെ സ്വാഭാവികമായും കെപിസിസി പ്രസിഡൻ്റാക്കേണ്ടതാണ്. ഇതൊന്നുമില്ലാത്ത എത്രയോ പേരാണ് ജാതി - മത സമവാക്യങ്ങളുടെ വകയിരുത്തലുകളിൽ മാത്രം പിസിസി പ്രസിഡൻ്റുമാരായത്. കൊടുക്കുന്നിൽ സുരേഷ് കേരളത്തിലെ കോൺഗ്രസിനകത്തെ ഒരു മുതിർന്ന നേതാവ് മാത്രമല്ല, ദലിത് സമുദായത്തിൽ നിന്നുമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവുകൂടിയാണ്. സ്വാഭാവികമായി തന്നെ അദ്ദേഹത്തിന് ആ പദവിയിലേക്ക് എത്താനുള്ള എല്ലാ യോഗ്യതകളും ഉണ്ട്.
പൊതുവെ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്നിരുന്ന ദലിത് വിഭാഗങ്ങൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തുവെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്. നാളിതുവരെയില്ലാതത്തവിധം ഭൂരിപക്ഷം സംവരണ സീറ്റുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചത് അതിന് തെളിവാണ്. അത് നിലനിർത്തുന്നതിന് ആവശ്യമായ രാഷ്‌ട്രീയ ഇടപെടലുകൾക്ക് കോൺഗ്രസ് നേതൃത്വം തയ്യാറായാൽ ഭാവിയിലും അവർക്കത് ഗുണകരമാകും. പരമ്പരാഗതമായി യുഡിഎഫിനോട് അകന്നുനിൽക്കുന്ന സാമൂഹിക വിഭാഗങ്ങളെ ചേർത്തുപിടിക്കാൻ കഴിയണം. അത് പുതിയ ഉണർവ് നൽകുന്നതായിരിക്കും.
മറ്റു സംസ്ഥാനങ്ങളിലൊക്കെത്തന്നെ പാർട്ടി ഘടനയ്ക്കുള്ളിലും മന്ത്രിസഭയിലും ഏറെക്കുറെയൊക്കെ ജനാധിപത്യപരമായ പ്രാതിനിധ്യം ദലിത് - ആദിവാസി വിഭാഗങ്ങൾക്ക് നൽകാൻ കോൺഗ്രസ് ഇപ്പോൾ ശ്രമിന്നുണ്ട്. വി.ഡി സതീശൻ സർക്കാരിൽ പട്ടികവിഭാഗങ്ങളിൽ നിന്ന് രണ്ടുപേരെ പരിഗണിച്ചത് മാറിയ കാലത്തിൻ്റെ നീതിബോധമായും കാഴ്ചപ്പാടുകളിലെ നവീനതയായും തീർച്ചയായും കണക്കാക്കാം. രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ പകുതിക്കുശേഷം പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരു മന്ത്രി പോലുമില്ലായിരുന്നുവെന്നത് ഓർക്കേണ്ടതാണ്. പാർശ്വവത്കൃതരായ സമൂഹങ്ങൾക്ക് ഭരണ സംവിധാനത്തിൽ പ്രാതിനിധ്യമില്ലാത്തത് ഒരു പോരായ്മയും അനീതിയുമാണെന്ന് തോന്നാത്തതാണ് കേരളത്തിലെ മുഖ്യധാര ഇടതുപക്ഷത്തിൻ്റെ നീതിബോധം. വിധേയത്വത്തിൻ്റെ അരിവാൾ ചുറ്റികകൾ ദലിതർ വലിച്ചെറിഞ്ഞുവെന്ന് സവർണവത്ക്കരിക്കപ്പെട്ട ഇടതുപക്ഷം തിരിച്ചറിയണം. അക്കാര്യത്തിൽ ഇപ്പോഴത്തെ സർക്കാർ സുപ്രധാനമായ റവന്യൂ വകുപ്പുൾപ്പെടെ നൽകി രണ്ടുപേരെ ദലിത് വിഭാഗത്തിൽ നിന്നും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനമർഹം തന്നെയാണ്. പട്ടികവിഭാഗങ്ങൾക്ക് പ്രധാനപ്പെട്ട വകുപ്പുകൾ ഒന്നും നൽകാതിരുന്ന ചരിത്രമാണ് മുൻകാല മന്ത്രിസഭകൾക്കുള്ളത്. തൊട്ടടുത്ത സംസ്ഥാനങ്ങളായ കർണാടകയിലും തെലങ്കാനയിലും ഇതേ കോൺഗ്രസാണ് ഭരണം നടത്തുന്നത്. പട്ടികവിഭാഗക്കാരായ ജി.പരമേശ്വരയും മല്ലുഭട്ടി വിക്രമാർക്കയുമാണ് ഈ സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാർ. നേരത്തെ പിസിസി അധ്യക്ഷൻമാരുമായിരുന്നു ഇവർ.
പതിനെട്ടാം ലോക്സഭയിലെ ഏറ്റവും സീനിയർ ആയിട്ടുള്ള അംഗമാണ് കൊടിക്കുന്നിൽ സുരേഷ്. എട്ട് തവണയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഈ ലോകസഭയുടെ പ്രോ - ടേം സ്പീക്കറായി തെരഞ്ഞെടുപ്പെടേണ്ടിയിരുന്നത് അദ്ദേഹത്തെയാണ്. പക്ഷെ ഹിന്ദുത്വവാദികൾ സാങ്കേതിക തൊടുന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പാർലമെൻ്ററി രംഗത്തും സംഘടന രംഗത്തും അനുഭവ സമ്പത്തുള്ള കൊടുക്കുന്നിൽ സുരേഷ് കെപിസിസി പ്രസിഡണ്ടാകുന്നതിൽ സാമൂഹികനീതിയുടെ പരിപ്രേഷ്യം കൂടിയുണ്ട്. പതിനാല് ഡിസിസി പ്രസിഡൻ്റുമാരിലോ 282 ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻമാരിലോ ദലിത്/ആദിവാസി കോൺഗ്രസ് ഒഴികെ, കെഎസ്‍യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഐഎൻടിയുസി അടക്കം കോൺഗ്രസിൻ്റെ ഏതെങ്കിലും അനുബന്ധ സംഘടനകളുടെ അധ്യക്ഷൻമാരായി പട്ടികവിഭാഗങ്ങളിൽ നിന്നും ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ? സിപിഎമ്മിൻ്റേയും സിപിഐയുടേയും കാര്യം ഇതിൽ നിന്നും ഒട്ടും വ്യത്യസ്ഥമൊന്നുമല്ല. ജാതിയെന്നല്ലാതെ വേറെന്ത് പേരിലാണ് ഈ വിവേചനത്തെപ്പറ്റി അഭിസംഭോദന ചെയ്യുക.
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യമായി ഒരു പട്ടികജാതിക്കാരൻ മേയറാകുന്നത് 1970ലാണ്. അവസാനമായും. ശ്രീനാരായണഗുരുവിൻ്റെ സന്തതസഹചാരിയും ശിവഗിരിമഠത്തിലെ അന്തേവാസിയും പട്ടികജാതിക്കാരനുമായ എ.കുഞ്ഞിരാമനായിരുന്നു ആ മേയർ. 1928ൽ ഗുരു തന്റെ അവസാനത്തെ ശിഷ്യനായ അനന്ത ഷേണായിയെന്ന ആനന്ദതീർഥർക്ക് സന്യാസദീക്ഷ നൽകുമ്പോൾ കുഞ്ഞിരാമൻ സാക്ഷിയായിരുന്നു. അത്രത്തോളം ഗുരുവിന് പ്രിയപ്പെട്ട ആളായിരുന്നു കുഞ്ഞിരാമൻ. ഗുരുവിന് ശേഷം വർക്കല വിട്ട കുഞ്ഞിരാമൻ 22 വർഷക്കാലം തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ ആയിരുന്നു. അക്കാലത്തെ കോൺഗ്രസിൻ്റെ വരേണ്യ നേതൃത്വം ഒരിക്കൽപ്പോലും മേയർ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. ഒടുവിൽ കെ.സുകുമാരൻ എന്ന പത്രാധിപരുടെ നിരന്തരമായ മാധ്യമ ഇടപെടൽ ഉണ്ടായിരുന്നതുകൊണ്ടാണ് കുഞ്ഞിരാമൻ മേയറായത്. കോൺഗ്രസിൻ്റെ സവർണ മനോഭാവത്തിനെതിരെ അദ്ദേഹം സംസാരിച്ചുകെണ്ടേയിരുന്നു. ഇതൊക്കെയായിരുന്നു കോൺഗ്രസിൻ്റെ പൂർവ്വകാലം എന്നോർമ്മിപ്പിക്കാനാണ് ഇത് പറഞ്ഞത്.
ഒരു ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസിൻ്റെ സംസ്ഥാനത്തെ ആസ്ഥാനമായ ഇന്ദിര ഭവനിലെ ചുവരിൽ സ്ഥാപിച്ചിരിക്കുന്ന പിസിസി പ്രസിഡൻറുമാരുടെ ഫോട്ടോ പട്ടികയിൽ ഒരു ദലിതനോ ആദിവാസിയോ ഇടം പിടിക്കാത്തതിലെ ജനാധിപത്യവിരുദ്ധത ഈ കാലത്തും കോൺഗ്രസിന് മനസിലാകുന്നില്ലായെന്നാണോ!. കുറച്ചുനാൾമുമ്പ് കൊടിക്കുന്നിൽ സുരേഷ് ഈ വിഷയം ചൂണ്ടിക്കാണിച്ചപ്പോൾ കോൺഗ്രസ് സൈബർ ടീം അദ്ദേഹത്തിനെതിരെ വ്യക്തിപരവും വംശീയവുമായ ആക്രമണം നടത്തുകയാണുണ്ടായത്. പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കുമ്പോ, അത് പറയുന്നയാളിൻ്റെ അധികാരമോഹമായി ചിത്രീകരിച്ച് വിഷയത്തിൻ്റെ മെറിറ്റിനെ നശിപ്പിക്കുകയെന്ന സവർണ ഗൂഢാലോചന അഹിംസ പാർട്ടിയുടെ സൈബർ അണികൾ ജാതി വിദ്വേഷംകൂടി ചേർത്ത് അന്ന് പ്രചരിപ്പിച്ചു. പ്രാതിനിധ്യത്തിൻ്റെ രാഷ്ട്രീയം സാമൂഹ്യനീതിയുടെ രാഷ്ടീയമാണെന്ന് ദേശീയതലത്തിൽ പറയുന്ന കോൺഗ്രസിൻ്റെ കേരള ഘടകത്തിന് പക്ഷെ നാളിതുവരെയുമത് മനസിലായിട്ടില്ല. മാറിയ രാഷ്ടീയ കാലാവസ്ഥയിൽ അഖിലേന്ത്യാ കോൺഗ്രസ് ബിജെപിയോട് കിടപിടിക്കാൻ നടത്തുന്ന പൊളിറ്റിക്കൽ ഡ്രാമ മാത്രമാണ് ദലിതരേയും പിന്നോക്കരേയും ചേർത്തുപിടിക്കുന്ന നീതിയുടെ പേരിലെ വാചാല രാഷ്ട്രീയമെന്ന് മലയാളികൾ സംശയിച്ചാൽ അതിൽ എന്താണ് തെറ്റ്.
മല്ലികാർജുൻ ഖാർഗെയെ ദേശീയ പ്രസിഡൻ്റാക്കിയത് ചൂണ്ടിയാണ് കൊടിക്കുന്നിലിനെതിരായ പ്രചരണത്തിന് കോൺഗ്രസ് നീതിശാസ്ത്രം കണ്ടെത്തുന്നത്. മുഖ്യമന്ത്രിമാരായിരുന്നവരെയടക്കം നേതാക്കളെ ബിജെപിക്ക് സംഭാവന നൽകിയ പാർട്ടിയാണ് കോൺഗ്രസ്. ഇന്നേവരെ ഒരു ചലനവുമില്ലാതെ കോൺഗ്രസ് പക്ഷത്ത് അചഞ്ചലമായി നിലകൊണ്ട നേതാവാണ് ഖാർഗെ. രാഷ്ട്രീയമായ അടിയടരുകൾ തകർന്നുപോയ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ ഈ കെട്ടകാലത്ത് വേറാരെന്ന ചോദ്യം കോൺഗ്രസുകാർ പരസ്പരം ചോദിക്കട്ടെ. കേരളത്തിലെ കോൺഗ്രസിൽ പാർശ്വവത്കൃതരാക്കപ്പെട്ടവരുടെ പ്രാതിനിധ്യമില്ലായ്മയെക്കുറിച്ച് പറയുമ്പോ, ഖാർഗെയുടെ സ്ഥാനത്തെ ചൂണ്ടി അനീതിയെ വെള്ള പൂശുന്നതിലെ യുക്തിയുടെ പേര് ജാതിബോധമെന്നല്ലാതെ വേറെന്താണ്? കോൺഗ്രസ് പ്രസിഡൻറുമാരിൽ ഖാർഗെയെ മാത്രം അദ്ദേഹത്തിൻ്റെ സമുദായവുമായി കൂട്ടിക്കെട്ടുന്നതെന്തിനാണ്? ഏഴര പതിറ്റാണ്ടിൻ്റെ ധൈഷണികവും ആദർശബോധം നിറഞ്ഞതുമായ അദ്ദേഹത്തിൻ്റെ രാഷട്രീയ ജീവിതം ചർച്ചചെയ്യപ്പെടേണ്ട യോഗ്യതയേ ആകുന്നില്ലേ? ഇതുതന്നെയാണ് ജാതി.
പട്ടികവിഭാഗക്കാർ എവിടെ എത്തിയാലും, ഇത് ഞങ്ങൾ പ്രിവിലേജ്ഡ്ടെകാരുടെ ഔദാര്യമാണെന്ന് നിരന്തരം പറയുക. കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയപ്പോഴും ചുവന്ന സവർണബോധം ഇതുപോലെ പറഞ്ഞത് കേരളം കണ്ടതാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള കൊടിക്കുന്നിൽ സുരേഷിൻ്റെ ക്ലെയിം സ്വാഭാവിക നീതിയ്ക്കുവേണ്ടിയുള്ള ജനാധിപത്യവാദമാണെന്ന് കോൺഗ്രസ് നേതൃത്വത്തിന് മനസിലാകണം. ജനാധിപത്യം, പ്രാതിനിധ്യം, സമത്വം, നീതി എന്നൊക്കെയുള്ളത് തൊലിപ്പുറത്ത് ഉരസിപ്പോകേണ്ട മൂല്യങ്ങളല്ലെന്ന രാഷ്ട്രീയ വിവേകം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാണിക്കണം.