പലതവണ വായിക്കാവുന്ന ഗഹന ദർശനങ്ങൾ ബെഗോവിച്ചിന്റെ 'ജയിൽ കുറിപ്പുകൾ'ക്ക് ഒരു ആസ്വാദനം.

ധാരാളം ആലോചിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന കുറിപ്പുകൾ. അറിഞ്ഞതിനേക്കാൾ കൂടുതലാണ് ഇനിയും അറിയാൻ ഉള്ളതെന്ന് ബോധ്യപ്പെടുന്നു. പരിമിതമായ അറിവ് കൊണ്ട് എളുപ്പത്തിൽ വായിച്ചു തീർക്കാനും മനസ്സിലാക്കാനും പറ്റില്ലെന്ന ബോധ്യം വിനീതരാക്കുന്നു.

Update: 2026-09-09 18:15 GMT

പാശ്ചാത്യ-പൗരസ്ത്യ ദർശനങ്ങളോടുള്ള സൂക്ഷ്മമായ ഇടപെടലുകളും സംവാദങ്ങളും അഭിപ്രായങ്ങളും അനുഭവവേദ്യമാക്കുന്ന ലഘുകുറിപ്പുകളാണ് അദർ ബുക്‌സ് മലയാളത്തിൽ മൊഴിമാറ്റിയ മുൻ ബോസ്‌നിയൻ പ്രസിഡണ്ട് അലിയാ ഇസെത്ബെഗോവിച്ചിന്റെ 'ജയിൽ കുറിപ്പുകൾ'. ആധുനിക ദേശരാഷ്ട്രങ്ങൾക്കിടയിൽ ഇന്ന് മനുഷ്യന്റെ വ്യാവഹാരിക മണ്ഡലങ്ങളെ ഉദ്ധീപിപ്പിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന മതം, ധാർമികത, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ സാമ്പ്രദായിക രീതിക്കപ്പുറത്തേക്കുള്ള ചർച്ചകളാണ് ബെഗോവിച്ച് മുന്നോട്ടുവെക്കുന്നത്. ദാർശനികമായ ഉൾക്കാഴ്ചകളും ഗഹനമായ ചിന്തയുടെ സമൃദ്ധിയും ഇതിലങ്ങോളമിങ്ങോളമുണ്ട്. ഭാഷന്തരം ചെയ്യുമ്പോഴുള്ള ആശയ കൈമാറ്റത്തിന്റെ വെല്ലുവിളികളെക്കുറിച്ചുള്ള ആശങ്ക എല്ലാ വിവർത്തന കൃതികളെയും പോലെ ഇതിലും ഉണ്ടാവാനിടയുണ്ട്. സ്വതന്ത്രവും സങ്കീർണ്ണവുമായ ചിന്തകളുടെ ശേഖരമെന്ന നിലക്ക് മൂലകൃതിയിലെ ആശയങ്ങളെ യഥാവിധം കൈമാറ്റം ചെയ്യുക എന്നതും സങ്കീർണ്ണമായിരിക്കും, വിശേഷിച്ചും ആദ്യം ബോസ്‌നിയൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്കും പിന്നീട് മലയാളത്തിലേക്കും വിവർത്തനം ചെയ്യുമ്പോൾ.

Advertising
Advertising


ജയിൽ കുറിപ്പുകൾ വായിച്ചതിന്റെ അനുഭവമെഴുത്ത് എടുത്തുചാട്ടമായിപ്പോയെന്നാണ് തോന്നുന്നത്. മതിയായ ജ്ഞാനവും വായനയും അപര്യാപ്തമായിരിക്കെ ബെഗോവിച്ചിന്റെ മുൻ രചനകളോട് ഭാഗികമായ പരിചയം പോലുമില്ലാതെയാണ് വായന തുടങ്ങിയത്. Islam between East and West എന്ന പുസ്തകത്തിന്റെ ഭാഗികവായനയുടെ പുറത്താണ് ഈ പുസ്തകം ലിസ്റ്റ് ചെയ്തത്. സ്വതന്ത്രമായി ചിന്തിക്കാനും വിശകലനം ചെയ്യാനും ശേഷിയുള്ള, പരന്ന വായനയുള്ള ഒരു അതികായന്റെ ജയിൽജീവിതത്തിനിടയിൽ ഉണ്ടായ ചിന്തകളുടെ ശേഖരമാണ് 'ബെഗോവിച്ചിന്റെ ജയിൽ കുറിപ്പുകൾ'. ഇതിൽ പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ ബെഗോവിച്ചിനെ മാത്രം അറിഞ്ഞാൽ മതിയാവില്ല, ഇരുപതാം നൂറ്റാണ്ടിനെ നിർമ്മിച്ച രാഷ്ട്രീയ-സാമൂഹ്യ പരിസരങ്ങളെയും കൂടി അറിയണം. ഭിന്നാഭിപ്രായങ്ങളെ കുറിച്ചും വിരുദ്ധാഭിപ്രായങ്ങളെ കുറിച്ചുമുള്ള ധാരണയും ഈ പുസ്തകവായനക്ക് ഒരു മുന്നുപാധിയായി തോന്നുന്നു.


വായനക്കാർക്ക് മുൻപരിചയമില്ലാതിരിക്കാനിടയുള്ളതോ പരിചയം കുറവുള്ളതോ ആയ അനേകം വ്യക്തികളെ ബെഗോവിച്ച് ഉദ്ധരിക്കുന്നുണ്ട്. പ്രത്യേകിച്ചും പൂർവയൂറോപ്യൻ സാംസ്‌കാരിക പശ്ചാത്തലത്തിൽ നിന്ന്. മതിയായ വിശദാംശങ്ങൾ ഇല്ലാത്ത കാരണത്താൽ ആ വ്യക്തികളെയും ആശയങ്ങളെയും ഉൾകൊള്ളാൻ പ്രയാസം തോന്നിയിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളുടെ സങ്കീർണ്ണതകൾ പോലെ ഇത് മനസ്സിലാക്കലും വെല്ലുവിളിയായിരുന്നു. ലഘുകുറിപ്പുകളല്ലേ വേഗത്തിൽ ഓടിച്ചു വായിക്കാമെന്നുകരുതി ഈ പുസ്തകം കൈയിലെടുത്താൽ അബദ്ധമാകും. പെട്ടെന്നുവായിച്ചു വിടാൻ ഉദ്ദേശിക്കുമ്പോൾ വായിച്ചതിലേറെ സമയം ആലോചനയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടത് ഇവിടെ അനിവാര്യതയായി മാറുകയാണ്.

കമ്മ്യൂണിസ്റ്റ് രാജ്യത്തിനകത്തെ രാഷ്ട്രീയ തടവുകാരനാണ് ബെഗോവിച്. കുറിപ്പുകളുടെ കൂട്ടത്തിൽ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തെ കുറിച്ചും അദ്ദേഹം വാചാലമാകുന്നുണ്ട്. ദീർഘകാലത്തെ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന്റെ മൗലികസ്വഭാവത്തിൽ ഹിംസയും ഉൾച്ചേർന്നിട്ടുണ്ടെന്ന് ബെഗോവിച് നിരീക്ഷിക്കുന്നു. ജർമനിയിലെ ഫാസിസ്റ്റ് രീതികളോടാണ് കമ്മ്യൂണിസ്റ്റ്‌ ഭരണത്തെ, സ്റ്റാലിൻ കാലഘട്ടത്തെ വിശേഷിച്ചും, അദ്ദേഹം സമീകരിക്കുന്നത്. മതനിഷേധവും ദൈവനിഷേധവും സോവിയറ്റ് യൂണിയൻ ഔദ്യോഗിക ദേശീയനയമാക്കിയതോടെ മതചിഹ്നങ്ങളെയും പാഠശാലകളെയും അപ്രത്യക്ഷമാക്കുകയും ഓദ്യോഗികമായി നിരീശ്വരത്വം പ്രചരിപ്പിക്കുകയും വിരുദ്ധാഭിപ്രായങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങളെയും ശക്തമായ പോലീസിങ്ങിലൂടെ നിരീക്ഷിക്കുകയും അടിച്ചൊതുക്കുകയും മതവിശ്വാസികളെ രാജ്യദ്രോഹികളാക്കി മാറ്റുകയും ചെയ്‌തു. ഈ ഹിംസാത്മക രാഷ്ട്രീയത്തെ എതിർത്തതുകൊണ്ടാവണം ജനപങ്കാളിത്തത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ബെഗോവിച്ചിന് ധാരാളമായി പറയാൻ തോന്നിയത്. ഇത്തരം "രാജ്യദ്രോഹ" കുറ്റത്തിന് തടവുകാരനായാണ് ബെഗോവിച്ച് തടവറയിലെത്തുന്നത് എന്നോർക്കണം.

ജയിലിലെ ഏകാന്തതയിലായിരിക്കണം അദ്ദേഹത്തിന്റെ ദീർഘ വായനകളും ആഴത്തിലുള്ള ചിന്തകളും രൂപപ്പെട്ടത്. ഒരു ചലച്ചിത്രസംവിധായകന്റെ വാക്യത്തെ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്: ‘ഒരുപാട് വായിക്കാൻ ഒന്നുകിൽ ആളൊരു ധനികനായിരിക്കണം, അല്ലെങ്കിൽ പരമദരിദ്രനാകണം. എന്റെ കാര്യം വെച്ച് ഞാനൊന്ന് കൂടി അതിൽ കൂട്ടിച്ചേർക്കും, “ഒരു തടവുകാരനാകണം”. തടവറയിലെ ഏകാന്ത വാസം ധാരാളം ചിന്തകൾക്ക് കാരണമായപ്പോഴും തന്റെ കുടുംബവുമായി അടുപ്പം വെക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. പുസ്തകത്തിന്റെ അവസാന ഭാഗം മക്കളുമായുള്ള കത്തിടപാടുകളുടെ ശേഖരമാണ്. ഒരുവശത്ത് കുടുംബവുമായി സമ്പർക്കം നിലനിർത്താൻ ശ്രമിക്കുമ്പോഴാണ് മറുവശത്ത് അദ്ദേഹം ആഴമുള്ള ധൈഷണിക വ്യവഹാരത്തിൽ ഏർപ്പെടുന്നത്.

ചിന്തയുടെ ഗരിമയും അഗാധതയും വെളിപ്പെടുന്ന നിരവധി സന്ദർഭങ്ങൾ പുസ്‌തകത്തിലുണ്ട്. ഒരു കുറിപ്പ് ഇങ്ങനെയാണ്: “ശൂന്യതയെ കുറിച്ച് വല്ലതും പറയാമോ?” ഇതേ ചോദ്യം ഞാൻ പലരോടും ചോദിച്ചു. ശൂന്യതയെ പല വിധത്തിൽ പലരും നിർവചിക്കുന്നു. ചിലർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതാണ് ശൂന്യത. എന്റെ ആലോചനയിൽ ഈ പ്രപഞ്ചവും സമയവും കാലവും ഒന്നും ഇല്ലാത്ത അവസ്ഥയാണ് ശൂന്യത, പക്ഷെ, അങ്ങനെ ഒരു അവസ്ഥയെ സങ്കൽപ്പിക്കാൻ സാധിക്കുന്നില്ല'. ബെഗോവിച്ച് അനുഭവിച്ച ശൂന്യത എന്തായിരിക്കുമെന്ന് നാമപ്പോൾ ആലോചിച്ചുപോകുന്നു. ശൂന്യത എന്തെന്ന ആലോചനയിൽ ഉത്തരം കിട്ടാത്ത അവസ്ഥയിലായിരിക്കുമോ ഇതൊരു ചോദ്യമായി ഇതിൽ ഉൾപ്പെടുത്തിയത്, ഇങ്ങനെ ആലോചിക്കാൻ എന്തായിരിക്കും അദ്ദേഹത്തെ പ്രേരിപ്പിച്ചത്, ഏകാന്തതയാണോ അതോ ആഴത്തിലുള്ള ആലോചനകളാണോ, ഇങ്ങനെ പല ചോദ്യങ്ങൾ ഇതുപോലുള്ള ചെറിയ കുറിപ്പുകളിൽ ഇട്ടു വെച്ചതായി തോന്നുന്നു.

സമാനമായ ചോദ്യം ധാർമികതയെ കുറിച്ചും അദ്ദേഹം ചോദിക്കുന്നു. ധാർമികത മതത്തിന്റേതാണ്, മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യതിരിക്തനാക്കുന്നത് ബുദ്ധിയല്ല, മറിച്ച് ധാർമികതയാണെന്ന് മുസ്‌ലിം തത്വചിന്തകനായ ത്വാഹ അബ്ദുറഹ്മാൻ പറയുന്നു. ബെഗോവിച്ചിന്റെ ചോദ്യം ഇതാണ്: “ധാർമികതയില്ലാത്ത ഒരു ചരിത്രത്തെ കുറിച്ച് ആലോചിക്കാൻ പറ്റുന്നുണ്ടോ?' അങ്ങനെ ഒരു ലോക വ്യവസ്ഥ ഉണ്ടെങ്കിൽ എന്തായിരിക്കും അതിന്റെ അനന്തരഫലം, വ്യക്തിഗതമായി ധാർമികത നിർണയിക്കാൻ സാധിക്കുമോ, അങ്ങനെ ചെയ്താൽ ഒരു വ്യവസ്ഥാപിത സമൂഹം രൂപപ്പെടുകയും നിലനിൽക്കുകയും ചെയ്യുമോ, ഇങ്ങനെ പല ചോദ്യങ്ങൾ അദ്ദേഹം ഉന്നയിക്കുന്നു.

ഇസ്‌ലാമിനെ കുറിച്ചും അദ്ദേഹം ധാരാളമായി എഴുതുന്നു. ഇസ്‌ലാമിക അധ്യാപനങ്ങൾ, ചരിത്രം ഒക്കെ ഇതിലെ പ്രതിപാദ്യ വിഷയങ്ങളാണ്. ലഹരിയോടുള്ള സമീപനം കേവലം മനുഷ്യ ബുദ്ധിയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒന്നായി മാത്രമല്ല കാണേണ്ടത്, മറിച്ച് മനുഷ്യന്റെ അഭിമാനത്തെ ബാധിക്കുന്ന വലിയ പ്രശ്നമായിട്ട് കൂടി അതിനെ മനസ്സിലാക്കണം. ഇസ്‌ലാം എന്നാൽ അപ്രായോഗിക ആശയങ്ങളല്ല, ഓരോ ആശയങ്ങളെയും ആ കാലഘട്ടത്തിന്റെ പാകതക്കനുസരിച്ച് അവതരിപ്പിക്കാനാണ് ഇസ്‌ലാം ശ്രമിച്ചതെന്ന് ബെഗോവിച്ച് പറയുന്നു. ഉദാഹരണമായി അടിമ വ്യവസ്ഥ ഇസ്‌ലാം നിർത്തലാക്കിയിരുന്നില്ല, പക്ഷെ അതിന്റെ വ്യവസ്ഥാപിത രീതികളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വന്നു. ഉടമപ്പെടുത്തുന്നതിനേക്കാൾ മോചിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു, അവർക്ക് മനുഷ്യാവകാശങ്ങൾ വക വെച്ച് കൊടുത്തു. കാലക്രമേണ സ്വയം പര്യാപ്തവരാവാനുള്ള ശേഷി നേടാൻ അവരെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. അറബ് സമൂഹം ഈ മാറ്റങ്ങൾ സ്വീകരിക്കാൻ തയ്യാറായിരുന്നു എന്നാണ് മനസ്സിലാവുന്നത്. പക്ഷെ ആധുനിക യൂറോപ്പിൽ/പശ്ചാത്യ ലോകത്ത് അടിമത്ത സമ്പ്രദായം നിർത്തലാക്കിയിട്ട് അധിക കാലമായിട്ടില്ല. Transatlantic Slave Trade പോലെ മനുഷ്യനെ കൊടിയ ക്രൂരതകൾക്ക് വിധേയമാക്കിയ യൂറോപ്പ്യൻ ഭൂതകാലത്തെ മറച്ചു വെക്കാൻ കൂടി വേണ്ടിയാണ് യൂറോപ്പ് ഈ സമ്പ്രദായം നിർത്തലാക്കിയത്. അത് കൂടാതെ കോളനിവൽകരണം ലോകജനതയെ തങ്ങളുടെ താല്പര്യത്തിന് വേണ്ടി ഉപയോഗിച്ച ഹീനചരിത്രവും അവരുടേത് തന്നെ. ഇതെല്ലാം മറച്ചു വെക്കാൻ കൂടി വേണ്ടിയാണ് പൗരസ്ത്യ ജനതയെ, വിശേഷിച്ചും അറബ്-മുസ്‌ലിം സമൂഹത്തെ, 'അപരിഷ്‌കൃതർ' (uncivilized) ആയിട്ട് അവതരിപ്പിക്കുന്നത്. വികസനത്തിലും സാങ്കേതിക വിദ്യകളിലും ഏറെ മുന്നിൽ നിൽക്കുമ്പോഴും യൂറോപ്യൻ ജ്ഞാനശാസ്ത്രം (epistemology) എത്രത്തോളം സ്വീകര്യമാണ് എന്നതാണ് കാതലായ ചോദ്യം.

സമയമെടുത്ത് മാത്രം വായിച്ചു തീർക്കാൻ പറ്റുന്ന പുസ്തകമാണിത്. പലയാവർത്തി വായിക്കാവുന്ന പുസ്‌തകം. ധാരാളം ആലോചിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന കുറിപ്പുകൾ. അറിഞ്ഞതിനേക്കാൾ കൂടുതലാണ് ഇനിയും അറിയാൻ ഉള്ളതെന്ന് ബോധ്യപ്പെടുന്നു. പരിമിതമായ അറിവ് കൊണ്ട് എളുപ്പത്തിൽ വായിച്ചു തീർക്കാനും മനസ്സിലാക്കാനും പറ്റില്ലെന്ന ബോധ്യം വിനീതരാക്കുന്നു. കഠിനമായ ധ്യാന മനനങ്ങളെ ആവശ്യപ്പെടുന്ന ഗ്രന്ഥമാണിത്. അലസമായ വായനക്ക് ഇതൊരിക്കലും നിന്നുതരില്ല. ഇതിലെ മിക്ക കുറിപ്പുകളും തവണകളായി വായിക്കുകയും ആലോചിക്കുകയും ചെയ്യണമെന്ന് നിശ്ചയം.

Writer - ubaid

contributor

Editor - ubaid

contributor

By - റാസി മണ്ണിൽക്കടവ്

contributor

Similar News