'4PM' യൂട്യൂബ് ചാനൽ നിരോധനത്തിനെതിരായ ഹർജി മെയ് 13 ന് സുപ്രിം കോടതി പരിഗണിക്കും
പത്രപ്രവർത്തന സ്വാതന്ത്ര്യത്തിനും പൊതുജനങ്ങളുടെ വിവരങ്ങൾ സ്വീകരിക്കാനുള്ള അവകാശത്തിനും നേരെയുള്ള ക്രൂരമായ ആക്രമണമാണ് വിലക്ക് എന്ന് ഹർജിയിൽ പറയുന്നു.
ന്യൂഡൽഹി: '4PM' എന്ന യൂട്യൂബ് ചാനൽ നിരോധിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മെയ് 13 ന് സുപ്രിം കോടതി പരിഗണിക്കും. 73 ലക്ഷം വരിക്കാറുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായ '4PM' ന്റെ എഡിറ്റർ സഞ്ജയ് ശർമ്മ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുന്നത്. 'ദേശീയ സുരക്ഷ' പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ചാനലിന് നേരെ വിലക്കേർപ്പെടുത്തിയത്.
മെയ് 13-ന് ജസ്റ്റിസുമാരായ ബിആർ ഗവായി, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കും. പത്രപ്രവർത്തന സ്വാതന്ത്ര്യത്തിനും പൊതുജനങ്ങളുടെ വിവരങ്ങൾ സ്വീകരിക്കാനുള്ള അവകാശത്തിനും നേരെയുള്ള ക്രൂരമായ ആക്രമണമാണ് വിലക്ക് എന്ന് ഹർജിയിൽ പറയുന്നു.
നിയമപരമായും ഭരണഘടനാപരവുമായും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഒരു തടയൽ ഉത്തരവോ പരാതിയോ ഹർജിക്കാരന് നൽകിയിട്ടില്ലെന്ന് അഭിഭാഷകനായ തൽഹ അബ്ദുൾ റഹ്മാൻ മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു. വാദം കേൾക്കാൻ അവസരം നൽകാതെ ഉള്ളടക്കം പൂർണ്ണമായും നീക്കം ചെയ്യാൻ ഭരണഘടന അനുവദിക്കുന്നില്ല എന്നത് സ്ഥിരീകരിച്ച നിയമമാണെന്നും ഹർജിയിൽ ഉന്നയിക്കുന്നു.
2009 ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളിലെ ചട്ടം 16 റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഏതെങ്കിലും അഭ്യർത്ഥനകൾ, പരാതികൾ അല്ലെങ്കിൽ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് രഹസ്യസ്വഭാവം പാലിക്കണമെന്നതാണ് 2009 ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളിലെ ചട്ടം 16. 7.3 മില്യൺ സബ്സ്ക്രൈബേഴ്‌സുള്ള ചാനൽ ഏപ്രിൽ 29നാണ് നിരോധിച്ചത്. 4PM ഉത്തർപ്രദേശ്, 4PM രാജസ്ഥാൻ എന്നിവ ഉൾപ്പെടെ 4PMന് മറ്റ് ആറ് യൂട്യൂബ് ചാനലുകൾ കൂടിയുണ്ട്. ദേശ സുരക്ഷയുമായും പൊതു ക്രമസമാധാനവുമായും ബന്ധപ്പെട്ട സർക്കാരിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് ചാനലിന് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നത്.