യംഗ് ഇന്ത്യാ കാമ്പയിന്‍ വഴിയിലുപേക്ഷിച്ചു, ജില്ലാ കണ്‍വന്‍ഷനുകള്‍ പ്രഖ്യാപനത്തിൽ ഒതുങ്ങി; സ്തംഭനാവസ്ഥയിൽ യൂത്ത് കോൺഗ്രസ്

140 നിയോജക മണ്ഡലങ്ങളിൽ അമ്പതിലധികം ഇടങ്ങളിൽ കമ്മറ്റികളായില്ല

Update: 2025-05-10 13:07 GMT
Advertising

കൊച്ചി: താഴേത്തട്ടിൽ അപ്രത്യക്ഷമായ യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ സ്തംഭിച്ചതിന് പിറകേ സമരങ്ങള്‍ ഏറ്റെടുക്കാനാകാത്ത ദുർബലാവസ്ഥയിലാണ് സംഘടനയെന്ന വിമർശനം യൂത്ത് കോൺഗ്രസിൽ ശക്തം. എട്ട് മാസമായി യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് ഒരു സമരം പോലും നടത്താന്‍ കഴിഞ്ഞില്ലെന്നാണ് വിമർശകർ ഉന്നയിക്കുന്നത്. സംഘടനാ തലത്തില്‍ ഫണ്ട് ശേഖരണം നടത്തി വയനാട് ദുരന്തത്തിലെ ഇരകള്‍ക്ക് മുപ്പത് വീട് വെച്ച് നല്‍കുമെന്ന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാഗ്ദാനം നടപ്പിലായില്ല. ആശ സമരം, പിഎസ് സി സമരം തുടങ്ങിയവയിലൊന്നും ഇടപെടാതെ മാറി നിന്ന യൂത്ത് കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും ദുർബ്ബലമായ അവസ്ഥയിലായെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.




 


സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയതോടെ മുഴുസമയ പ്രസിഡണ്ട് ഇല്ലാതായി. ഇതോടെ സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം നിലച്ച മട്ടിലായി. രാഹുല്‍ പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്ന അഭിപ്രായം ചിലർ സംഘടനയിൽ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പിലൂടെ പദവിയിലെത്തിയ താന്‍ മാറില്ലെന്ന നിലപാടിലാണ് രാഹുല്‍. യൂത്ത് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന ഗ്രൂപ്പിന്‍റെ അമരക്കാരന്‍ ഷാഫി പറമ്പിലും രാഹുല്‍ മാറേണ്ടതില്ല എന്ന നിലപാടിലാണ്. ഫലത്തില്‍ സംഘടനയുടെ ജില്ലാ- നിയോജക മണ്ഡലം- മണ്ഡലം കമ്മിറ്റികള്‍ പേരിന് മാത്രമായി. ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന കരിഷ്മയുള്ള ആളാണ് രാഹുൽ മാങ്കൂട്ടത്തിലെങ്കിലും അതിന്റെ ഗുണം സംഘടനാ ഘടനയിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് വിമർശനം.

യംഗ് ഇന്ത്യാ കാംപയിന്‍ പാതിവഴിയിലുപേക്ഷിച്ചു

സംഘടനാ ശാക്തീകരണം ലക്ഷ്യം വെച്ച് സംസ്ഥാന നേതൃത്വം മുഴുവന്‍ നിയോജക മണ്ഡലം കമ്മിറ്റികളിലും നേരിട്ട് പങ്കെടുക്കുന്ന യംഗ് ഇന്ത്യാ കാംപയിന്‍ പ്രഖ്യാപിക്കപ്പെട്ടത്. 2024 ജൂലൈ ഒന്നിന് അന്നത്തെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി ശ്രീനിവാസ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്ത കാമ്പയിൻ എറണാകുളത്ത് എത്തിയതോടെ നിർത്തിവെച്ചു. വയനാട് പ്രളയത്തിന്റെ പേരില്‍ നിർത്തിവെച്ച പരിപാടി പാലക്കാട് ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പുനരാരംഭിക്കാനായില്ല. 

 

മണ്ഡലം - നിയോജക മണ്ഡലം കമ്മിറ്റികളില്‍ പ്രവർത്തിക്കാത്തവരെ മാറ്റലും പുതിയവരെ ഉള്‍പ്പെടുത്തലുമെല്ലാം കാംപയിന്‍റെ ഭാഗമായി കുറച്ചെങ്കിലും നടന്നിരുന്നു. എറണാകുളം ജില്ലയിലെ പത്ത് നിയോജക മണ്ഡലങ്ങളിലും തിരുവനന്തപുരം വരെയുള്ള ആറ് ജില്ലകളിലും പരിപാടി നടത്താനായില്ല. കാംപയിന്‍ പുനരാരംഭിക്കണമെന്ന ചർച്ചകള്‍ സംസ്ഥാന കമ്മിറ്റിയില്‍ പലവട്ടം നടന്നെങ്കിലും ഫലമുണ്ടായില്ല. പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ തിരക്കാണ് സംഘടനാ പരിപാടികള്‍ക്ക് തടസമെന്നാണ് സംസ്ഥാന ഭാരവാഹികളുടെ പരാതി.

മണ്ഡലം - നിയോജക മണ്ഡലം കമ്മിറ്റികള്‍ പേരിന് മാത്രം

യൂത്ത് കോണ്‍ഗ്രസിന്‍റെ പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ഈയിടെ ബിവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. സമരത്തില്‍ ആകെ പങ്കെടുത്തത് പന്ത്രണ്ട് പേരാണ്. ഏഴ് മണ്ഡലം കമ്മിറ്റികള്‍ അടങ്ങിയ പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിക്കാണ് ഈ ദുർഗതി. കെഎസ് യു നടത്തിയ സമരത്തില്‍ ഇരുപത് പേർ പങ്കെടുത്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് സമരം ആളില്ലാതെ നാണം കെട്ടുപോയത്. നിയോജകമണ്ഡലം ഭാരവാഹികളും മണ്ഡലം പ്രസിഡണ്ടുമാരും പങ്കെടുത്തിരുന്നെങ്കില്‍ പോലും ഇരട്ടി ആളുകള്‍ സമരത്തിലുണ്ടാകുമായിരുന്നു. നിയമസഭയിലേക്ക് കോണ്‍ഗ്രസ് മത്സരിക്കുന്ന പൊന്നാനിയിലാണ് സമര സംഘടനയാകേണ്ട യൂത്ത് കോണ്‍ഗ്രസ് പാടേ അപ്രത്യക്ഷമായിരിക്കുന്നത്. സംസ്ഥാനത്ത് എല്ലായിടത്തും പ്രവർത്തിക്കാന്‍ ആളില്ലാതെ യൂത്ത് കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുകയാണ്.

വിദേശ മദ്യഷാപ്പിനെതിരെ യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ സമരം

 

യൂത്ത് കോണ്‍ഗ്രസിന്‍റെ മണ്ഡലം, നിയോജക മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ സമരങ്ങളെല്ലാം കോവിഡ് കാല പ്രതിഷേധങ്ങളെ ഓർമിപ്പിക്കുന്നതാണ്. സാമൂഹ്യ അകലം പാലിച്ചും ആളുകളുടെ എണ്ണം കുറച്ചും സമരങ്ങള്‍ നടത്തണമെന്ന നിർദേശമുണ്ടായപ്പോള്‍ നടന്ന സമരങ്ങളുടെ അതേ രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് ഇപ്പോഴും സമരം നടത്തുന്നത്. പ്രവർത്തകർ കൊഴിഞ്ഞു പോവുകയും സമരം നടത്തേണ്ടത് പ്രസിഡണ്ടിന്റെ ബാധ്യതയാവുകയും ചെയ്തപ്പോള്‍ പേരിന് വേണ്ടി ചെയ്യുന്നുവെന്ന് മാത്രം.




 


അശാസ്ത്രീയ സംഘടനാ തെരഞ്ഞെടുപ്പ് കുരുക്കായി

സംസ്ഥാന കമ്മിറ്റി മുതല്‍ മണ്ഡലം കമ്മിറ്റി വരെ വോട്ടെടുപ്പിലൂടെയാണ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് രീതിയുടെ അശാസ്ത്രീയതയും ഗ്രൂപ്പ് വൈരവും മൂലം കമ്മിറ്റികള്‍ പേരിന് മാത്രമായി. സംസ്ഥാന കമ്മിറ്റി മുതല്‍ മണ്ഡലം കമ്മിറ്റി വരെയുള്ള ഘടകങ്ങളില്‍ പ്രസിഡണ്ട് പദവിക്ക് വേണ്ടിയാണ് ഗ്രൂപ്പുകള്‍ മത്സരിച്ചത്.

തെരഞ്ഞെടുപ്പ് രീതിയുടെ പ്രശ്നം കൊണ്ട് ഒറ്റ വ്യക്തിയെ മാത്രം മത്സരിപ്പിച്ചും ബാക്കിയുള്ളവരെ നോമിനേറ്റ് ചെയ്യാമെന്ന ധാരണയിലുമാണ് ഗ്രൂപ്പ് നേതാക്കള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പരസ്പരം പോരടിച്ചവരില്‍ ഒരാള്‍ പ്രസിഡണ്ടും രണ്ടാമന്‍ വൈസ് പ്രസിഡണ്ടുമാകും. മിക്കയിടത്തും മത്സരിച്ചവർ ബദ്ധവൈരികളായി തുടരുന്നതിനാലും ഭാരവാഹികളെ നാമനിർദേശം ചെയ്യാത്തതിനാലും കമ്മിറ്റികളുണ്ടായില്ല. ഉള്ള രണ്ടു പേർ പരസ്പരം സഹകരിക്കാത്തതിനാല്‍ ഒന്നും നടക്കാത്ത സ്ഥിതിയും വന്നു. പദവികള്‍ക്കായുള്ള ഗ്രൂപ്പുകളുടെ പിടിവാശിയും നാമനിർദേശം ചെയ്യാന്‍ സംസ്ഥാന - ജില്ലാ നേതൃത്വങ്ങള്‍ താത്പര്യം കാണിക്കാത്തതും മൂലം നിയോജകണ്ഡലം, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി പദവികള്‍ ബഹുഭൂരിഭാഗവും നികത്താതെ കിടക്കുകയാണ്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ 50ലധികം ഇടങ്ങളിലും ഭാരവാഹികളില്ല. അഞ്ഞൂറിലധികം മണ്ഡലം (പഞ്ചായത്ത്, നഗരസഭ ) കമ്മിറ്റികളിലും ഭാരവാഹികളില്ല. പ്രസിഡണ്ട് പോലുമില്ലാത്ത നിരവധി മണ്ഡലം കമ്മിറ്റികളുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ നിയോജ മണ്ഡലം, മണ്ഡലം തലങ്ങളില്‍ നിശ്ചിത സമയത്ത് ഭാരവാഹികളുടെ യോഗം ചേരുന്ന സ്ഥിതി അവസാനിച്ചിട്ട് വർഷങ്ങളായി. കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു കമ്മിറ്റി യോഗമെങ്കിലും ചേർന്ന കമ്മിറ്റികളുടെ എണ്ണം തുലോം തുച്ഛമാണ്.

തീരുമാനം ഒരു വഴിക്ക്; പ്രവർത്തനം മറു വഴിക്ക്

യംഗ് ഇന്ത്യാ കാംപയിന്‍ വഴിയിലുപേക്ഷിച്ചതിന് പിറകേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനം എല്ലാ ജില്ലകളിലും കണ്‍വെന്‍ഷന്‍ നടത്താനാണ്. ഏപ്രില്‍ 21 മുതല്‍ മെയ് 5 വരെ ജില്ലകളിലെ കണ്‍വെന്‍ഷൻ തിയ്യതികൾ നിശ്ചയിച്ചെങ്കിലും പിന്നീട് ആ തീരുമാനം എന്തായെന്ന് സംസ്ഥാന ഭാരവാഹികള്‍ക്ക് പോലും അറിയില്ല.

വയനാട്ടിലെ 30 വീടെവിടെ ?

വയനാട് ദുരന്തത്തിലെ ഇരകള്‍ക്ക് മുപ്പത് വീടുകള്‍ നിർമിച്ചു നല്‍കുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രഖ്യാപനം. ഇതിനായി സംഘടനാ ഫണ്ട് ശേഖരണവും പ്രഖ്യാപിച്ചു. താഴേ തട്ടില്‍ അലകും പിടിയുമില്ലാത്തതിനാല്‍ ഫണ്ട് ശേഖരണം പരാജയപ്പെട്ടു. ഇപ്പോള്‍ വയനാട് പുനരധിവാസത്തെ കുറിച്ചോ മുപ്പത് വീടുകളെ കുറിച്ചോ നേതാക്കള്‍ക്ക് മിണ്ടാനാകാത്ത സ്ഥിതിയാണ്. 100 വീടുകള്‍ നിർമിക്കാനുള്ള 21 കോടി രൂപ സമാഹരിച്ച് ഡിവൈഎഫ്ഐ വാർത്തകളില്‍ നിറഞ്ഞപ്പോഴാണ് യൂത്ത് കോണ്‍ഗ്രസിന് മുഖം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായത്.

യൂത്ത്കോണ്‍ഗ്രസ് സമരം മറന്നു; പ്രസിഡണ്ടിന് നേരമില്ല

എം ആർ അജിത്കുമാറിനെതിരെ യൂത്ത് ലീഗുമായി ചേർന്ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയതിന് ശേഷം സംസ്ഥാന നേതൃത്വം നിശ്ചയിച്ച ഒരു സമരവും യൂത്ത് കോണ്‍ഗ്രസ് നടത്തിയിട്ടില്ല. ആശ സമരവും പി എസ് സി സമരവും തലസ്ഥാനത്ത് ആളിപ്പടർന്നപ്പോഴും യൂത്ത് കോണ്‍ഗ്രസിന്റെ പൊടിപോലും കണ്ടില്ല. സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിൽ പാലക്കാട് എംഎല്‍എയുടെ ഉത്തരവാദിത്തങ്ങളുമായി തിരക്കിലാണ്. പാലക്കാട്ടെ പാർട്ടി കാര്യങ്ങളിലാണ് രാഹുല്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാഹുല്‍ ഇരട്ടപ്പദവി ഒഴിവാക്കി മറ്റൊരാളെ പ്രസിഡണ്ടാക്കണമെന്ന അഭിപ്രായം സംഘടനയില്‍ ശക്തമാണ്.

 

രാഹുലിനെ പ്രസിഡണ്ട് പദവിയിലെത്തിച്ച ഷാഫി പറമ്പില്‍ ഇതിനോട് ശക്തമായി വിയോജിക്കുകയാണ്. നേരത്തേ പാലക്കാട് എംഎല്‍എ സ്ഥാനവും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഷാഫി ഒരുമിച്ച് വഹിച്ചിരുന്നു. അതുകൊണ്ട് രാഹുലിന്റെ കാര്യത്തില്‍ ഇരട്ടപ്പദവി പ്രശ്നമല്ലെന്ന നിലപാടാണ് ഷാഫിക്കുള്ളത്. ഗ്രൂപ്പിന് വിശ്വസ്തനായ ഒരാളെ കണ്ടെത്താനാകാത്തത് കൊണ്ടാണ് രാഹുലിനെ മാറ്റാന്‍ ഷാഫി താത്പര്യം കാണിക്കാത്തതെന്നും വിമർശനമുണ്ട്. കെ എസ് യു വിനും പിറകില്‍ പോയ യൂത്ത് കോണ്‍ഗ്രസ് KPCC നേതൃത്വത്തിനും തലവേദനയായി മാറുകയാണ്.


 



കെഎസ്‍യു മോഡലില്‍ KPCC ഇടപെടുമോ?

സമ്പൂർണായി തകർന്നു പോയ കെ എസ് യു വിനെ പുനരുജ്ജീവിപ്പിക്കാന്‍ കോണ്‍ഗ്രസ് കാര്യമായ ഇടപെടല്‍ നടത്തിയിരുന്നു. കാംപസ് തെരഞ്ഞെടുപ്പുകളില്‍ ചെറിയ നേട്ടങ്ങളുണ്ടാക്കിയ കെഎസ് യു വിന്റെ നില മെച്ചപ്പെടുകയും ചെയ്തു. ജില്ലകളിലെ വ്യാജ ഭാരവാഹികളെ നീക്കിയ ശേഷം നിരന്തരം കെപിസിസി യുടെ നിരീക്ഷണവും കെ എസ് യു വിന് മേലുണ്ട്. മാത്യു കുഴല്‍നാടനും ടി.എന്‍ പ്രതാപനും സജീവ് ജോസഫും കെ എസ് യുവിന്‍റെ സംസ്ഥാന നേതൃയോഗങ്ങളില്‍ നിരന്തരം പങ്കെടുക്കുന്നുമുണ്ട്. സംഘടന എന്ന രീതിയില്‍ യൂത്ത് കോണ്‍ഗ്രസിനേക്കാള്‍ ഒത്തിണക്കവും ഇപ്പോള്‍ കെ എസ് യു വിലുണ്ട്. സമാന രീതിയില്‍ യൂത്ത് കോണ്‍ഗ്രസിലും കെപിസിസി ഇടപെടല്‍ വേണമെന്ന ആവശ്യം സംസ്ഥാന ഭാരവാഹികള്‍ക്കുണ്ട്. കെ സി വേണുഗോപാലിന്‍റെ അടുപ്പക്കാരനായ ഷാഫി പറമ്പിലിന്‍റെ അനിഷ്ടം ഭയന്ന് ഭാരവാഹികള്‍ നിശബ്ദരായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥിതി മെച്ചപ്പെടാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും തന്നെ വിചാരിക്കണമെന്നാണ് സംസ്ഥാന ഭാരവാഹികള്‍ അടക്കം പറയുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - എം.കെ ഷുക്കൂര്‍

contributor

മീഡിയവണ്ണില്‍ ന്യൂസ് എഡിറ്റര്‍. തൃശൂർ കുന്നംകുളം സ്വദേശി

Similar News