'മരത്തിൽ നിന്ന് ചാടിയാലും തീകൊളുത്തി ആത്മഹത്യ ചെയ്താലും പാർട്ടിക്ക് ഒന്നുമില്ലെന്ന് ഒരു നേതാവ് പറ‍ഞ്ഞു';‌ ആരോപണവുമായി സിപിഒമാർ

'തങ്ങൾക്ക് ജോലിക്ക് അർഹതയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം വേദനിപ്പിച്ചു'.

Update: 2025-04-19 14:24 GMT
Advertising

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ ആരോപണവുമായി സമരത്തിലുള്ള വനിതാ സിപിഒ ഉദ്യോ​ഗാർഥികൾ. എകെജി സെന്ററിൽ പോയി ഒരു നേതാവിനെ കണ്ടെന്നും മരത്തിൽ നിന്ന് ചാടിയാലും എണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്താലും കയറുകെട്ടി തൂങ്ങിയാലും പാർട്ടിക്ക് ഒന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഉദ്യോഗാർഥികളിൽ ഒരാളായ അമൃത പറഞ്ഞു.

അന്ന് ‍ഞങ്ങൾ അവിടെനിന്ന് കരഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. കഴിഞ്ഞമാസം 19നാണ് എകെജി സെന്ററിൽ എത്തിയതെന്നും പാർട്ടി സെക്രട്ടറിയേയും കണ്ടെന്നും അമൃത വ്യക്തമാക്കി. ഒരാൾ പോലും പ്രശ്നം എന്താണെന്ന് കേട്ടിട്ടില്ല. യുവജന നേതാവായ ഒരു എംപിയെ കാണാൻ പോയി. ആർപിഎഫിൽ നിയമനം നടക്കുന്നുണ്ടോ, ഇല്ലല്ലോ എന്നാണ് അപ്പോൾ ചോദിച്ചത്.

ഞങ്ങളെ പറഞ്ഞ് പറ്റിച്ചതുകൊണ്ടുമാത്രമാണ് സമരത്തിന് ഇറങ്ങിയത്. കഷ്ടപ്പെട്ടാണ് പഠിച്ചാണ് റാങ്ക് നേടിയത്. ഇനിയെങ്കിലും യുവജനങ്ങളെ പറ്റിക്കരുതെന്നും അമൃത പറഞ്ഞു. നേതാക്കളുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. പേര് പറഞ്ഞാൽ അപകീർത്തി പരാമർശത്തിന് കേസ് കൊടുക്കും എന്നാണ് നേതാക്കൾ പറഞ്ഞത്.

തങ്ങൾക്ക് ജോലിക്ക് അർഹതയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം വേദനിപ്പിച്ചു. എന്താണ് അർഹത എന്ന് മനസിലാകുന്നില്ല. ഭരണപക്ഷത്തുള്ള ഒരാൾ പോലും സമര വേദിയിൽ എത്തിയില്ല. ഒരു വനിതാ നേതാവ് പോലും ഇങ്ങോട്ട് വന്നില്ല. എല്ലായിടത്തും പോയിട്ട് തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കുന്നയാളുകളാണ് ഇവരൊക്കെയെന്നും അമൃത പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടി എന്നാണ് ബജറ്റിൽ പറയുന്നത്. എന്നാൽ ജോലി ചോദിക്കുമ്പോൾ പണം ഇല്ലെന്നാണ് പറയുന്നത്. വാർഷികം ആഘോഷിക്കാനും സ്വിമ്മിങ് പൂൾ ഉണ്ടാക്കാനും പണം ഉണ്ട്. സമരം രാഷ്ട്രീയ പ്രേരിതമല്ല. വന്ന നേതാക്കൾ എല്ലാം സ്വന്തം താല്പര്യപ്രകാരം എത്തിയതാണെന്നും അമൃത കൂട്ടിച്ചേർത്തു. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി ശേഷിക്കെ ഹാൾടിക്കറ്റ് കത്തിച്ച് വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ പ്രതിഷേധിച്ചിരുന്നു.

Full View
Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News