'വീണ്ടും യുദ്ധത്തിന് കൊണ്ടുപോകുമോ എന്ന് ആശങ്ക, തിരികെ നാട്ടിലെത്തിക്കണം'; അഭ്യർഥിച്ച് റഷ്യൻ കൂലിപ്പട്ടാളത്തിലെ മലയാളി യുവാവ്
ഇനിയും റഷ്യൻ പട്ടാളത്തിൽ തുടർന്നാൽ തന്റെ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ജെയിൻ പറയുന്നു.
തൃശൂർ: തന്റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യതയുണ്ടെന്നും വീണ്ടും യുദ്ധത്തിനായി കൊണ്ടുപോകുമോ എന്ന് ആശങ്കയുണ്ടെന്നും റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് മലയാളി യുവാവ്. തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും തൃശൂർ കുറുവാഞ്ചേരി സ്വദേശി ജെയിൻ അഭ്യർഥിച്ചു. മോസ്കോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജെയിനിന്റെ വീഡിയോ സന്ദേശം മീഡിയാവണിന് ലഭിച്ചു.
കഴിഞ്ഞ ജനുവരിയിലുണ്ടായ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് താൻ. താനും ബന്ധുവും കഴിഞ്ഞ ഏപ്രിലിലാണ് റഷ്യയിൽ ഒരു ക്യാന്റീനിൽ ജോലിക്കായി എത്തിയത്. എന്നാൽ തങ്ങളുടെ സമ്മതമില്ലാതെ റഷ്യൻ ആർമിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും യുദ്ധഭൂമിയിലേക്ക് അയയ്ക്കപ്പെടുകയും ചെയ്തു.
യുദ്ധത്തിനിടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ബന്ധു കൊല്ലപ്പെടുകയും തനിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ ആർമിയുമായുള്ള ഒരു വർഷത്തെ കരാർ ഏപ്രിൽ 14ന് അവസാനിച്ചു. എന്നാൽ തന്റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യതയുണ്ട്.
വീണ്ടും യുദ്ധഭൂമിയിലേക്ക് കൊണ്ടുപോകുമോ എന്നാണ് ആശങ്ക. അതിനാൽ വിഷയത്തിൽ പ്രധാനമന്ത്രിയും സർക്കാരും ഇന്ത്യൻ എംബസിയും ഇടപെടണമെന്നും നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജെയിൻ വീഡിയോയിൽ അഭ്യർഥിക്കുന്നു.
ഇനിയും റഷ്യൻ പട്ടാളത്തിൽ തുടർന്നാൽ തന്റെ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ജെയിൻ വിശദമാക്കുന്നു. ജെയിൻ തിരികെ നാട്ടിലേക്ക് എത്തുന്ന കാര്യം അനിശ്ചിതത്വത്തിലാണെന്ന് കുടുംബവും പറയുന്നു. ജനുവരി നാലിനുണ്ടായ ആക്രമണത്തിലാണ് ജെയിനിന് പരിക്കേറ്റതും ഒപ്പമുണ്ടായിരുന്ന ബന്ധു ബിനിൽ കൊല്ലപ്പെട്ടതും. ചികിത്സയിലുള്ള ജെയിൻ അടുത്ത ദിവസം ആശുപത്രി വിടും.
2024 ഏപ്രിൽ നാലിന് റഷ്യയിൽ ഹോട്ടൽ ജോലിക്ക് പോയ ഇരുവരെയും പിന്നീട് ആർമിയിൽ ചേർക്കുകയായിരുന്നു. ഇവർക്കൊപ്പം പോയ നാലുപേരിൽ ഒരാൾ കൊല്ലപ്പെടുകയും ബാക്കിയുള്ളവർ തിരികെ നാട്ടിലെത്തുകയും ചെയ്തിരുന്നു. ഇരുവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലായിരുന്നു ജനുവരിയിൽ ഡ്രോൺ ആക്രമണത്തിൽ അപകടമുണ്ടായത്.
ജെയിനിനെ തിരികെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന മറുപടി ഇതുവരെ ഇന്ത്യൻ എംബസിയിൽ നിന്നും ലഭിച്ചിട്ടില്ല. റഷ്യൻ ആർമി ഉദ്യോഗസ്ഥർ അനുമതി നൽകാത്തതാണ് ജെയിനിൻ്റെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാക്കുന്നത്. മരിച്ച ബിനിലിന്റെ മൃതദേഹം ഇതുവരെ നാട്ടിൽ എത്തിക്കാനും സാധിച്ചിട്ടില്ല. ആശുപത്രി വിടുന്ന ജെയിനിനെ ആർമി ക്യാമ്പിലേക്ക് വിടാതെ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.