കണ്ണീരോടെ വിട; കോട്ടയം മെഡി.കോളജ് അപകടം ബിന്ദുവിന്റെ സംസ്‌കാരം പൂർത്തിയായി
വീട്ടിൽ പൊതുദർശനത്തിന് വെച്ച ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് എത്തിയത്.
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. തലയോലപ്പറമ്പിലെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. വീട്ടിൽ പൊതുദർശനത്തിന് വെച്ച ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് എത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് ബിന്ദു മരിക്കുന്നത്. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ബിന്ദു. ആരും കുടുങ്ങിയിട്ടില്ലെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും അവശിഷ്ടങ്ങൾ നീക്കി നടത്തിയ പരിശോധനയിൽ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു.
മകളുടെ ചികിത്സാ ആവശ്യത്തിനായാണ് ബിന്ദു ആശുപത്രിയിലെത്തിത്. ബിന്ദുവാണ് കുടുംബത്തിന്റെ ആശ്രയമെന്ന് ഭർത്താവും ബന്ധുക്കളും പറഞ്ഞു. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നടത്തിയത്.
ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞിട്ടും ഒന്നും ചെയ്തില്ലെന്ന് ഭർത്താവ് വിശ്രുതൻ ആരോപിക്കുന്നു. രക്ഷാപ്രവർത്തനത്തിൽ അലംഭാവമുണ്ടായി എന്ന് പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകൾ വ്യാപക പ്രതിഷേധം നടത്തുന്നുണ്ട്.