എച്ച്‌ഡി കൊറിയ ഷിപ്പ് ബിൽഡിങ് & ഓഫ്‌ഷോർ എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ്

കപ്പൽ നിർമാണത്തിലും സമുദ്ര എൻജിനീയറിങ്ങിലും മുൻനിര കമ്പനിയായ കെ‌എസ്‌ഒഇക്ക് വാണിജ്യ കപ്പലുകളും നാവിക പ്ലാറ്റ്‌ഫോമുകളും പുറംകടൽ അടിസ്ഥാനസൗകര്യങ്ങളും രൂപകൽപ്പന ചെയ്യുന്നതിലും നിർമിക്കുന്നതിലും വൈദഗ്ധ്യമുണ്ട്.

Update: 2025-07-04 13:37 GMT
Advertising

കൊച്ചി: ഇന്ത്യയിലെ മുൻനിര കപ്പൽ നിർമാണ നവീകരണ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി‌എസ്‌എൽ) ദക്ഷിണ കൊറിയയിലെ എച്ച്‌ഡി കൊറിയ ഷിപ്പ് ബിൽഡിങ് & ഓഫ്‌ഷോർ എൻജിനീയറിങ് കമ്പനി ലിമിറ്റഡുമായി (കെ‌എസ്‌ഒ‌ഇ) സമഗ്ര ധാരണാപത്രം ഒപ്പുവെച്ചു. കപ്പൽ നിർമാണത്തിന്റെയും സമുദ്ര വികസനത്തിന്റെയും വിവിധ മേഖലകളിൽ ഇരുകമ്പനികളും തമ്മിലെ ദീർഘകാല സഹകരണത്തിന് ധാരണാപത്രം വേദിയൊരുക്കുന്നു.

ഇന്ത്യയിലും വിദേശത്തും പുതിയ നിർമാണ അവസരങ്ങൾ സംയുക്തമായി തേടുക, കപ്പൽനിർമാണത്തിൽ ആഗോള നിലവാരത്തിലേക്കുയരാൻ സാങ്കേതിക വൈദഗ്ധ്യം പങ്കിടുക, ഉല്പാദനക്ഷമതയും ശേഷി വിനിയോഗവും വർധിപ്പിക്കാൻ സംരംഭങ്ങൾ തിരിച്ചറിയുക തൊഴിൽ ശക്തി വർധിപ്പിക്കാനും ശക്തിപ്പെടുത്താനും സംയുക്ത ശ്രമങ്ങൾ അവലംബിക്കുക, കപ്പൽനിർമാണവുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളിലെ സഹകരണ സാധ്യതകൾ കണ്ടെത്തുക തുടങ്ങിയവയാണ് ലക്ഷ്യം.

കപ്പൽ നിർമാണത്തിലും സമുദ്ര എൻജിനീയറിങ്ങിലും ആഗോളതല മുൻനിര കമ്പനിയായ കെ‌എസ്‌ഒഇക്ക് വാണിജ്യ കപ്പലുകളും നാവിക പ്ലാറ്റ്‌ഫോമുകളും പുറംകടൽ അടിസ്ഥാനസൗകര്യങ്ങളും രൂപകൽപ്പന ചെയ്യുന്നതിലും നിർമിക്കുന്നതിലും വൈദഗ്ധ്യമുണ്ട്. ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസ്, ഹ്യുണ്ടായ് മിപോ ഡോക്ക്‌യാർഡ്, ഹ്യുണ്ടായ് സംഹോ ഹെവി ഇൻഡസ്ട്രീസ് എന്നിവയടക്കം ലോകത്തിലെ വലിയ കപ്പൽശാലകളിൽ ചിലതിന്റെ പ്രവർത്തനങ്ങൾക്ക് കെ‌എസ്‌ഒഇ മേൽനോട്ടം വഹിക്കുന്നു.

ഇന്ത്യയുടെ സമുദ്രമേഖലയിലെ സുപ്രധാന ശക്തികളിലൊന്നായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് പ്രശസ്‌തി നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലടക്കം നാഴികക്കല്ലായ നിരവധി പദ്ധതികൾ നടപ്പിലാക്കിയ സി‌എസ്‌എൽ, ഇന്ത്യൻ നാവികസേന, ഇന്ത്യൻ തീരരക്ഷാസേന, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ രാജ്യത്തെ മുൻനിര കേന്ദ്രങ്ങൾക്ക് സേവനം നൽകുന്നത് തുടരുന്നു. നോർവേ, നെതർലാൻഡ്‌സ്, ഡെൻമാർക്ക്, യുഎസ്എ, ജർമനി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക് 47 ഉന്നതനിലവാര കപ്പലുകൾ വിതരണം ചെയ്തതിന്റെ ചരിത്രനേട്ടത്തോടെ നവസാങ്കേതികവിദ്യ / ഹരിത - ഹ്രസ്വദൂര കപ്പൽനിർമാണ വിഭാഗങ്ങളിൽ സജീവ പങ്കാളിയാണ് സി‌എസ്‌എൽ. ആഗോള സഹകരണത്തിലൂടെയും വിജ്ഞാന വിനിമയത്തിലൂടെയും ഇന്ത്യയുടെ കപ്പൽ നിർമാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും സമുദ്രമേഖലയിൽ സ്വാശ്രയത്വവും മത്സരശേഷിയും വർധിപ്പിക്കാനും സുപ്രധാന ചുവടുവയ്പ്പാണ് ഈ ധാരണാപത്രം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News