നിലമ്പൂരിലെ സ്ഥാനാർഥിത്വം: പി.വി അൻവറിന്റേതായി പ്രചരിക്കുന്ന വാർത്തകൾ മാധ്യമ സൃഷ്ടിയെന്ന് തൃണമൂൽ കോൺഗ്രസ്
‘വി.എസ് ജോയിയോ ആര്യാടൻ ഷൗക്കത്തോ അല്ലെങ്കിൽ മറ്റാരായാലും തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുൻനിരയിൽ ഞങ്ങളുണ്ടാവും’
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി വി.എസ് ജോയ് തന്നെ വരണമെന്ന് പി.വി അൻവർ നിലപാട് എടുത്തതായുള്ള വാർത്തകൾ മാധ്യമ സൃഷ്ടിയെന്ന് തൃണമൂൽ കോൺഗ്രസ്. നിലമ്പൂരിൽ യുഡിഎഫും കോൺഗ്രസും നിർത്തുന്ന സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നതു മാത്രമാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടെന്ന് ടിഎംസി മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്റർ കെ.ടി അബ്ദുറഹ്മാൻ പറഞ്ഞു.
മുന്നണിയെ മറികടന്ന് ഒറ്റക്ക് ഒരു തീരുമാനം ഞങ്ങൾക്കില്ല. ടിഎംസി സംസ്ഥാന കോർഡിനേറ്റർ പി.വി അൻവറിന്റേതായി പ്രചരിക്കുന്ന വാർത്തകൾ മാധ്യമ സൃഷ്ടി മാത്രണ്. നേരത്തെ അത്തരത്തിൽ ഒരഭിപ്രായം പി.വി അൻവർ നടത്തിയിരുന്നു. പിന്നീടത് തിരുത്തുകയും ചെയ്തു.
ടിഎംസിയുടെ യുഡിഎഫ് പ്രവേശനത്തെ ഭക്കുന്നവരാണ് ഇപ്പോഴത്തെ പ്രചാരണ വേലക്ക് പിന്നിൽ. അതിൽ ഞങ്ങൾക്ക് ഭയമില്ല. ടിഎംസിയുടെ മുന്നണി പ്രവേശനം ഉപതെരഞ്ഞെടുപ്പിന് മുന്നെ തന്നെ ഉണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
നിലമ്പൂരിൽ യുഡിഎഫ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പാക്കാനുള്ള ജനപിന്തുണയും സംഘടനാ സംവിധാനവും ഞങ്ങൾക്കുണ്ട്. വി.എസ് ജോയിയോ ആര്യാടൻ ഷൗക്കത്തോ അല്ലെങ്കിൽ മറ്റാരായാലും തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുൻനിരയിൽ ഞങ്ങളുണ്ടാവും. സ്ഥാനാർഥിയെ വിജയിപ്പിച്ചേ ഞങ്ങൾക്ക് വിശ്രമമുള്ളൂ. യുഡിഎഫ് വിജയം ഇടതുപക്ഷ സർക്കാരിനെതിരെയുള്ള വിധിഴെയുത്താവും എന്നതിൽ തർക്കമില്ലെന്നും കെ.ടി അബ്ദുറഹ്മാൻ പറഞ്ഞു.