ഷൈൻ ടോമിന് ലഹരി ഇടപാടുകാരുമായി ബന്ധം; സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി
വലിയ തുകകളാണ് ലഹരിവിൽപ്പനക്കാരനായ സജീറിന് താരം നൽകിയത്
കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം. പ്രധാന ഡ്രഗ് ഡീലറായ സജീറുമായി പരിചയമുണ്ടെന്ന് നടൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
സജീറുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നായിരുന്നു നടന്റെ വാദം. എന്നാൽ ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി. വലിയ തുകകളാണ് സജീറിന് താരം നൽകിയത്. പല തവണയായി സജീറിന് പണം നൽകിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാട്സ്ആപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസിൽ നിർണായകമായത്.
നടനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യഥാക്രമം എൻഡിപിഎസ് ആക്ട് 27ബി, 29, ബിഎൻസ് 238 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
നടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. അടുത്തദിവസങ്ങളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് രക്തപരിശോധനയിൽ വ്യക്തമാകും. ഇതുകൂടാതെ നഖവും മുടിയും കൂടി പരിശോധിക്കും. ഷൈൻ ലഹരി പരിശോധനയ്ക്ക് സമ്മതിച്ചിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഷൈൻ സമ്മതിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസെടുത്ത് തുടർനടപടികളിലേക്ക് നീങ്ങാൻ പൊലീസ് തീരുമാനിച്ചത്. രണ്ട് ഘട്ടമായാണ് നടനെ ചോദ്യം ചെയ്തത്. ഒരേ ചോദ്യങ്ങൾ രണ്ട് ഘട്ടത്തിലും ആവർത്തിച്ചു. ഒരേ ചോദ്യങ്ങൾക്ക് രണ്ട് ഘട്ടങ്ങളിലും വ്യത്യസ്ത ഉത്തരങ്ങൾ നൽകിയത് താരത്തിന് തിരിച്ചടിയായി.
വേദാന്ത ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയതിന്റെ കാരണം സംബന്ധിച്ച തെളിവുകൾ പൊലീസിന്റെ കൈയിൽ ഉണ്ടായിരുന്നില്ലെങ്കിലും മറ്റു ചില ഹോട്ടലുകളിൽ താമസിച്ചത്, ചിലരുമായി ബന്ധപ്പെട്ടത്, ഗൂഗിൾ പേ വഴി പണം കൈമാറിയത്, ബാങ്ക് ഇടപാടുകൾ അടക്കമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതെല്ലാം കൈയിൽവച്ചാണ് ഇന്ന് പൊലീസ് ചോദ്യം ചെയ്യൽ നടത്തിയത്. അതുകൊണ്ടുതന്നെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഷൈനിന് സാധിച്ചില്ല.
കഴിഞ്ഞദിവസം പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങിയോടിയത് പൊലീസിനെ കണ്ട് പേടിച്ചിട്ടാണെന്ന് ഷൈൻ മൊഴി നൽകിയിരുന്നു. ഗുണ്ടകളെന്ന് കരുതിയാണ് ഓടിയതെന്നും അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈൻ പറഞ്ഞു. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇന്നു രാവിലെ പത്തോടെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. ഷൈനിന്‍റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാനായി സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചത്.
ബുധനാഴ്ച രാത്രിയാണ് നടൻ തങ്ങിയിരുന്ന കൊച്ചിയിലെ വൈദാന്ത ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയിൽ പൊലീസ് സംഘം പരിശോധന നടത്തിയത്. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കുറച്ചുദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു നടൻ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയതും ഇവരെ കണ്ട് നടൻ ഇറങ്ങിയോടുകയും ചെയ്തത്.
ഒന്നിച്ച് അഭിനയിച്ച നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി കഴിഞ്ഞദിവസം നടി വിൻസി അലോഷ്യസ് രംഗത്തെത്തിയിരുന്നു. തുടർന്ന്, തന്നോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബറിനും ആഭ്യന്തര പരാതി സമിതിക്കും താരസംഘടനയായ 'അമ്മ'യ്ക്കും വ്യാഴാഴ്ച രാവിലെ നടി പരാതി നൽകുകയും ചെയ്തു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ നടി നടത്തിയ വെളിപ്പെടുത്തലിൽ നടന്‍റെ പേരെടുത്ത് പറഞ്ഞിരുന്നില്ല. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് പ്രസ്താവനയുടെ വിശദീകരണം എന്ന നിലയ്ക്കായിരുന്നു ഈ വെളിപ്പെടുത്തൽ.
തുടർന്ന്, ആരോപണവിധേയനായ നടനെതിരെ വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടിയെന്ന് താരസംഘടന വ്യക്തമാക്കിയിരുന്നു. വിൻസിയുടെ ആരോപണം അമ്മ അഡ്ഹോക്ക് സമിതി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിൻസി അലോഷ്യസ് പരാതി നൽകിയത്. എന്നാൽ, പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതോടെയാണ് പൊലീസ് നടനെതിരായ നടപടി കടുപ്പിക്കാൻ തീരുമാനിച്ചത്. ഹോട്ടൽ മുറിയിലെ ലഹരി ഉപയോഗത്തിന് തെളിവില്ലാതെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇക്കാര്യം സമ്മതിച്ചതോടെയാണ് പൊലീസ് നിയമനടപടികളിലേക്ക് കടന്നത്.