അപകട സമയം ആദ്യം ലഭിച്ച വിവരങ്ങളാണ് ആരോഗ്യ മന്ത്രി പങ്കുവെച്ചത്, അലംഭാവമുണ്ടായിട്ടില്ല; കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ

പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും ഓപറേഷൻ തിയേറ്ററിന്റെ പണി പൂർണമാകാത്തതിനാലാണ് പ്രവർത്തനം തുടങ്ങാൻ വൈകിയതെന്ന് ഡോ. വർഗീസ് പറഞ്ഞു

Update: 2025-07-04 04:21 GMT
Advertising

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മന്ത്രിയുടേയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്. അപകടസ്ഥലത്തെത്തിയപ്പോൾ ആദ്യം ലഭിച്ച വിവരങ്ങളാണ് പങ്കുവെച്ചത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും അപകടസ്ഥലത്തുണ്ടായിരുന്നവരും പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അത്തരമൊരു പ്രാഥമിക നിഗമനത്തിലേക്ക് എത്തിയതെന്നാണ് ഡോ.വർഗീസ് വ്യക്തമാക്കിയത്.

ആരോഗ്യ മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനത്തിൽ അലംഭാവമുണ്ടായിട്ടില്ല. പഴയ കെട്ടിടമായതിനാൽ ജെസിബിക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടായിരുന്നു. അതിനുള്ള സമയം മാത്രമാണ് എടുത്തതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

കൂടാതെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും ഓപറേഷൻ തിയേറ്ററിന്റെ പണി പൂർണമാകാത്തതിനാലാണ് പ്രവർത്തനം തുടങ്ങാൻ വൈകിയതെന്ന് ഡോ. വർഗീസ് പറഞ്ഞു. തിയേറ്ററിന്റെ പണി പൂർത്തിയായിട്ട് രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിൽ രോഗികളെ ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ഓപറേഷൻ തിയേറ്ററുകൾ പഴയ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് പല റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്നും അതിവേഗത്തിൽ മാറാനുള്ള നടപടികൾ നടന്നിരുന്നുവെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

അതേസമയം, അപകടം ഉണ്ടായ കെട്ടിടത്തിലെ ടോയ്‌ലറ്റ് ബ്ലോക്കുകൾ അടച്ചിട്ടിരുന്നതാണെന്ന വാദം പ്രിൻസിപ്പാൽ ആവർത്തിച്ചു. ആശുപത്രിയുടെ പ്രവർത്തനത്തിൽ താളം തെറ്റലുകളില്ലെന്നും അത്യാഹിത വിഭാഗത്തിലെ നാല് തിയേറ്ററുകളിലായി ശസ്ത്രക്രിയകൾ നാളെ പുനരാരംഭിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News