'കേരള സ്റ്റോറി' കണ്ട് വന്നു, കേരളത്തെ അറിഞ്ഞു മടങ്ങി ആർഎസ്എസ് നേതാവ്

ഉത്തരേന്ത്യയിലെ പ്രമുഖ വ്യവസായിയും ആർഎസ്എസിന്റെ മുതിർന്ന നേതാവുമായ പവൻ ജിന്റാൽ ആണ് കുടുംബസമേതം കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയത്

Update: 2025-10-10 14:51 GMT

കൊച്ചി: ആദ്യമായി കേരളം സന്ദർശിച്ച ആർഎസ്എസ് നേതാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഉത്തരേന്ത്യയിലെ പ്രമുഖ വ്യവസായിയും ആർഎസ്എസിന്റെ മുതിർന്ന നേതാവുമായ പവൻ ജിന്റാൽ ആണ് കുടുംബസമേതം കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയത്. കൊച്ചി സ്വദേശി രഞ്ജു രഘു ആയിരുന്നു അദ്ദേഹത്തിന്റെ ഡ്രൈവർ. കേരള സ്റ്റോറി സിനിമ കണ്ടത് മാത്രമായിരുന്നു അദ്ദേഹത്തിന് കേരളത്തെ കുറിച്ചുള്ള അറിവ്. എന്നാൽ മുൻധാരണകളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെടുന്ന അനുഭവമാണ് ആർഎസ്എസ് നേതാവിന് ഉണ്ടായതെന്ന് രഞ്ജു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

Advertising
Advertising

എൻ്റെ ഇടത്തു നിൽക്കുന്നതും, മോഹൻ ഭാഗവതിൻ്റെ വലത്ത് നിൽക്കുന്നതും ഒരാൾ തന്നെയാണ് അദ്ദേഹമാണ് ഉത്തരേന്ത്യയിലെ പ്രമുഖ വ്യവസായിയും, ആർഎസ്എസിന്റെ ഇന്ത്യയിലെ പ്രധാനപ്പെട്ട നേതാവുമായ 'പവൻ ജിന്റാൽ''. ഇന്ത്യയിൽ ആർഎസ്എസിന് 11 സോണുകൾ ഉണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സോണിൻ്റെ ചുമതലക്കാരൻ ആണ് അദ്ദേഹം. അതായത് 5 സംസ്ഥാനങ്ങളുടേയും, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടേയും ചാർജ്. RSS ൽ മോഹൻ ഭാഗവത് കഴിഞ്ഞാൽ മൂന്നാം സ്ഥാനമാണ് അദ്ദേഹത്തിന്.

ഈ കഴിഞ്ഞ 8 ദിവസക്കാലം അദ്ദേഹം എന്നോടൊപ്പം ആയിരുന്നു തെക്കൻ കേരളത്തിലും, മധ്യകേരളത്തിലുമായി വിനോദസഞ്ചാരം നടത്തിയത്. അദ്ദേഹവും ഫാമിലിയും ആദ്യമായാണ് കേരളത്തിലേക്ക് വരുന്നത്. കേരളത്തിൽ വന്നിട്ടില്ലെങ്കിലും അവർ 'കേരളാ സ്റ്റോറി' എന്ന് പറയുന്ന സിനിമ കണ്ടിരുന്നു. ആ ചിത്രം മനസ്സിൽ ഇട്ടുകൊണ്ടാണ് അവർ ഈ നാട്ടിലേക്ക് പറന്നുവന്നത്. ആദ്യ യാത്ര തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കന്യാകുമാരിയിലേക്ക് ആയിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം വിവേകാനന്ദ പാറയും , വിവേകാനന്ദ സെന്ററും സന്ദർശിച്ചതിനു ശേഷം കന്യാകുമാരിയിൽ തങ്ങി.

പിറ്റേ ദിവസം രാവിലെ ശുചീന്ദ്രം ടെമ്പിൾ, പത്മനാഭപുരം പാലസും കണ്ടതിനുശേഷം കോവളത്ത് വന്നു. വരുന്ന വഴിയിൽ മഴയുടെ അതിപ്രസരം കാരണം ഉച്ചയ്ക്കുശേഷമുള്ള പരിപാടി റദ്ദ് ചെയ്ത് റിസോർട്ടിൽ തന്നെ തങ്ങി. അന്ന് രാത്രിയിൽ മഴയൊന്നു ഒതുങ്ങിയ സമയത്ത് കാർപാർക്കിങ്ങിൽ നിൽക്കുന്ന എന്നെ കണ്ട അവർ എൻ്റെ അടുത്തേക്ക് വന്നു, ഞാൻ ചോദിച്ചു എങ്ങനെയുണ്ട് ഹോട്ടലും പരിസരവും എല്ലാം? അവർ പറഞ്ഞു അതിമനോഹരം, ഫുഡ് കഴിച്ചോ എന്ന് ചോദിച്ചപ്പോൾ, കഴിച്ചു നല്ല സ്വാദിഷ്ടമായ ഭക്ഷണം. ഹിന്ദി എനിക്ക് ഫ്ലുവൻ്റ് അല്ല! അംഗ്രേസി അവർക്കും. അതുകെണ്ട്' ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് പീജിയൻ ഹിന്ദിയിൽ ആണ്.

അവർ എന്നോട് പറഞ്ഞു, ഞങ്ങൾക്കൊരു ടെൻഡർ കോക്കനട്ട് ഐസ്ക്രീം കഴിക്കണം, അത് എവിടെയെങ്കിലും കിട്ടാൻ സാധ്യതയുണ്ടോ? ഞാൻ പറഞ്ഞു, നമുക്ക് നോക്കാം. വണ്ടിയെടുത്ത് ഞങ്ങൾ പുറത്തേക്ക് പോയി. ഒരു പഞ്ചാബി റസ്റ്റോറന്റിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു. ആദ്യ ദിവസം തന്നെ എൻ്റെ ഫോണിലെ ചെഗുവേരയുടെ വാൾപേപ്പർ കണ്ടപ്പോൾ അദ്ദേഹം എന്നോട് കുറച്ചു ഗ്യാപ്പിട്ട് ആയിരുന്നു സംസാരിച്ചത്, പിന്നീട് റസ്റ്റോറന്റിൽ വന്നതിനുശേഷം ആണ് അദ്ദേഹം എന്നെ ഐസ്ക്രീം കഴിക്കാൻ വിളിക്കുകയും, കൂടുതൽ അടുത്ത് സംസാരിക്കാനും തുടങ്ങിയത്. അദ്ദേഹത്തിൻറെ ഭാര്യ പറഞ്ഞു നിങ്ങളുടെ നാട് നല്ല ക്ലീൻ ആണ് എല്ലാവരുടെയും മുഖത്ത് ഒരു ഹാപ്പി ഫെയ്സ് ഉണ്ട് എന്ന്. നീ പുകവലിക്കാറുണ്ടോ? ഞാൻ പറഞ്ഞു ഇല്ല.. ഗുഡ്ക്കയോ ? ഇല്ല. ഞങ്ങളുടെ നാട്ടിൽ മിക്കവാറും എല്ലാ ഡ്രൈവർമാരും ഇതെല്ലാം ഉപയോഗിക്കാറുണ്ട്.

ഞാൻ പറഞ്ഞു അതെല്ലാം വ്യക്തിപരമായ ശീലങ്ങളാണ്, ഇവിടെ ഇന്ത്യയിൽ ആദ്യമായി പൊതു സ്ഥലത്ത് പുകവലി നിരോധിച്ച സംസ്ഥാനമാണിത്, അതുമാത്രമല്ല ശക്തമായ ക്യാമ്പയിൻ ഇതിനെതിരെ നടക്കുന്നുമുണ്ട്, അതുകൊണ്ടുതന്നെയാണ് ഉപയോഗിച്ചിരുന്ന ചിലരെങ്കിലും ഇതിൽ നിന്നും പിന്തിരിഞ്ഞത്. പിന്നീട് ഭക്ഷണത്തെകുറിച്ചുള്ള കുറച്ചു വർത്തമാനങ്ങൾക്ക് ശേഷം നാളെ രാവിലെ ആറുമണിക്ക് കാണാം എന്നും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. രാവിലെ 6 മണിക്ക് തന്നെ അനന്തപത്മനാഭനെ കാണുവാനായി തിരുവനന്തപുരത്തേക്ക് പോയി, ദർശനം കഴിഞ്ഞ് തിരിച്ചു വന്നശേഷം അവർ പറഞ്ഞു രഞ്ചു നമുക്കൊരു കാപ്പി കുടിക്കാം അങ്ങനെ തൊട്ടടുത്തുള്ള രാജധാനി റസ്റ്റോറൻറിൽ കേറി ഒരു കാപ്പി കുടിച്ചു. സംസാരിക്കുന്നതിനിടയിൽ അവർ പറഞ്ഞു ഇവിടെ ഭിക്ഷക്കാർ നന്നേ കുറവാണല്ലോ? തമിഴ്നാട്ടിൽ ഒരുപാട് പേരെ കണ്ടു, ഇവിടെ ഒന്നോ രണ്ടോ പേര്, പേരിനു മാത്രമാണ് അവരെ കണ്ടത്, ഞങ്ങളുടെ നാട്ടിൽ ഒരു മന്ദിറിൽ പോയാൽ നൂറുകണക്കിന് കാണാം, അതുകൊണ്ട് പറഞ്ഞതാണ്. ഞാൻ പറഞ്ഞു ഇവിടെയുമുണ്ട് പക്ഷെ നന്നേ കുറവാണ്, കൂടുതലും

അയൽസംസ്ഥാനങ്ങത്തിൽ നിന്ന് വരുന്നവരാണ്, അവർക്ക് പ്രത്യേകം ഷെൽട്ടർ ഉണ്ട്, അവിടെന്ന് ചാടി വരുന്നവരാണ് ഇവർ. ഇന്നത്തെ യാത്ര അമൃതാനന്ദമായി ആശ്രമത്തിലേക്ക് ആണ്. ഇന്നത്തെ താമസവും അവിടെ തന്നെ. അവരുടെ ജന്മദിനമാണ് നാളെ, അതിൽ പങ്കെടുക്കുന്ന ഒരു വിശിഷ്ട വ്യക്തിയുമാണ് ഈ പവൻ ജിൻ്റാൽ . ഫരീദാബാദിൽ അമൃത ആശുപത്രിയുടെ 2000 ൽ പരം ബെഡ് ഉള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഉദ്ഘാടനത്തിന് തൊട്ടു മുൻപ് ഇദ്ദേഹവും അമൃതാനന്ദമയിയും തമ്മിൽ ഒറ്റയ്ക്ക് അരമണിക്കൂറോളം സംസാരിച്ചു.

മോദി വരാൻ വൈകിയ അരമണിക്കൂറാണ് ഈ സംസാരത്തിലെക്ക് നയിച്ചതും, കേരളത്തിൽ വരുമ്പോൾ എൻ്റെ അടുത്ത് വരണമെന്നും പറഞ്ഞത്. വിഐപിയുടെ ഡ്രൈവർ ആയതുകൊണ്ട് തന്നെ ആശ്രമത്തിൽ എനിക്കും കിട്ടി Vip പരിഗണന. റൂമും, ഭക്ഷണവും എല്ലാം പക്ഷേ ആശ്രമത്തിൽ ഒരശാന്തി കളിയാടിയിരുന്നതായി എനിക്ക് തോന്നി. അമൃതാനന്ദമയിക്ക് കേന്ദ്രസർക്കാരിൻറെ ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്ന ഭടന്മാരുടെ ചലനങ്ങൾ കണ്ടും, എ.കെ. ഫോർട്ടി സെവൻ തോക്കുകൾ കണ്ടും അന്നത്തെ സായാഹ്നം തീർന്നു. പിറ്റേദിവസം രാവിലെ ജന്മദിനാഘോഷം നടക്കുന്ന എൻജിനീയറിങ് കോളേജിന്റെ മൈതാനത്തിലേക്ക് പോയി. ഗവർണർ ആർലേക്കർ ആദ്യമാലയണിയിച്ചതിനു ശേഷം രണ്ടാമതായി മാല അണിയിച്ചത് ഇദ്ദേഹം ആയിരുന്നു. അതുകഴിഞ്ഞ് ഞങ്ങൾ അവിടുന്ന് നേരെ കുമരകത്തേക്ക് യാത്ര തുടർന്നു.

യാത്രയിൽ ഉടനീളം അദ്ദേഹത്തിൻറെ ഭാര്യ എന്നോട് ചോദിക്കുന്നുണ്ട് ഗാവ് കിധറേ ? ഗായ് കിധറേ ? എവരി വെയർ ദൂക്കാൻ വാല...ഞാൻ പറഞ്ഞു ഇവിടെ ഗ്രാമങ്ങളുമുണ്ട്, പശുക്കളും ഉണ്ട്, പക്ഷേ പശുക്കൾക്ക് തൊഴുത്തുമുണ്ട്, ഞങ്ങൾക്ക് വീടും ഉണ്ട്. നിങ്ങൾ താമസിക്കുന്ന ഹോട്ടൽ 'സൂരി' ഇരിക്കുന്ന സ്ഥലം ഒരു ഗ്രാമ പ്രദേശമാണ്. ഹോട്ടൽ എത്താറായപ്പോൾ രണ്ട് സൈഡിലും വീടുകൾ കാണിച്ചു കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു ഇതൊക്കെയാണ് ഞങ്ങളുടെ ഗ്രാമങ്ങൾ. അരേ ബേട്ടാ, ദിസ് ഈസ് അച്ഛാ ഘർ ഹെ, ചൊപ്പട കിധർ ഹെ? അറിഞ്ഞുകൂടാ എന്നതിന് ഹിന്ദിയിൽ എന്താണ് പറയുന്നത്... 'മുജേ മാലും ', ഞാൻ പറഞ്ഞു ഇധർ ചോപ്പട നഹി ഹേ.

നിങ്ങളുടെ നേതാവ് അടൽ ബിഹാരി വാജ്പേയ് ആണ് ഈ കുമരകത്തെ ലോകം അറിയുന്ന ഒരു ഡെസ്റ്റിനേഷനാക്കി മാറ്റിയത്. എങ്ങനെ എന്ന് അവർ ചോദിച്ചു?ഞാൻ പറഞ്ഞു ഇവിടുത്തെ ഏറ്റവും ആദ്യത്തെ ഹോട്ടൽ എന്ന് പറയുന്നത് താജ് ആണ് , ഒരു ബ്രിട്ടീഷ് ബംഗ്ലാവ് കൺവെർട്ട് ചെയ്ത് അത് ഹോട്ടലാക്കി മാറ്റുകയായിരുന്നു. അന്ന് ആർക്കും ഈ പ്രദേശത്തെ പറ്റി ഒരു ധാരണയും ഉണ്ടായിരുന്നില്ല.

അടൽജി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം ഈ ഹോട്ടലിൽ താമസിക്കുവാനായി വന്നു. പിറ്റേദിവസം അദ്ദേഹം പറഞ്ഞു ഞാൻ ഇനി ഒരു ദിവസം കൂടി ഇവിടെ താമസിക്കാൻ പോവുകയാണ് ' അതിൻ്റെ കാരണമായി അദ്ദേഹം പറഞ്ഞത് ഞാൻ പ്രധാനമന്ത്രി ആയതിനുശേഷം എൻ്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ മനസ്സമാധാനത്തോടൂ കൂടി ഉറങ്ങാനും, ഇരിക്കാനും പറ്റിയ സ്ഥലമായാണ് ഇവിടം കാണുന്നത്. അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് തന്നെ ഇത് ഇന്നത്തെ പോലെ വൈറൽ ആയില്ല. പക്ഷേ ഒരു പ്രധാനമന്ത്രിയുടെ വാക്കുകൾ എന്ന നിലയ്ക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം ഈ വാർത്ത കൊടുക്കുകയുണ്ടായി. അത് ഇന്ത്യ മുഴുവൻ ഇങ്ങനെയൊരു സ്ഥലത്തെപ്പറ്റി അറിയാൻ ഇടയാവുകയുമുണ്ടായി. പിന്നീട് പലരും റിലാക്സ് ചെയ്യാനും ഭക്ഷണം കഴിക്കാനും ആയി ഈ പ്രദേശത്തെ തെരഞ്ഞെടുക്കുന്നു.

അതിനുശേഷം ഒരുപാട് ഹോട്ടലുകൾ ഈ വേമ്പനാട്ടുകായലിന്റെ തീരത്ത് ജന്മം കൊണ്ടു. പിറ്റേദിവസം രാവിലെ ആലപ്പുഴയിലേക്ക് പോകുവാനായി ഇവരെ പിക്ക് ചെയ്യുവാൻ ഞാൻ അവിടെ ചെല്ലുമ്പോൾ അവർ പറഞ്ഞു ദിസ് ഈസ് വെരി ബ്യൂട്ടിഫുൾ പ്ലേസ്. ആലപ്പുഴയിലെ പുരവഞ്ചിയിൽ ഒരു ദിവസത്തെ താമസത്തിനു ശേഷം ഞങ്ങൾ അവസാനത്തെ ഡെസ്റ്റിനേഷൻ ആയ മൂന്നാറിലേക്ക് യാത്ര തുടർന്നു. യാത്രയിലൂടെ നീളം റോഡിനരികത്തെ വീടുകൾ കണ്ട് അവർ പറഞ്ഞു എത്ര മനോഹരമാണ് നിങ്ങളുടെ വീടുകൾ ചിലതെല്ലാം കൊട്ടാരങ്ങൾക്ക് സമാനമാണ്.

ഒരു മനുഷ്യൻ പോലും റോഡരികിൽ ഉറങ്ങുന്ന കാഴ്ചയില്ല മനോഹരം! ഭൂപരിഷ്ക്കരണത്തെ പറ്റിയും, വിദ്യാഭ്യാസപരിഷ്ക്കരണത്തെ പറ്റിയും ഞാൻ അവരോട് സംസാരിച്ചു അടിസ്ഥാനപരമായ ഈ മാറ്റങ്ങൾ തുടങ്ങിയത് ഇതിലൂടെയാണ്. അവരുടെ അടുത്ത ചോദ്യം വന്നു, ഞങ്ങടെ നാട്ടിൽ റോഡിന് ഇരുവശത്തും മാലിന്യ കൂമ്പാരമാണ് ഇവിടെ അങ്ങനെ ഒന്നും കാണുന്നില്ലല്ലോ? ഞാൻ പറഞ്ഞു നിങ്ങൾക്ക് ഉള്ള പോലെ ശ്രീരാമസേന, ഹനുമാൻ സേന അതുപോലെ, ഞങ്ങൾക്കും ഒരു സേനയുണ്ട് അതാണ് 'ഹരിത കർമ്മ' സേന അവരാണ് ഇതിൻറെ സൃഷ്ടാക്കൾ. അവർ പറഞ്ഞു ഞങ്ങളുടെ ചില നഗരങ്ങൾക്ക് വൃത്തിയുണ്ട് പക്ഷേ ഗ്രാമങ്ങൾ മാലിന്യ കൂമ്പാരങ്ങൾ തന്നെയാണ്.

അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു മുതുവാൻ കുടിയിലേ ഹോട്ടലിൽ എത്തി. പിറ്റേ ദിവസം രാവിലെ 9 മണിക്ക് തന്നെ മൂന്നാർ ചുറ്റിക്കാണാനുള്ള യാത്ര ആരംഭിച്ചു. സ്കോട്ട്‌ലൻഡ്കാരൻറെ സഹായത്തോടെ ബ്രിട്ടീഷുകാരൻ ചൈനയിൽ നിന്നും കൊണ്ടുവന്ന ചായച്ചെടി നിര നിരയായി നിൽക്കുന്നതിൻ്റെ ഭംഗി അവർ ആസ്വദിക്കുന്നത് കാറിലെ റിയർവ്യൂ മിററിലൂടെ എനിക്ക് കാണാമായിരുന്നു. അവർ ഡാർജിലിങ്ങിൽ പോയിട്ടുണ്ടെങ്കിലും മൂന്നാറിന്റെ സൗന്ദര്യം അവരെ ഹഠാതാകർഷിച്ചു. എല്ലാം കണ്ടതിനുശേഷം കേരളത്തിൻെറ കലാരൂപമായ കഥകളിയും, പ്രതിരോധ ആയോധന രൂപമായ കളരിപ്പയറ്റും കണ്ടതിനുശേഷം പ്രകൃതി ഹോട്ടലിൽ ഡിന്നർ കഴിക്കുന്ന നേരത്ത് അദ്ദേഹത്തിന് ഒരു ഫോൺകോൾ വന്നു, അത് അമൃതാനന്ദമയി മഠത്തിലെ ലീഗൽ അഡ്വൈസർ ഒരു അയോധ്യക്കാരനായ ഓം പ്രകാശ് ആയിരുന്നു വിളിച്ചത്. ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിന് പൊലൂഷൻ കൺട്രോൾ ബോർഡ് 15 ലക്ഷം രൂപ പിഴ അടപ്പിച്ചു അത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് അറിയാൻ വേണ്ടിയായിരുന്നു വിളിച്ചത്. ഇദ്ദേഹം ഇവിടെ ഇരുന്നു ഒറ്റക്കോളിൽ മന്ത്രിയെ വിളിച്ച് പിഴ മൂന്നു ലക്ഷം ആക്കി ചുരുക്കി.

അങ്ങനെ രാത്രി എട്ടരയോടു കൂടി ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. നാളെ എയർപോർട്ടിലേക്ക് പോകുന്ന വഴി അവർക്ക് ഒരു കാര്യം കൂടി കാണേണ്ടതുണ്ടായിരുന്നു കാലടിയിലുള്ള ശ്രീ ശങ്കരാചാര്യരുടെ സ്തൂപം. അത് കണ്ടിറങ്ങിയിട്ട് വന്നപ്പോൾ അവർ എന്നോട് പറഞ്ഞു ഞങ്ങൾ വിചാരിച്ചു ഇവിടെ ഒരുപാട് തിരക്കുണ്ടാകും, പക്ഷേ എന്താണ് ഇങ്ങനെ? ഞാൻ പറഞ്ഞു ഇവിടെയുള്ള ആളുകൾ പൊതുവേ ഉത്സവത്തിനും, പെരുന്നാളിനും ഒക്കെയാണ് ഇത്തരം ദേവാലയങ്ങളിൽ പോകാറുള്ളൂ, ഡെയിലി ഡെയിലി ദൈവത്തെ കണ്ടു വണങ്ങുന്ന പരിപാടിയൊന്നും ഞങ്ങൾക്കില്ല.

അതിനുശേഷം എയർപോർട്ടിലേക്ക് പോകുന്ന വഴി ലഞ്ച് കഴിക്കുന്നതിനായി ഒരു വെജിറ്റേറിയൻ റെസ്റ്റോറൻ്റിൽ കയറി, ഭക്ഷണം വരുന്ന ഇടവേളയിൽ അവർ പറഞ്ഞു. (ഇത് കേൾക്കാൻ എല്ലാം കേരളീയനും ആഗ്രഹിക്കുന്നത് തന്നെയാണ്) 'ഞങ്ങൾ വീണ്ടും വരുന്നുണ്ട്. ഉത്തര കേരളം കാണുവാനായി അതിന് നിൻ്റെ സഹായം ഞങ്ങൾക്ക് ആവശ്യമുണ്ട്. ഡൽഹിയിൽ വരുമ്പോൾ നീ ഞങ്ങളെ തീർച്ചയായും വിളിക്കണം എന്താവശ്യമുണ്ടെങ്കിലും ഞങ്ങളോട് പറഞ്ഞാൽ മതി. ധന്യവാദ്

ആശയപരമായി ഞങ്ങൾ രണ്ടു ധ്രുവങ്ങളിലെങ്കിലും, ഇവരുടെ പ്രത്യയശാസ്ത്രമായ rss നൂറാം വർഷികം ആചരിക്കുന്ന ഈ സമയത്ത്, ഇവർ ഒരിക്കൽ പോലും ഭരിക്കാത്ത ഈ കൊച്ചു കേരളമാണ് ഇന്ത്യയിൽ ഏറ്റവും സമാധനത്തോടയും, സന്തോഷത്തോടെയും, മതസൗഹാർദത്തോടുകൂടിയും മനുഷ്യർ ജീവിക്കുന്നത് എന്ന് അവരെ കാണിച്ചു കൊടുക്കാൻ പറ്റിയതിലും, മനസ്സിലാക്കി കൊടുക്കാൻ പറ്റിയതിലും അങ്ങേയറ്റം എനിക്ക് സന്തോഷമുണ്ട്, ചാരിതാർഥ്യമുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News