എംഡിഎംഎയുമായി ഏഴ് പേർ പിടിയിൽ; ചെരിപ്പുകടയുടെ മറവിൽ ലഹരി വിറ്റ യുവാവും അറസ്റ്റിൽ
മലപ്പുറം വേങ്ങരയിൽ അഞ്ചു പേരും കോഴിക്കോടും കാസർകോടും ഒരാൾ വീതവുമാണ് പിടിയിലായത്.
കോഴിക്കോട്: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി എംഡിഎംഎയുമായി ഏഴ് യുവാക്കൾ യുവാക്കൾ പിടിയിൽ. മലപ്പുറം വേങ്ങരയിൽ വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎയും കഞ്ചാവുമായി അഞ്ചു പേരും കോഴിക്കോടും കാസർകോടും ഒരാൾ വീതവുമാണ് പിടിയിലായത്.
വേങ്ങര സ്വദേശി മുഹമ്മദ് ഷരീഫ്, മമ്പീതി സ്വദേശി പ്രമോദ്, ചേറ്റിപ്പുറമാട് സ്വദേശി അഫ്സൽ, നോട്ടപ്പുറം സ്വദേശി അജിത്ത്, കൈപ്പറ്റ സ്വദേശി റഷീദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എട്ട് ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
കോഴിക്കോട് കൊടുവള്ളിയിൽ 20 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. കണിയാർകണ്ടം ഷാഹുൽ അമീനെയാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചതായിരുന്നു എംഡിഎംഎ.
കാസർകോട് ചന്തേരതുരുത്തിയിൽ 2.90 ഗ്രാം എംഡിഎംഎയാണ് യുവാവിൽ നിന്ന് പിടികൂടിയത്. ചെറുവത്തൂർ പയ്യങ്കി സ്വദേശി സർബാസ് അഹമ്മദ് (31) ആണ് പിടിയിലായത്. വാഹന പരിശോധനക്കിടയിലാണ് ലഹരി പിടിച്ചെടുത്തത്.
കോഴിക്കോട് കൊടുവള്ളി നരിക്കുനിയിൽ ചെരിപ്പ് കടയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ യുവാവും അറസ്റ്റിലായി. നരിക്കുനിയിലെ ചിക്കാഗോ ഫുട്‌വെയർ ആൻഡ് ബാഗ്‌സ് എന്ന കടയിലാണ് ലഹരി വിൽപ്പന നടത്തിയിരുന്നത്. കടയുടമ കിഴക്കേകണ്ടിയിൽ മുഹമ്മദ് മുഹ്സിൻ ആണ് പിടിയിലായത്. കടയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.