മുസ്‌ലിം ലീഗ് ദേശീയ നേതൃനിരയിലെ പ്രവാസി പ്രാതിനിധ്യമായി സഫാരി സൈനുൽ ആബിദീൻ
പ്രവാസലോകത്തും കേരളത്തിലുമുള്ള പ്രവർത്തനങ്ങളെ പരിഗണിച്ചാണ് സഫാരി സൈനുൽ ആബ്ദീൻ മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ അംഗമാകുന്നത്.
കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ നേതൃനിരയിലെ പ്രവാസി പ്രാതിനിധ്യമായി ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സഫാരി സൈനുൽ ആബിദീൻ. ഖത്തറിലെ സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറകടറായ സൈനുൽ ആബിദീൻ പ്രവാസരംഗത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തിയ വ്യക്തിയും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമാണ്. പ്രവാസി വോട്ടവകാശം യാഥാർഥ്യമാക്കുന്നതിനായി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട് സൈനുൽ ആബിദീൻ. പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ നിയപോരാട്ടം നടത്തുന്നതും ഇദ്ദേഹമാണ്. പ്രവാസികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് വിദേശത്ത് ഒരു സർവകലാശാല ആരംഭിക്കണമെന്ന ആവശ്യം ഉയർത്തി അഭിപ്രായ സ്വരൂപിച്ചുവരികയാണ് സഫാരി. കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ പ്രവാസികൾക്കായി വിഹിതം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിരന്തരമായി ഇടപെടലുകൾ നടത്താറുള്ള പ്രവാസി നേതാവ് കൂടിയാണ് സൈനുൽ ആബിദീൻ.
വിദ്യാർഥി കാലത്ത് എംഎസ്എഫിലൂടെ തുടങ്ങിയ മുസ്‌ലിം ലീഗുമായുള്ള ബന്ധം യൂത്ത് ലീഗിലൂടെ ദൃഢപ്പെട്ടു. മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ പ്രഭാഷണം കേൾക്കായി എവിടെയും ഓടിയെത്തുമായിരുന്ന സൈനുൽ ആബിദീൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലം മുതൽ പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമാണ്. ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരിലൂടെ ആ ബന്ധം സജീവമായി തുടരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയ ലീഗ് നേതാക്കളുമായി ആഴത്തിലുള്ള ബന്ധമുണ്ട്.
രാഷ്ട്രീയ ഭേദമന്യേ വലിയ സൗഹൃദവലയം സൂക്ഷിക്കുന്ന വ്യക്തികൂടിയാണ് സഫാരി സൈനുൽ ആബിദീൻ. അദ്ദേഹവുമായുള്ള തങ്ങളുടെ സൗഹൃദം പങ്കുവെച്ച് രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖർ എഴുതിയ ലേഖനങ്ങൾ പുസ്തകമായി കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു. സ്പീക്കർ എ.എൻ ഷംസീറാണ് പുസ്തപ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ സിപിഎം നേതാക്കളും വി.ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങി കോൺഗ്രസ് നേതാക്കളും സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി ലീഗ് നേതാക്കളും പുസ്തകത്തിൽ സൈനുൽ ആബുദീനുമായുള്ള സൗഹൃദം പങ്കുവെക്കുന്നുണ്ട്.
ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ കെഎംസിസി രൂപീകരണത്തിലും പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിട്ടുണ്ട്. ഗൾഫിലെ ലീഗിന്റ എല്ലാ സാമൂഹിക ജീവകാരുണ്യ ഇടപെടലുകളിലെയും നിർണായക കണ്ണിയാണ് ഇദ്ദേഹം. നാട്ടിലും വിദേശത്തുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പള്ളികളുടെയും ഭരണസമിതികളിലുള്ള ഇദ്ദേഹം സാമൂഹിക പ്രവർത്തന രംഗത്തെ പല സംരംഭങ്ങളുടെയും നട്ടെല്ലാണ്. സമസതയുമായും പാരമ്പര്യമായ ബന്ധമുണ്ട് സഫാരിക്ക്.
പ്രവാസലോകത്തും കേരളത്തിലുമുള്ള പ്രവർത്തനങ്ങളെ പരിഗണിച്ചാണ് സഫാരി സൈനുൽ ആബ്ദീൻ മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ അംഗമാകുന്നത്. ആദ്യ കൗൺസിലിൽ നിന്നു തന്നെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.