'ധീരജിനെ കുത്തിയ കത്തിയുമായി വന്നാൽ പുഷ്പചക്രം ഒരുക്കിവെക്കും'; ഭീഷണിയുമായി കെ.കെ രാഗേഷ്
രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം മാത്രമേ തങ്ങൾ നൽകുന്നുള്ളൂ എന്നും രാഗേഷ് പറഞ്ഞു.
കണ്ണൂർ: ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ തള്ളിയിട്ടില്ല എന്ന മുദ്രാവാക്യത്തിനെതിരെ കെ.കെ രാഗേഷ്. ആ കത്തിയുമായി വന്നാൽ വരുന്നവന് തങ്ങൾ ഒരു പുഷ്പചക്രം ഒരുക്കിവെക്കും. മലപ്പട്ടത്ത് സിപിഎം ഓഫീസ് അക്രമിച്ചവരെ വെറുതെ വിട്ടത് ഔദാര്യമാണെന്ന് ഓർത്തോളൂ. യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിക്കരുതെന്നും രാഗേഷ് പറഞ്ഞു.
ഒന്ന് രണ്ട് തവണ വന്നാൽ തങ്ങൾ ക്ഷമിക്കും. മൂന്നാമതും വന്നാൽ എന്ത് സംഭവിക്കുമെന്ന് തങ്ങൾക്ക് തന്നെ പറയാനാവില്ല. രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം മാത്രമേ നൽകുന്നുള്ളൂ. മൂട്ട കടിച്ചാൽ ഒന്ന് ചൊറിയും. മൂട്ടയെ കൊല്ലാൻ ആരും കൊടുവാൾ എടുക്കാറില്ല. മലപ്പട്ടത്ത് സിപിഎം പ്രതിഷേധ യോഗത്തിലാണ് രാഗേഷിന്റെ പ്രസംഗം.
കഴിഞ്ഞ ദിവസം മലപ്പട്ടത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് ധീരജിനെ കുത്തിയ കുത്തി അറബിക്കടലിൽ താഴ്ത്തീട്ടില്ല എന്ന പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 75 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 50 കോൺഗ്രസ് പ്രവർത്തകർക്കും 25 സിപിഎം പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തത്.