'രാജാവാണെന്ന് സ്വയം കരുതുന്നു, പക്ഷെ ഉടൻ ജയിലിലാകും'; അസ്സം മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

ചൈഗാവിൽ നടന്ന ഒരു പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ

Update: 2025-07-16 12:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡൽഹി: അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വയം രാജാവാണെന്നാണ് ഹിമന്ത കരുതുന്നതെന്നും പക്ഷെ ജയിൽ ശിക്ഷ അകലെയല്ലെന്നും രാഹുൽ മുന്നറിയിപ്പ നൽകി. ചൈഗാവിൽ നടന്ന ഒരു പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ അഴിമതിക്ക് അസ്സം മുഖ്യമന്ത്രിയും കുടുംബവും ഉത്തരവാദികളായിരിക്കുമെന്നും രാഹുൽ ആരോപിച്ചു. കോൺഗ്രസ് ആയിരിക്കില്ല ജനങ്ങളായിരിക്കും ഹിമന്തയെ ജയിലിൽ അടയ്ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "നിങ്ങളുടെ മുഖ്യമന്ത്രിക്ക് വലിയ ഭയമുണ്ട്; നിർഭയരായ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ ജയിലിലടയ്ക്കുമെന്ന് അദ്ദേഹത്തിനറിയാം," പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു.

ഭാവിയിലേക്കുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി അസ്സമിലെ പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തുന്നതിനായി രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സംസ്ഥാനത്ത് സന്ദര്‍ശനത്തിലാണ്. ദിവസത്തെ ആദ്യ യോഗം ഗുവാഹത്തി വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലിൽ വെച്ചായിരുന്നു. രണ്ടാമത്തേത് ഇവിടെ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ചായ്ഗാവിലും നടന്നു.

കോൺഗ്രസ് നേതാവ് മുമ്പും സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് ഹിമന്ത ശർമ്മ മറുപടി നൽകി. രാജ്യത്തുടനീളം രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ ജാമ്യത്തിലാണെന്ന് കോൺഗ്രസ് നേതാവ് സൗകര്യപൂർവ്വം മറന്നുവെന്നും ശർമ പറഞ്ഞു. "എഴുതിവച്ചോളൂ, ഹിമാന്ത ബിശ്വ ശർമയെ തീർച്ചയായും ജയിലിലേക്ക് അയക്കും" - അസ്സമിലെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയുമായുള്ള അടച്ചിട്ട മുറിയിലെ യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളാണിത്," മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. ഇത് പറയാൻ വേണ്ടി മാത്രമാണ് അദ്ദേഹം അസ്സമിലേക്ക് വന്നത്. രാഹുൽ ജി, നിങ്ങൾക്ക് എന്‍റെ ആശംസകൾ. ദിവസം മുഴുവൻ അസ്സമിന്‍റെ ആതിഥ്യം ആസ്വദിക്കൂ," അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News