സെക്രട്ടേറിയറ്റ് കാന്റീനിലും കോഫി ഹൗസിലും ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിച്ചു
സെക്രട്ടേറിയറ്റിന് ചുറ്റും വാടക നൽകി പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾ ഈടാക്കുന്നതിനേക്കാൾ നിരക്ക് കാന്റീനിൽ ഈടാക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കാന്റീനിലും കോഫി ഹൗസിലും ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വർധന മൂലമാണ് ഭക്ഷണത്തിനും വില വർധിപ്പിക്കാൻ നിർബന്ധിതമായതെന്ന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വില വർധനയിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധന വിലവർധനയിൽ നട്ടം തിരിയുന്ന ജീവനക്കാർക്ക് ഇരുട്ടടിയാണ് സെക്രട്ടേറിയറ്റ് ക്യാമ്പസിനകത്തെ വില വർധനയെന്ന് കൺവീനർ എം.എസ് ഇർഷാദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് കീഴിൽ അദ്ദേഹം തന്നെ നടപ്പിലാക്കിയതാണ് ഈ വർധന. സർക്കാർ ജീവനക്കാർക്ക് 18% ക്ഷാമബത്ത കുടിശ്ശിക ആയിരിക്കെ 20 മുതൽ 30% വരെയാണ് വില കൂട്ടിയത്. ഗുണത്തിൽ തുച്ഛം, വിലയിൽ മെച്ചം എന്നതാണ് സെക്രട്ടേറിയറ്റ് കാന്റീന്റെ മുഖമുദ്ര. സെക്രട്ടേറിയറ്റിന് ചുറ്റും വാടകയടക്കം ഒടുക്കാൻ ബാധ്യസ്ഥമായിട്ടുള്ള കച്ചവട സ്ഥാപനങ്ങൾ ഈടാക്കുന്നതിനേക്കാൾ നിരക്ക് സെക്രട്ടേറിയറ്റ് കാന്റീനിൽ ഈടാക്കുന്നു. പുറത്ത് 10 രൂപക്ക് കിട്ടുന്ന കാലിച്ചായക്ക് 11 രൂപയാണ് കാന്റീനിൽ. തൊട്ടടുത്ത സ്വകാര്യ ഹോട്ടലിൽ 30 രൂപക്ക് മീൻ കറിയും 35 രൂപക്ക് മീൻ വറുത്തതും കിട്ടുമ്പോൾ സെക്രട്ടേറിയറ്റ് കാന്റീനിൽ അവക്ക് യഥാക്രമം 50ഉം 60ഉം രൂപ കൊടുക്കണം. 14 രൂപയുടെ മുട്ടക്കറി ആർക്കും കിട്ടാറില്ല. 25 രൂപ കൊടുത്താലേ കാന്റീനിൽ പ്രാതലിന് മുട്ടക്കറി ലഭിക്കൂ. ഒഴിച്ചു കറിയായി പരിപ്പോ സാമ്പാറോ രസമോ മോരോ പുളിശ്ശേരിയോ ഒന്നുമില്ലാത്ത പാഴ്‌സൽ ഊൺ വേണമെങ്കിൽ അതിന് സെക്രട്ടേറിയറ്റ് കാന്റീനിൽ പോയാൽ മതി.
വെള്ളം, വൈദ്യുതി, വാടക തുടങ്ങിയ ബാധ്യതകൾ കാന്റീൻ മാനേജ്‌മെന്റ് വഹിക്കേണ്ടതില്ല. ജീവനക്കാരുടെ ശമ്പളം സർക്കാർ അനുവദിക്കും, സബ്‌സിഡി നിരക്കിൽ ഭക്ഷ്യസാധനങ്ങളും പാചകവാതകവും ലഭ്യമാണ്. എന്നിട്ടും അടിച്ചേൽപിക്കുന്ന വിലവർധനക്ക് ഒരു ന്യായീകരണവുമില്ലെന്നും അടിയന്തരമായി നിരക്ക് വർധന പിൻവലിക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.