ജി.സുധാകരന്‍റെ വിവാദ പ്രസംഗം; പൊലീസ് കൂടുതൽ നടപടികളിലേക്ക്, ഇന്ന് മൊഴി രേഖപ്പെടുത്തിയേക്കും
ബൂത്ത് പിടിച്ചെടുത്തത് മുതൽ വ്യാജരേഖ ചമച്ചത് വരെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ ഉള്ളത്
ആലപ്പുഴ: തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന സിപിഎം നേതാവ് ജി. സുധാകരന്‍റെ വിവാദ പ്രസംഗത്തിൽ കേസെടുത്ത പൊലീസ് ഇന്ന് തുടർ നടപടികളിലേക്ക് കടക്കും. ഇന്ന് പൊലീസ് സുധാകരൻ്റെ മൊഴി രേഖപ്പെടുത്തിയേക്കും. ആലപ്പുഴ സൗത്ത് പൊലീസാണ് ജില്ലാ വരണാധികാരിയായ കലക്ടറുടെ പരാതിയിൽ കേസെടുത്തത്. ബൂത്ത് പിടിച്ചെടുത്തത് മുതൽ വ്യാജരേഖ ചമച്ചത് വരെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ ഉള്ളത്.
അതേസമയം പൊലീസ് തിടുക്കത്തിൽ നടപടികളിലേക്ക് കടന്നതിൽ അസ്വസ്ഥനാണ് സുധാകരൻ. നിയമോപദേശം ലഭിച്ച് മിനുട്ടുകൾക്കകം എഫ് ഐ ആർ പുറത്തുവന്നു. ഇത് ഉന്നതതല ഇടപെടൽ ഉണ്ടായതായി സുധാകരനുമായുള്ള അടുത്ത വൃത്തങ്ങൾ കരുതുന്നു. പ്രശ്നം സജീവമായി തുടരുമ്പോഴും പാർട്ടി നേതാക്കളാരും സുധാകരനെ ബന്ധപ്പെട്ടിട്ടില്ല. കേസെടുത്തതിന് ശേഷം അദ്ദേഹം പ്രതികരിച്ചിട്ടുമില്ല.
1989 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. ഇതിന്‍റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താൽ പ്രശ്‌നമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമർശം.
'1989 ൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ.പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. അവിടെ വെച്ച് ഞാനുൾപ്പടെയുള്ളവർ പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്.അന്നു സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15 ശതമാനം ദേവദാസിന് എതിരായിരുന്നു.അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു.' എന്നായിരുന്നു സുധാകരൻ പറഞ്ഞത്.