Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിലെ പി.കെ ശ്രീമതിക്കുള്ള വിലക്കിൽ എം.വി ഗോവിന്ദനെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ശ്രീമതി വേണ്ട സമയത്ത് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമെന്ന് എം.എ ബേബി പറഞ്ഞു.
ശ്രീമതിയെ വിലക്കിയിട്ടില്ലെന്നും സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും പി.കെ ശ്രീമതി പങ്കെടുക്കുമെന്നും എം.എ ബേബി കൂട്ടിച്ചേർത്തു. ശ്രീമതിയെ വിലക്കിയത് മുഖ്യമന്ത്രിയല്ല പാർട്ടിയാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ശ്രീമതിക്ക് പ്രായപരിധിയിൽ ഇളവ് നൽകിയതെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.
ശ്രീമതി ടീച്ചർ സംസ്ഥാന കമ്മിറ്റിയംഗവും സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. എന്നാൽ 75 വയസ്സായ പശ്ചാത്തലത്തിൽ അവർ ഒഴിവായി. ഇപ്പോൾ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റായി പ്രവർത്തിക്കുകയാണ് അഖിലേന്ത്യാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വനിത എന്ന നിലയിൽ പ്രത്യേക പരിഗണനയോടെ കേന്ദ്ര കമ്മിറ്റിയിൽ എടുത്തു. കേന്ദ്രകമ്മിറ്റിയിലെടുക്കുന്നത് കേരളത്തിൽ സംഘടനാപ്രവർത്തനം നടത്താനല്ല, അഖിലേന്ത്യാ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാണ്. അങ്ങനെ മുൻപോട്ടുപോവുക എന്നതാണ് പാർട്ടി ഉദ്ദേശിക്കുന്നത് എന്നായിരുന്നു എം.വി ഗോവിന്ദൻ പറഞ്ഞിരുന്നത്.