വിസിമാരെ തളയ്ക്കാൻ സിപിഎം; കെടിയു -കേരള സർവകലാശാല വിസിമാർക്കെതിരെ ശക്തമായ നടപടികളിലേക്ക് കടക്കാൻ നിര്‍ദേശം

വിസിയുടെ നടപടി ചോദ്യം ചെയ്ത് സിൻഡിക്കേറ്റ് അംഗം ഹൈക്കോടതിയെ സമീപിച്ചു

Update: 2025-02-12 02:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: സാങ്കേതിക - കേരള സർവകലാശാലകളിൽ വൈസ് ചാൻസലർമാര്‍ക്കെതിരെ ശക്തമായി നീങ്ങാന്‍ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സിപിഎം നിർദേശം. സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം ചേരാൻ വിസി അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഇടത് അംഗം ഹൈക്കോടതിയെ സമീപിച്ചു. കേരള സർവകലാശാലയിൽ അടിയന്തരമായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗങ്ങൾ വിസിക്ക് കത്ത് നൽകി.

കേരളയിലും സാങ്കേതിക സർവകലാശാലയിലും ദീർഘനാളുകളായി വൈസ് ചാൻസലറും സിൻഡിക്കേറ്റും തമ്മിൽ പോരാണ്. രണ്ടു വിസിമാരും സംഘപരിവാറിനു വേണ്ടി ജോലി ചെയ്യുന്നു എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം. സാങ്കേതിക സർവകലാശാലയിൽ രജിസ്ട്രാരുടെയും പരീക്ഷാ കൺട്രോളറുടെയും പുനർനിയമനം അടക്കമുള്ള തീരുമാനങ്ങൾ എടുത്ത സിൻഡിക്കേറ്റ് യോഗം വിസി റദ്ദാക്കിയിരുന്നു. തുടർന്ന് സിൻഡിക്കേറ്റ് വിസിയും തമ്മിൽ പല കാര്യങ്ങളിലും അധികാര തർക്കം ഉണ്ടായി. ഈ തർക്കം നീളുന്നതിനിടെയാണ് സിൻഡിക്കേറ്റ് യോഗം വിളിക്കാൻ വിസി തയ്യാറാകുന്നില്ല എന്ന ആരോപണം ഉയരുന്നത്. ഇക്കാര്യം സൂചിപ്പിച്ച കഴിഞ്ഞ വ്യാഴാഴ്ച ഇടത് അംഗങ്ങൾ വൈസ് ചാൻസിലർക്ക് കത്ത് നൽകി. എന്നാൽ കത്തിനോട് പ്രതികരിക്കാൻ വിസി തയ്യാറായില്ല.

ഇതോടെയാണ് വൈസ് ചാൻസലർ ഭരണ പ്രതിസന്ധി ഉണ്ടാക്കുന്നു എന്നും സിൻഡിക്കേറ്റ് യോഗം ചേരാൻ തയ്യാറാകുന്നില്ല എന്നും കാട്ടി ഇടത് അംഗം അഡ്വ. ഐ,സാജു ഹൈക്കോടതിയെ സമീപിച്ചത്. സമാന പ്രശ്നം കേരള സർവകലാശാലയിലും ഉണ്ട്. ഫെബ്രുവരി മൂന്നിന് ചേരേണ്ടിയിരുന്ന യോഗം വൈസ് ചാൻസിലർ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. നിർണായക തീരുമാനങ്ങൾ എടുക്കാനുണ്ടെന്ന് കാട്ടി ഇന്നലെ 12 ഇടത് അംഗങ്ങൾ വി.സി മോഹനൻ കുന്നുമ്മലിന് കത്ത് നൽകി. കത്തിൻമേലുള്ള തുടർനടപടി അനുകൂലം അല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന. വിസിക്കെതിരെ സർക്കാരിന് രേഖാമൂലം പരാതി നൽകാനും നീക്കമുണ്ട്.

Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News