അപമര്യാദയായി പെരുമാറിയ അധ്യാപകനെ സംരക്ഷിക്കുന്നെന്ന് ആരോപണം; തൃശൂർ വനിതാ പോളിടെക്‌നിക്കിൽ കെഎസ്‍യു ഉപരോധം
അധ്യാപകനെ സംരക്ഷിക്കുന്ന പ്രിൻസിപ്പൽ രാജിവെക്കണം എന്നായിരുന്നു കെഎസ്‌യു ആവശ്യം
തൃശ്ശൂർ: നെടുപുഴ വനിതാ പോളിടെക്നിക്കിൽ വിദ്യാർഥിനികളോട് അധ്യാപകൻ അപമര്യാദയായി പെരുമാറി എന്ന പരാതി പൊലീസിന് കൈമാറും. കെഎസ്‌യുവിന്റെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. ആരോപണ വിധേയനായ അധ്യാപകൻ നിലവിൽ അന്വേഷണ വിധേയമായി സസ്പെൻഷനിലാണ്.
ആഭ്യന്തര അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കാണിച്ച് മുകളിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടും പരാതി പൊലീസിലേക്ക് കൈമാറാത്തതിലാണ് കെഎസ്‌യു പ്രിൻസിപ്പാളിനെ ഉപരോധിച്ചത്. അധ്യാപകനെ സംരക്ഷിക്കുന്ന പ്രിൻസിപ്പൽ രാജിവെക്കണം എന്നായിരുന്നു കെഎസ്‌യു ആവശ്യം. പ്രിൻസിപ്പാളിനെ മുറിക്കുള്ളിൽ പൂട്ടിയിടാൻ ശ്രമിച്ചതോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
അധ്യാപകനെ സസ്പെൻഡ് ചെയ്തെന്നുംവകുപ്പുതല അന്വേഷണത്തിന് ശിപാർശ ചെയ്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർഥികൾ പറഞ്ഞതിനാലാണ് പരാതി പൊലീസിലേക്ക് കൈമാറാത്തതെന്നും വ്യക്തമാക്കി.പരാതി പൊലീസിനെ കൈമാറും.29 പരാതികളാണ് അധ്യാപകനെതിരെ ഉയർന്നത്. ഇതിൽ 11 പേർ മാത്രമാണ് അന്വേഷണ സംഘത്തിനു മുൻപിൽ ഹാജരായത്. അധ്യാപകനിൽ നിന്നും മാനസിക പീഡനം നേരിട്ടു എന്നാണ് വിദ്യാർഥികളുടെ പരാതി.