കോട്ടയം മെഡി. കോളജിൽ അപകടമുണ്ടായ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറി രോഗികൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ
മെഡിക്കൽ കോളേജിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ആർപ്പൂക്കര പഞ്ചായത്ത് നോട്ടീസ് നൽകും
കോട്ടയം: മെഡിക്കൽ കോളജിൽ അപകടമുണ്ടായ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറി രോഗികൾ ഉപയോഗിച്ചിരുന്നതായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫയർഫോഴ്സ്, പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം തുടങ്ങിയവരിൽ നിന്ന് കലക്ടർ വിവരങ്ങൾ തേടി. രക്ഷാപ്രവർത്തനം, അപകടം ഉണ്ടായ കെട്ടിടത്തിന്റെ അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറമെന്നാണ് നിർദ്ദേശം.
അതിനിടെ, കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ നടപടിയുമായി ആർപ്പുക്കര പഞ്ചായത്ത്. മെഡിക്കൽ കോളേജിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് നോട്ടീസ് നൽകും. മെഡിക്കൽ കോളജിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്താറില്ലെന്ന് നേരത്തെ പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കിയിരുന്നു.