കേരള സർവകലാശാലയിലെ എസ്എഫ്ഐ സമരം; നിലപാട് കടുപ്പിച്ച് വിസി
ചാൻസലർ ആയ ഗവർണറെ വിസി നേരിൽകണ്ട് പരാതി അറിയിച്ചു
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ചാൻസലർ ആയ ഗവർണറെ വിസി നേരിൽകണ്ട് പരാതി അറിയിച്ചു. അനാവശ്യ പ്രവർത്തനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് വിസിക്ക് ചാൻസലർ ഉറപ്പ് നൽകി. സിൻഡിക്കേറ്റ് യോഗത്തിന് പിന്നാലെ അടുത്ത ആഴ്ച നടത്താനിരുന്ന സെനറ്റ് യോഗവും റദ്ദാക്കി. തനിക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ യോഗത്തിന് തിയതി ക്രമീകരിക്കാൻ വിസിക്ക് ഗവർണർ നിർദേശം നൽകി.
സർവകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുന്നില്ല എന്നതടക്കം നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് വൈസ് ചാൻസലർക്കെതിരെ എസ്എഫ്ഐ സർവകലാശാല ക്യാമ്പസിനുള്ളിൽ അനിശ്ചിതകാല സമരം തുടങ്ങിയത്. പിന്നാലെ പന്തൽ പൊളിച്ചു മാറ്റാൻ വിസി നിർദ്ദേശം നൽകിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. ക്രമസമാധാന പ്രശ്നം പറഞ്ഞ് പോലീസും കൈമലർത്തി. ഇത് വിസിയെ ചൊടിപ്പിച്ചു. കഴിഞ്ഞ ദിവസം ചേരാനിരുന്ന സിൻഡിക്കേറ്റ് യോഗം അവസാന നിമിഷം മാറ്റിവച്ചത് വിസിയുടെ ഈ അതൃപ്തി മൂലമാണ്. ഇതിനിടെയാണ് വൈസ് ചാൻസലറുടെ അടുത്ത നീക്കം. ചാൻസലറായ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ രാജ്ഭവനിൽ എത്തി നേരിൽ കണ്ട വിസി കാര്യകാരണസഹിതം വിഷയം വിവരിച്ചു. ചരിത്രത്തിൽ ആദ്യമായി കാമ്പസിനുള്ളിൽ ഉയർന്ന സമരപ്പന്തൽ സർവകലാശാലയുടെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് വിസി അറിയിച്ചു.
ഇത്തരം പ്രവണതകൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ചാൻസലർ വിസിക്ക് പിന്തുണയും ഉറപ്പ് നൽകി. അതിൻ്റെ ആദ്യപടി എന്നോണം ചാൻസലറുടെ നിർദ്ദേശപ്രകാരം ഫെബ്രുവരി നാലിന് നടത്താൻ ഇരുന്ന സെനറ്റ് യോഗം മാറ്റിവച്ചു. സിൻഡിക്കേറ്റ് യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പ്രകാരമാണ് സെനറ്റ് നടക്കേണ്ടത്. എന്നാൽ കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം നടക്കാതിരുന്നതിനാൽ സെനറ്റ് റദ്ദാക്കി എന്നാണ് വി സി യുടെ വിശദീകരണം. ഇനി ചേരുന്ന സെനറ്റ് യോഗത്തിൽ ഗവർണർ നേരിൽ പങ്കെടുക്കുമെന്നും വിസിയെ അറിയിച്ചു. തനിക്ക് കൂടി പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ തീയതി ക്രമീകരിക്കാനും ഗവർണർ നിർദ്ദേശം നൽകി.