'യൂറോളജി വകുപ്പിൽ നിന്ന് ഉപകരണം കാണാതായത് രണ്ടു വർഷം മുമ്പ്'; ഡോ.ഹാരിസിനെതിരായ ആരോപണത്തിൽ വഴിത്തിരിവ്

മുഴുവൻ കുറ്റവും ഡോക്ടറുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്ന് വി.ഡി സതീശന്‍

Update: 2025-08-01 07:55 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഉപകരണക്ഷാമം വെളിപ്പെടുത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരായ സർക്കാർ നീക്കം പാളുന്നു. ഡോ. ഹാരിസ് മേധാവിയായ യൂറോളജി വിഭാഗത്തിൽ ഉപകരണം കാണാതായെന്നായിരുന്നു ഇന്ന രാവിലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഓസിലോസ്കോപ്പ് കാണാതായത് രണ്ട് വർഷം മുന്‍പാണെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഡോ.ഹാരിസ് വകുപ്പ് മേധാവിയായിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല.ഇതോടെ ഡോ.ഹാരിസിനെതിരായ ആരോഗ്യമന്ത്രിയുടെ വാദം പാളുകയാണ്.

യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതായെന്ന് ഉപസമിതി കണ്ടെത്തിയതായായിരുന്നു മന്ത്രി പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണത്തിൽ കാര്യങ്ങൾ കണ്ടെത്താനായില്ലെങ്കിൽ പൊലീസ് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

ഓസിലോസ്കോപ്പ് ഉപകരണമാണ് തിരുവനന്തപുരം യൂറോളജി വകുപ്പിൽ നിന്ന് കാണാതായത്.20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം.ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതാണ് ഉപകരണം. യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുണ്ട്. 

അതേസമയം, നേരത്തെ നടത്തിയ തുറന്നുപറച്ചിലിൽ നിന്ന് ഒരു അടി പിന്നോട്ട് പോയിട്ടില്ല ഡോ. ഹാരിസ് ചിറക്കൽ. ഉപകരണ ക്ഷാമം ഇല്ലെന്ന കാര്യം കൃത്യസമയത്ത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നുവെന്ന് ഡോക്ടർ ഇന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ കഴിഞ്ഞ മാർച്ചിലും ജൂണിലും ഉപകരണം വേണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിനയച്ച കത്തിലെ വിവരങ്ങളും പുറത്തുവന്നു. ഉപകരണ ക്ഷാമം ഉണ്ടെന്ന് അറിയിച്ചില്ല എന്ന അധികൃതരുടെ വാദം ഇതോടെ പൊളിഞ്ഞു. എല്ലാ കാര്യങ്ങളും കൃത്യമായി അറിയിച്ചിട്ടും വിദഗ്ധസമിതി എന്ത് റിപ്പോർട്ടാണ് കൊടുത്തതെന്ന് അറിയില്ലെന്നും ഡോക്ടർ ഹാരിസ് ചിറക്കൽ പറഞ്ഞു.കാരണം കാണിക്കൽ നോട്ടീസ് സ്വാഭാവിക നടപടി എന്നാണ് മന്ത്രി വീണാ ജോർജ് പറഞ്ഞത്. 

ആരോഗ്യ മന്ത്രിയുടെ വാക്കിന് വിലയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പോരായ്മകൾ ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസിനെ ചേർത്ത് നിർത്തുമെന്ന് പറഞ്ഞിട്ട് അദ്ദേഹത്തിന് മെമ്മോ അയക്കുകയാണ് ചെയ്തത്. മുഴുവൻ കുറ്റവും ഹാരിസിൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമം. ഡോക്ടറെ ബലിയാടാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News