വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു; അപേക്ഷകനോട് മാപ്പ് പറഞ്ഞ് ഉദ്യോഗസ്ഥൻ
അപേക്ഷകനായ താനൂർ സ്വദേശി എം.സിദ്ദീഖിനോടാണ് മലപ്പുറം ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ സത്യവിൽസൺ മാപ്പ് പറഞ്ഞത്.
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ അപേക്ഷകനോട് മാപ്പ് പറഞ്ഞ് ഉദ്യോഗസ്ഥൻ. അപേക്ഷകനായ താനൂർ സ്വദേശി എം.സിദ്ദീഖിനോടാണ് മലപ്പുറം ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ സത്യവിൽസൺ മാപ്പ് പറഞ്ഞത്. താനൂരിൽ സ്ഥാപിക്കുന്ന പൈപ്പ് ലൈനുമായി ബന്ധപ്പെട്ട അപേക്ഷയിലാണ് ഉദ്യോഗസ്ഥൻ വിചിത്ര നിർദേശം നൽകിയത്.
''താങ്കളുടെ അപേക്ഷയുമായി ബന്ധപ്പെട്ട് ഒപ്പിലുണ്ടായിരുന്ന സംശയം ദൂരീകരിക്കുന്നതിനാണ് പൗരത്വം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടത്. ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കാനാണ് ഉദ്ദേശിച്ചത്. താങ്കൾ ഇത് തെറ്റായി മനസ്സിലാക്കുകയും പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടതായി തെറ്റിദ്ധരിക്കുകയും ചെയ്തു.
തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ പൗരത്വം എന്ന പദപ്രയോഗം കത്തിൽ കടന്നൂകൂടിയതിൽ താങ്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിർവാജ്യം ഖേദിക്കുന്നു. ഇതിൽ എന്തെങ്കിലും തെറ്റ് കടന്നുകൂടിയിട്ടുണ്ടെങ്കിൽ മാപ്പാക്കണമെന്ന് താത്പര്യപ്പെടുന്നു''- സിദ്ദീഖിന് അയച്ച കത്തിൽ സത്വിൽസൺ പറഞ്ഞു.