അന്ന് മകളുടെ വിദ്വേഷ പ്രസംഗം ഷെയർ ചെയ്ത വിവാദ നായകൻ; കോൺഗ്രസിന്റെ വഖഫ് നിലപാടിൽ പ്രതിഷേധിച്ച് രാജിവെച്ച് ബെന്നി പെരുവന്താനം
അമൽ ജ്യോതി കോളേജ് വിദ്യാർത്ഥിയായിരുന്ന ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ സംബന്ധിച്ചായിരുന്നു വിദ്വേഷ പ്രസംഗം
ഇടുക്കി: മകളുടെ വർഗീയ പ്രസംഗം പങ്കുവെച്ച് വിവാദത്തിലായ ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം വഖഫ് ഭേദഗതിയിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് രാജി വെച്ചു. അമൽ ജ്യോതി കോളേജിൽ മകൾ അലോഖ നടത്തിയ വിദ്വേഷ പ്രസംഗമാണ് ഡിസിസി സെക്രട്ടറി ബെന്നി നേരത്തെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ലവ് ജിഹാദ് അടക്കമുള്ള ആരോപണങ്ങൾ ഉയർത്തുന്നതായിരുന്നു അലോഖയുടെ പ്രസംഗം.
അമൽ ജ്യോതി കോളേജ് വിദ്യാർത്ഥിയായിരുന്ന ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ സംബന്ധിച്ചായിരുന്നു വിദ്വേഷ പ്രസംഗം. നേരത്തെ സമരത്തിൽ വർഗീയത ആരോപിച്ച് അലോഖ ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ പൊതുവേദികളിലും ഇതേ വാദങ്ങൾ അലോഖ ആവർത്തിക്കുകയായിരുന്നു.
പ്രത്യേക വിഭാഗത്തിൽ പെട്ട ആളുകൾ ക്രിസ്ത്യൻ സ്ഥാപനങ്ങളെ തകർക്കാൻ നടത്തുന്ന നീക്കമാണ് സമരമെന്നായിരുന്നു പ്രസംഗത്തിലെ ആരോപണം. അമൽ ജ്യോതി കോളേജ് വന്നതോടെ മറ്റു കോളേജുകൾക്ക് നഷ്ടമുണ്ടായി. ഇതാണ് കോളേജിനെ ടാർഗറ്റ് ചെയ്യാൻ കാരണമെന്നും അലോഖ പറഞ്ഞിരുന്നു.
എന്നാൽ പ്രസംഗം ബെന്നി പെരുവന്താനം പങ്കുവെച്ചതോടെ വ്യാപക വിമർശനം ഉണ്ടായി. പിന്നാലെ തന്നെ ബെന്നി മാപ്പ് പറയുകയും ചെയ്തിരുന്നു. 2023 ജൂണിലായിരുന്നു സംഭവം.
ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിനെന്ന് പറഞ്ഞാണ് ബെന്നി പെരുവന്താനം സ്ഥാനം രാജി വെച്ചത്. മുസ്ലിം ന്യൂനപക്ഷങ്ങളെ മാത്രം സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിന് എതിരാണ് പാർട്ടിയുടെ ഈ നിലപാട്. പല വേദികളിൽ ഇക്കാര്യം പറഞ്ഞു. പാർട്ടി കമ്മറ്റികളിൽ പറഞ്ഞു. യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ബെന്നി ചൂണ്ടിക്കാട്ടി.