പാർട്ടി നവീകരണവും സമരപ്രഖ്യാപനങ്ങളും; യു.ഡി.എഫിനും സംഘപരിവാറിനുമെതിരെ വിമർശനവുമായി എം.വി. ഗോവിന്ദൻ

വിദ്യാർഥി സമരങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കുമെന്നും, പ്രതിഷേധിക്കുന്നവർക്കും സാംസ്കാരിക പ്രവർത്തകർക്കുമെതിരെ സംഘപരിവാർ ഭീഷണി ഉയർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Update: 2026-07-24 13:01 GMT

തിരുവനന്തപുരം: പാർട്ടിയെ സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും അടിമുടി നവീകരിക്കുന്നതിനുള്ള തീരുമാനങ്ങൾ സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ കൈക്കൊള്ളുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തി പാർട്ടിയെ പുതുക്കിപ്പണിയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിദ്യാർഥി സമരങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കുമെന്നും, പ്രതിഷേധിക്കുന്നവർക്കും സാംസ്കാരിക പ്രവർത്തകർക്കുമെതിരെ സംഘപരിവാർ ഭീഷണി ഉയർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ആദ്യം സമരത്തോടൊപ്പം നിന്നില്ലെന്നും, വി.ഡി. സതീശൻ സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും വഖഫ് വിഷയത്തിൽ യു.ഡി.എഫ് കേന്ദ്രത്തിന് വഴങ്ങുകയാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.

Advertising
Advertising

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ യു.ഡി.എഫ് സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച അദ്ദേഹം, ജൂലൈ 26-ന് വീടുകളിൽ മെഴുകുതിരി തെളിയിക്കുന്ന പ്രതിഷേധവും ജൂലൈ 30-ന് സെക്രട്ടേറിയറ്റിലേക്ക് എൽ.ഡി.എഫ് ജനപ്രതിനിധികളുടെ മാർച്ചും ഓഗസ്റ്റ് 1, 3 തീയതികളിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാർച്ചുകളും പ്രഖ്യാപിച്ചു.

ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ കമ്മീഷൻ വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 5, 6 തീയതികളിൽ സംസ്ഥാന വ്യാപകമായി ജില്ലാ ലോട്ടറി ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി ലോട്ടറി ഓഫീസിൽ നിന്ന് സമ്മാനാർഹമായ ടിക്കറ്റുകൾ ഉൾപ്പെടെ മോഷണം പോയ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിപിഎം നേതാവ് എം.വി. ജയരാജൻ ആവശ്യപ്പെട്ടു.

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടി അന്വേഷണത്തെ തള്ളുന്നില്ലെന്നും അന്വേഷണം സ്വതന്ത്രമായി മുന്നോട്ടുപോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തകളിൽ നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും വ്യാജ പ്രചാരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Tags:    

Writer - റുക്ക്സാന വി ക

contributor

Editor - റുക്ക്സാന വി ക

contributor

By - Web Desk

contributor

Similar News