2028ഓടെ വിഴിഞ്ഞത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയാകും: മുഖ്യമന്ത്രി

‘അന്താരാഷ്ട്ര ചരക്ക് നീക്കങ്ങളുടെ ഹബ്ബായി വിഴിഞ്ഞം മാറും’

Update: 2025-04-18 10:55 GMT
Advertising

തിരുവനന്തപുരം: 2028ഓടെ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുമെന്നും അതോടെ അന്താരാഷ്ട്ര ചരക്ക് നീക്കങ്ങളുടെ ഹബ്ബായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ചരക്കുനീക്കങ്ങളുടെ സിരാകേന്ദ്രമായുള്ള വിഴിഞ്ഞത്തിന്റെ വളർച്ച കേരളത്തിൽ വലിയ വികസനസാധ്യതകൾക്കും വഴിയൊരുക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

ലോക വാണിജ്യ ഭൂപടത്തിൽ നമ്മുടെ നാടിനെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയാണ്. ആർബിട്രേഷൻ നടപടികൾ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലായത്.

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ 2024 ജൂലൈ 13നാണ് ആരംഭിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ തുറമുഖത്ത് ഇതുവരെ 265 കപ്പൽ എത്തി. 5.48 ലക്ഷം ടിഇയു ചരക്കുകൾ ഇതുവരെ കൈകാര്യം ചെയ്ത് വലിയ മുന്നേറ്റമുണ്ടാക്കാനും സാധിച്ചു.

തുറമുഖത്തിന്റെ ആകെ നിർമ്മാണ ചെലവായ 8867.14 കോടി രൂപയിൽ 5595.34 കോടി രൂപയും സംസ്ഥാന സർക്കാരാണ് വഹിച്ചത്. 2034 മുതൽ തന്നെ ചരക്കുനീക്കങ്ങൾ വഴിയുള്ള വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിക്കുന്ന രീതിയിലാണ് നിലവിലുള്ള ധാരണയിലെത്തിയിരിക്കുന്നത്.

2028 ഓടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാവുന്നതോടെ അന്താരാഷ്ട്ര ചരക്കുനീക്കങ്ങളുടെ പ്രധാന ഹബ്ബായി വിഴിഞ്ഞം തുറമുഖം മാറും. രാജ്യത്തെ ചരക്കുനീക്കങ്ങളുടെ സിരാകേന്ദ്രമായുള്ള വിഴിഞ്ഞത്തിന്റെ വളർച്ച കേരളത്തിൽ വലിയ വികസനസാധ്യതകൾക്കും വഴിയൊരുക്കും.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News