ആൻ്റിവെനം പ്രാദേശികമായി നിർമിക്കും:മന്ത്രി എ.കെ ശശീന്ദ്രൻ
ലോക സർപ്പദിന പരിപാടി വനം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
തിരുവനന്തപുരം: പാമ്പ്കടി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രതിവിഷം (ആന്‍റിവെനം) പ്രാദേശികമായി നിർമിക്കുന്നതിന് ആരോഗ്യവകുമായി ചേർന്ന് പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിലവിൽ മറ്റു സംസ്ഥാങ്ങളിൽ നിന്നുമാണ് പ്രതിവിഷം ലഭ്യമാകുന്നത്. ലോക സർപ്പദിന പരിപാടി വനം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൗമശാസ്ത്രപരമായ കാരണങ്ങളാൽ ഓരോ പ്രദേശത്തെയും പാമ്പുകളുടെ വിഷത്തിന്‍റെ വീര്യങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പ്രാദേശിക അടിസ്ഥാനത്തിൽ പാമ്പ് പ്രതിവിഷ നിർമാണം അനിവാര്യമാണ്. ലോകത്താകെ ഒരു വർഷം 82,000 മുതൽ ഒന്നേകാൽ ലക്ഷത്തോളം പേർ പാമ്പുകടി മൂലം മരണപ്പെടുന്നുണ്ട്. ഇതിൻ്റെ നേർപകുതി മരണങ്ങൾ ഇന്ത്യയിലാണ് സംഭവിക്കുന്നത്. കേരളവും പാമ്പുകടി മൂലമുള്ള മരണത്തിൽ വളരെ മുന്നിലായിരുന്നു. ഇതിന് പരിഹാരം കാണാനാണ് സർപ്പ ആപ്പ് വനം വകുപ്പ് വികസിപ്പിച്ചത്. 2019 ൽ 119 മരണങ്ങൾ പാമ്പുകടി മൂലം ഉണ്ടായെങ്കിൽ 2024 അത് 30 ആയി കുറയ്ക്കാൻ കഴിഞ്ഞത് വനം വകുപ്പിൻറെ നിതാന്ത ജാഗ്രതകൊണ്ട് മാത്രമാണ്. 2030 ഓടെ ഒരാൾ പോലും പാമ്പുകടി മൂലം മരിക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഏർപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
വനം മേധാവി രാജേഷ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. Snake Bite: Death-Free Kerala Initiative & Mission Sarpa’ എന്ന വിഷയത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ പ്രഭാഷണം നടത്തി. പാമ്പു കടി ഏറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിലൂടെ സർപ്പ ആപ്പ് പൊതുജനാരോഗ്യരംഗത്ത് നാഴികക്കല്ലായി മാറിയെന്ന് ഡോ. പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു. അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ. പി.പുകഴേന്തി, ഡോ. എല്‍ ചന്ദ്രശേഖര്‍, ഡോ. ജസ്റ്റിന്‍ മോഹന്‍, ജോര്‍ജി പി.മാത്തച്ചൻ എന്നിവര്‍ സംസാരിച്ചു.