ഹിന്ദുത്വ വായന കെട്ടിപ്പടുക്കുന്നത് ഇന്ത്യന്‍ ചരിത്രത്തിൻ്റെ കൊളോണിയല്‍ വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കി -റോമില ഥാപ്പര്‍
സങ്കീര്‍ണ്ണമായ സാമൂഹിക, രാഷ്ട്രീയ പ്രക്രിയകളെ ലളിതമായ മത വിവരണങ്ങളിലേക്ക് ചുരുക്കിക്കൊണ്ടാണ് കൊളോണിയല്‍ ചരിത്രകാരന്മാര്‍ ഇന്ത്യന്‍ ചരിത്രത്തെ അടിസ്ഥാനപരമായി രൂപപ്പെടുത്തിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിന്റെ കൊളോണിയല്‍ വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഹിന്ദുത്വ വായന കെട്ടിപ്പടുക്കുന്നതെന്ന് പ്രമുഖ ചരിത്രകാരി റോമില ഥാപ്പര്‍. സങ്കീര്‍ണ്ണമായ സാമൂഹിക, രാഷ്ട്രീയ പ്രക്രിയകളെ ലളിതമായ മത വിവരണങ്ങളിലേക്ക് ചുരുക്കിക്കൊണ്ടാണ് കൊളോണിയല്‍ ചരിത്രകാരന്മാര്‍ ഇന്ത്യന്‍ ചരിത്രത്തെ അടിസ്ഥാനപരമായി രൂപപ്പെടുത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി 'ചരിത്രരചനയും ആദ്യകാല ഇന്ത്യന്‍ ചരിത്രവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
കൊളോണിയല്‍ ചരിത്രകാരന്മാര്‍ ഇന്ത്യയെ 'പൗരസ്ത്യ സ്വേച്ഛാധിപത്യത്തിന്റെ' കണ്ണിലൂടെയാണ് വീക്ഷിച്ചതെന്ന് ഥാപ്പര്‍ പറഞ്ഞു. ഏഷ്യന്‍ സമൂഹങ്ങളെ സ്ഥിരവും മാറ്റമില്ലാത്തതും സ്വേച്ഛാധിപതികളാല്‍ ഭരിക്കപ്പെടുന്നതുമായി ചിത്രീകരിച്ചു. ഇന്ത്യന്‍ ചരിത്രത്തെ മതപരമായ വീക്ഷണത്തിലൂടെ വായിക്കാനുള്ള പ്രവണത കൊളോണിയല്‍ ചരിത്രകാരന്മാരില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണെന്ന് അവര്‍ പറഞ്ഞു.
ലിഖിതങ്ങള്‍ പോലുള്ള ഭൗതിക തെളിവുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ ഇന്ത്യന്‍ ചരിത്രത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കാമായിരുന്നു. ഗുപ്ത കാലഘട്ടത്തിനു ശേഷമുള്ള കാലഘട്ടത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഭരണരീതികള്‍, ജാതി ബന്ധങ്ങള്‍, സാമൂഹിക ജീവിതത്തിന്റെ വിവിധ വശങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്ന ലിഖിതങ്ങളുടെ സമൃദ്ധി, മതഗ്രന്ഥങ്ങളെ മാത്രം ആശ്രയിക്കുന്നതിനേക്കാള്‍ ഭൂതകാലത്തെക്കുറിച്ച് സമ്പന്നമായ ഒരു ധാരണ നല്‍കുന്നുണ്ടെന്ന് ഥാപ്പര്‍ ചൂണ്ടിക്കാട്ടി.
കൊളോണിയല്‍ ചരിത്രകാരന്മാര്‍ വിശാലമായ സാമൂഹിക, രാഷ്ട്രീയ സംഘര്‍ഷങ്ങളെ മതപരമായ വൈരാഗ്യമായി അവതരിപ്പിച്ച് അമിതമായി ലളിതമാക്കിയിട്ടുണ്ട്. അത്തരം വിവരണങ്ങള്‍ മറ്റ് ഘടകങ്ങളെ അവഗണിച്ച് മതത്തിലൂന്നിയ 'ഏക-കാരണ' വിശദീകരണങ്ങള്‍ സൃഷ്ടിച്ചു. മതപരമായ ഭിന്നതകളില്‍ ഊന്നല്‍ നല്‍കിയ കൊളോണിയല്‍ ചരിത്ര വായനയെ കെട്ടിപ്പടുക്കുന്നതിനുപകരം, ലഭ്യമായ പുതിയ തെളിവുകളെ ആശ്രയിച്ച് ചരിത്രത്തിന്റെ അപകോളനീകരണം നടക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.