ജോർദാൻ രാജകുടുംബത്തിലെ കൊൽക്കത്തയിൽ നിന്നുള്ള രാജകുമാരി; ആരാണ് സർവത് അൽ ഹസൻ?

വിഭജനത്തിന് ആഴ്ചകൾക്ക് മുമ്പ് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള ഇന്ത്യയിലെ കൊൽക്കത്തയിൽ ഒരു സുഹ്‌റവർദി കുടുംബത്തിലാണ് സർവത് ഇക്‌റമുല്ല ജനിച്ചത്

Update: 2025-12-16 11:48 GMT

കൊൽക്കത്ത: 1947ൽ ആരംഭിച്ച ഇന്ത്യ-ജോർദാൻ ബന്ധത്തിന് അരക്കെട്ടുറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലുണ്ട്. 1947ൽ ഒപ്പുവെച്ച ഇന്ത്യ-ജോർദാൻ ഉഭയകക്ഷി കരാർ 1950ൽ ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതോടെ ഔപചാരികമായി പ്രാബല്യത്തിൽ വന്നു. നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെ നേതാക്കളും നിരവധി അവസരങ്ങളിൽ പരസ്പരം സന്ദർശിച്ചിട്ടുണ്ട്. 1963 ഡിസംബറിൽ ഹുസൈൻ രാജാവ് ഇന്ത്യ സന്ദർശിക്കുകയും 1965ൽ ഇന്ത്യൻ വൈസ് പ്രസിഡന്റ് സാക്കിർ ഹുസൈൻ ജോർദാൻ സന്ദർശിക്കുകയും ചെയ്തു. സാകിർ ഹുസൈൻ അക്കാലത്ത് ജോർദാന്റെ നിയന്ത്രണത്തിലായിരുന്ന അൽ അഖ്‌സ പള്ളിയിൽ പ്രാർഥന നടത്തുകയും ചെയ്തിരുന്നു. എന്നാൽ നയതന്ത്രത്തിനപ്പുറം 1947ൽ കൊൽക്കത്തയിൽ സർവത് ഇക്രമുല്ല എന്ന പേരിൽ ജനിച്ച സർവത് അൽ ഹസൻ രാജകുമാരി വഴി ജോർദാന്റെ രാജകുടുംബത്തിന് ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ആകർഷകമായ ബന്ധമുണ്ട്.

Advertising
Advertising

ആരാണ് സർവത് ഇക്‌റമുല്ല?

വിഭജനത്തിന് ആഴ്ചകൾക്ക് മുമ്പ് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള ഇന്ത്യയിലെ കൊൽക്കത്തയിൽ ഒരു സുഹ്‌റവർദി കുടുംബത്തിലാണ് സർവത് ഇക്‌റമുല്ല ജനിച്ചത്. സർവത് ഇക്‌റമുല്ലയുടെ പിതാവ് മുഹമ്മദ് ഇക്‌റമുല്ല ഇന്ത്യൻ സിവിൽ സർവീസിൽ സേവനമനുഷ്ഠിക്കുകയും വിഭജനത്തിന് ശേഷം പാകിസ്താന്റെ ആദ്യ വിദേശകാര്യ സെക്രട്ടറിയാVUകയും ചെയ്തു. പിന്നീട് കാനഡ, ഫ്രാൻസ്, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലെ പാക് അംബാസഡറുമായി സേവനമനുഷ്ഠിച്ചു. സർവത്തിന്റെ മാതാവ് ബീഗം ഷൈസ്ത സുഹ്‌റവർദി പാകിസ്താനിലെ ആദ്യത്തെ വനിതാ പാർലമെന്റേറിയന്മാരിൽ ഒരാളും മൊറോക്കോയിലെ പാക് അംബാസഡറുമായിരുന്നു. ബംഗാളിൽ ജനിച്ച ബീഗം ഷൈസ്തയിലാണ് സർവത്തിന്റെ ബംഗാളി വേരുകളുള്ളത്. പരേതയായ ബംഗ്ലാദേശി ബാരിസ്റ്റർ സൽമ ശോഭൻ, ബ്രിട്ടീഷ്-കനേഡിയൻ ചലച്ചിത്ര നിർമാതാവ് നാസ് ഇക്‌റമുല്ല ഉൾപ്പെടെ സർവത്തിന് മൂന്ന് സഹോദരങ്ങളുണ്ട്.

വിദ്യാഭ്യാസം, വിവാഹം

ബ്രിട്ടനിൽ വിദ്യാഭ്യാസം നേടിയ സർവത് യൂറോപ്പിലും ദക്ഷിണേഷ്യയിലുടനീളമുള്ള പിതാവിന്റെ നയതന്ത്ര പദവികൾക്കിടയിലാണ് വളർന്നത്. ജോർദാനിലെ ഹാഷിമൈറ്റ് രാജവംശത്തിലെ രാജകുമാരൻ ഹസൻ ബിൻ തലാലിനെ ലണ്ടനിൽ വെച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടുന്നത്. 1968 ആഗസ്റ്റ് 28ന് പാകിസ്താനിലെ കറാച്ചിയിൽ വെച്ച് ഇരുവരും വിവാഹിതരായി. പാകിസ്താൻ, ജോർദാൻ, പാശ്ചാത്യ പാരമ്പര്യങ്ങളുടെയും   മിശ്രിതമായിരുന്നു വിവാഹചടങ്ങ്. വിവാഹശേഷം ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ഇരുവരും സ്ഥിരതാമസമാക്കി.

ജോർദാൻ കിരീടാവകാശി 

1968 മുതൽ 1999 വരെ ജോർദാനിലെ കിരീടാവകാശിയായിരുന്നു സർവത് അൽ ഹസൻ. തന്റെ ഭരണകാലത്ത് വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കായി അവർ പ്രവർത്തിച്ചു. 1981ൽ ജോർദാനിലെ ആദ്യത്തെ ദ്വിഭാഷാ ഇന്റർനാഷണൽ ബാക്കലൗറിയേറ്റ് സ്ഥാപനമായ അമ്മാൻ ബാക്കലൗറിയേറ്റ് സ്കൂളിന്റെ സഹസ്ഥാപകയായിരുന്നു അവർ.1974ൽ സെന്റർ ഫോർ സ്പെഷ്യൽ എഡ്യൂക്കേഷനും 1980ൽ പ്രിൻസസ് സർവത് കമ്യുണിറ്റി കോളജും (1980) സ്ഥാപിച്ചു. യുവതികൾക്കും വികലാംഗർക്കും വേണ്ടിയുള്ള തൊഴിൽ പരിശീലനത്തിലാണ് ഈ കോളജ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

അംഗീകാരങ്ങൾ

ജോർദാനിൽ തായ്‌ക്വോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടുന്ന ആദ്യ വനിതയായും സർവത് മാറി. ജോർദാനിയൻ ബാഡ്മിന്റൺ ഫെഡറേഷന്റെ ഓണററി പ്രസിഡന്റായും 1991ലെ ഗൾഫ് യുദ്ധ അപ്പീൽ ഉൾപ്പെടെയുള്ള മാനുഷിക സംരംഭങ്ങൾക്ക് നേതൃത്വം നൽകിയും ജോർദാനിലേക്കും ഇറാഖിലേക്കും 1 മില്യൺ ഡോളറിലധികം മെഡിക്കൽ സാധനങ്ങൾ സ്വരൂപിച്ചും അവർ ലോക ശ്രദ്ധ നേടി. ഇവരുടെ പ്രവർത്തനങ്ങൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1995ൽ വുമൺ ഓഫ് പീസ് അവാർഡ്, 1994ൽ ഗ്രാൻഡ് കോർഡൻ ഓഫ് ദി റിനൈസൻസ്, 2002ൽ പാകിസ്താന്റെ ഹിലാൽ-ഇ-ഇംതിയാസ്, ബാത്ത് സർവകലാശാലയിൽ നിന്നും (2015) ന്യൂ ബ്രൺസ്‌വിക്ക് സർവകലാശാലയിൽ നിന്നും ഓണററി ബിരുദങ്ങൾ എന്നിവ ലഭിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News