വിദ്വേഷവും പ്രകോപനപരവുമായ പോസ്റ്റുകൾ; ഇൻസ്റ്റഗ്രാം പേജ് പൂട്ടിച്ച് പൊലീസ്
വിവിധ മതസമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്ന തരത്തിൽ വിദ്വേഷവും വെറുപ്പും നിറഞ്ഞ പോസ്റ്റുകളാണ് പേജിലുണ്ടായിരുന്നത്
മംഗളുരു: ഗുണ്ടയും ബജ്റംഗ് ദൾ പ്രവർത്തകനുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ വിദ്വേഷവും പ്രകോപനപരവുമായ പോസ്റ്റുകളിട്ട ഇൻസ്റ്റ ഗ്രാം പേജ് പൂട്ടിച്ച് കർണാടക പൊലീസ്. ടീം കർണ സുരത്കൽ എന്ന പേജിനെതിരെയാണ് പൊലീസ് നടപടിയെടുത്തത്. വിവിധ മതസമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്ന തരത്തിൽ വിദ്വേഷവും വെറുപ്പും നിറഞ്ഞ പോസ്റ്റുകളാണ് പേജിൽ വന്നത്.
നിയമവിരുദ്ധമായ പ്രവർത്തികൾ ചെയ്യാൻ ആഹ്വാനവും പ്രോത്സാഹനവും നൽകുന്നതിനൊപ്പം വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുകയുമാണ് പേജിന്റെ ലക്ഷ്യമെന്ന് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. പേജിൽ ഏകദേശം 1650 ഫോളോവേഴ്സ് ഉണ്ടായിരുന്നു. പേജിന്റെ അഡ്മിനെതിരെ സൂറത്ത്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ദക്ഷിണ കന്നഡയിൽ നടന്ന അക്രമസംഭവങ്ങളിൽ സംഘ്പരിവാർ നേതാക്കൾക്കെതിരെ കർണാടക പൊലീസ് കനത്തനടപടി സ്വീകരിച്ചിരുന്നു. പ്രകോപനപരമായ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചവർക്ക് എതിരെയും പൊലീസ് നടപടി ആരംഭിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടിയെ രക്തസാക്ഷിയായി വാഴ്ത്തുന്നതിൽ ബിജെപിയെ കുറ്റപ്പെടുത്തി കോൺഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. കുറ്റവാളികളെ ബിജെപി മഹത്വവത്കരിക്കുകയാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് മഞ്ജുനാഥ് ഭണ്ഡാരി ആരോപിച്ചിരുന്നു.