'ഇന്ത്യയിൽ അവധി ദിനങ്ങൾ കൂടുതൽ, ജോലികളൊന്നും നടക്കുന്നില്ല'; ക്ലീന്‍ററൂംസ് കണ്ടെയ്‍ന്‍മെന്‍റ്സ് കമ്പനി സിഇഒ, വിമര്‍ശനം
രവികുമാറിന്‍റെ വാക്കുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായ ചര്‍ച്ചക്ക് വഴിവച്ചിട്ടുണ്ട്
ഡൽഹി: രാജ്യത്ത് പൊതുഅവധികൾ കൂടുതലാണെന്നും ഇത് ജോലി സ്തംഭിപ്പിക്കുകയും ഇന്ത്യയിലെ ഉൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് ബയോ കണ്ടെയ്‍ന്‍മെന്‍റ് കമ്പനിയായ ക്ലീന്‍ററൂംസ് കണ്ടെയ്‍ന്‍മെന്‍റ്സ് കമ്പനി സ്ഥാപകനും സിഇഒയുമായ രവികുമാർ തുമ്മലചർല. അവധി ദിനങ്ങൾ ഇന്ത്യയിലെ ജോലിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. രവികുമാറിന്‍റെ വാക്കുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായ ചര്‍ച്ചക്ക് വഴിവച്ചിട്ടുണ്ട്.
ഏപ്രിലിലെ പൊതു അവധി ദിവസങ്ങളുടെയും ഐച്ഛിക അവധി ദിവസങ്ങളുടെയും ഒരു പട്ടിക ഉദ്ധരിച്ച് തുമ്മലചർല, ഇടയ്ക്കിടെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ അവധി ഉണ്ടാകുന്നത് ഇന്ത്യൻ പ്രൊഫഷണലുകളുടെ മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമതയെ ബാധിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. "വളരെയധികം അവധി ദിവസങ്ങൾ, ജോലിക്ക് മാറ്റമില്ല! വാരാന്ത്യങ്ങൾക്കൊപ്പം പൊതു അവധികളുടെയും ഓപ്ഷണൽ അവധികളുടെയും അമിതഭാരം പലപ്പോഴും ജോലി സ്തംഭിപ്പിക്കുന്നു.2025 ഏപ്രിലിൽ മാത്രം ഞങ്ങൾക്ക് 10+ അവധി ദിവസങ്ങൾ ഉണ്ടായിരുന്നു, മിക്ക ഓഫീസുകളിലും ആഴ്ചകളായി ഫയലുകളൊന്നും അനങ്ങുന്നില്ല'' അദ്ദേഹം ലിങ്ക്ഡ്ഇനിൽ ഒരു നീണ്ട പോസ്റ്റിൽ എഴുതി.ഈ അവധിക്കാല സംസ്കാരം ഇന്ത്യയുടെ അന്താരാഷ്ട്ര വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള സിഇഒ കൂട്ടിച്ചേർത്തു.
''സാമ്പത്തിക ആക്കം കൂട്ടുന്നതിന് മുൻഗണന നൽകുന്നതിനാൽ ചൈന 60 വർഷം മുന്നിലാണ്.ഇന്ത്യയിൽ, നമ്മൾ പലപ്പോഴും സുഗമമായ സംവിധാനങ്ങളും വേഗതയേറിയ പ്രക്രിയകളും തേടി വിദേശത്തേക്ക് കുടിയേറാറുണ്ട്.നമ്മുടെ അവധിക്കാല സംസ്കാരത്തെക്കുറിച്ച് പുനർവിചിന്തനം നടത്താനും മെച്ചപ്പെട്ട സന്തുലിതാവസ്ഥ കൈവരിക്കാനുമുള്ള സമയമാണിത്. ഇന്ത്യയിൽ ഇടയ്ക്കിടെയുള്ള അവധി ദിനങ്ങൾ പുനഃപരിശോധിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി മോദിയോടും തൊഴിൽ മന്ത്രാലയത്തോടും അഭ്യർഥിക്കുന്നുവെന്നും'' രവികുമാര്‍ പോസ്റ്റിൽ കുറിച്ചു.
നിരവധി പേരാണ് സിഇഒയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇന്ത്യയെയും ചൈനയെയും അവരുടെ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കാതെ താരതമ്യം ചെയ്യുന്നത് അന്യായമാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങൾ കടുത്തപ്പോൾ തന്നെ എതിർക്കുന്നവരോട് തൊഴിൽ ദാതാക്കളെപ്പോലെ ചിന്തിക്കാനായിരുന്നു രവികുമാര്‍ ആവശ്യപ്പെട്ടത്